ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കിയില്ല; പ്രതിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതോടെ ഒമ്പത് വര്‍ഷം നീണ്ട പരാതിക്ക് പരിഹാരം

എറണാകുളം കളമശ്ശേരി സ്വദേശി ടി ജി സദാനന്ദനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ക്കാണ് ഡി ബി ബിനു അധ്യക്ഷനായ കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.ആലുവ,മൂക്കന്നൂര്‍ സ്വദേശി നെല്‍സണ്‍ തോമസ് സമര്‍പ്പിച്ച പരാതിയിലായിരുന്നു കമ്മീഷന്റെ ഈ നടപടി.ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചതോടെ വിധി തുക നല്‍കി പ്രതി പരാതി പരിഹരിച്ചു.

Update: 2021-09-30 05:25 GMT

കൊച്ചി :ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ് പാലിക്കാതിരുന്ന പ്രതിക്കെതിരെ ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചതോടെ വിധി തുക നല്‍കി പ്രതി പരാതി പരിഹരിച്ചു.എറണാകുളം കളമശ്ശേരി സ്വദേശി ടി ജി സദാനന്ദനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ക്കാണ് ഡി ബി.ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. ഉപഭോക്തൃ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കിയില്ല എന്ന് കാണിച്ച് എറണാകുളം ആലുവ , മൂക്കന്നൂര്‍ സ്വദേശി നെല്‍സണ്‍ തോമസ് സമര്‍പ്പിച്ച പരാതിയിലായിരുന്നു കമ്മീഷന്റെ ഈ നടപടി.

തുടര്‍ന്ന് പ്രതി തുക നല്‍കിയതോടെ കമ്മീഷന്‍ വാറന്റ് തിരിച്ചു വിളിച്ചു.2020 ഫെബുവരി 25 ന് കളമശ്ശേരി പോലിസിനോട് പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് പുറപ്പെടുവിച്ച വാറണ്ട് പോലിസ് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.ക്രമസമാധാന ചുമതലകള്‍ ഉള്ളതിനാല്‍ ഉത്തരവ് നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് രേഖപ്പെടുത്തി കളമശ്ശേരി പോലീസാണ് നേരത്തെ വാറണ്ട് കമ്മീഷന് തിരിച്ചയച്ചത്.2012 ആഗസ്റ്റ് 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.പ്രതിയില്‍ നിന്നും വാങ്ങിയബയോഗ്യാസ് പ്ലാന്റ് തകരാറിലാകുകയും അതു മാറ്റി നല്‍കാമെന്ന വാഗ്ദാനം പിന്നീട് ലംഘിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പരാതിക്കാരന്‍ 2013ല്‍ കമ്മീഷനെ സമീപിച്ചത്.

പ്ലാന്റിന്റെ വില 12% പലിശസഹിതം തിരിച്ചു നല്‍കാനാണ് 2015ല്‍ കമ്മീഷന്‍ ഉത്തരവിട്ടത്.ഈ ഉത്തരവ് നടപ്പിലാക്കാത്ത സാഹചര്യത്തിലായിരുന്നു പരാതിക്കാരന്‍ കമ്മീഷനെ വീണ്ടും സമീപിച്ചത്.സെപ്റ്റംബര്‍ 28 ന് പോലീസ് കമ്മീഷ്ണര്‍ മുഖേനെ വാറന്റ് അയച്ചതോടെ യാണ് പ്രശ്‌നം പരിഹരിക്കാന്‍ പ്രതി അഭിഭാഷകന്‍ മുഖേന കമ്മീഷനെ സമീപിച്ചത്.2020ല്‍ നിലവില്‍ വന്ന ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം വിധി നടപ്പിലാക്കാന്‍വിപുലമായ അധികാരങ്ങളാണ് ഉപഭോക്തൃ കോടതിക്ക് നല്‍കിയിട്ടുള്ളത്.ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 71 വകുപ്പ് പ്രകാരം വിധി നടപ്പിലാക്കാത്ത പ്രതിയുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ജപ്തി ചെയ്ത് സിവില്‍ കോടതിയെ പ്പോലെ തുക ഈടാക്കാന്‍ കമ്മീഷന് അധികാരമുണ്ട്.കൂടാതെ വകുപ്പ് 72 പ്രകാരം ക്രിമിനല്‍ നടപടി നിയമപ്രകാരവും കോടതിക്ക് നടപടി സ്വീകരിക്കാം.കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ ഒരു മാസം മുതല്‍ മൂന്നു വര്‍ഷം വരെ തടവും 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴയും രണ്ടും കൂടിയോ ശിക്ഷിക്കാന്‍ കോടതിക്ക് അധികാരമുണ്ട്.

Tags:    

Similar News