മയക്കുമരുന്ന് കേസ്: അന്വേഷണത്തിനായി എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം
റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പതിനഞ്ച് അംഗ അന്വേഷണ സംഘം രൂപീകരിച്ചു. റൂറല്‍ ജില്ലയിലെ തിരഞ്ഞെടുത്ത പോലിസ് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. പെരുമ്പാവുരില്‍ 45 എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടികൂടിയതുള്‍പ്പടെ സംഘം അന്വേഷിക്കും
കൊച്ചി: എറണാകുളം റൂറല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം മയക്കുമരുന്നു പിടികൂടിയതിന്റെ തുടരന്വേഷണത്തിന് റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പതിനഞ്ച് അംഗ അന്വേഷണ സംഘം രൂപീകരിച്ചു. റൂറല്‍ ജില്ലയിലെ തിരഞ്ഞെടുത്ത പോലിസ് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. പെരുമ്പാവുരില്‍ 45 എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടികൂടിയതുള്‍പ്പടെ സംഘം അന്വേഷിക്കും. മുന്‍ കാലങ്ങളില്‍ മയക്കുമരുന്ന് കേസുകളില്‍ പിടികൂടിയവരുടെ വിവരങ്ങള്‍ ശേഖരിക്കും.
കഴിഞ്ഞ ദിവസം അങ്കമാലിയില്‍ രണ്ടു കാറുകളിലായി കടത്തിയ 105 കിലോഗ്രാം കഞ്ചാവും, ആവോലിയിലെ വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന 35 കിലോഗ്രാം കഞ്ചാവും അടക്കം 140 കിലോ കഞ്ചാവ് എസ് പിയുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. റൂറല്‍ ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയായിരുന്നു. ഇതില്‍ മൂന്ന് പേരെ പിടികൂടി റിമാന്റ് ചെയ്തിരുന്നു. കഞ്ചാവ് കടത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് പോലിസിന് വിവരം ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ റിമാന്റ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലിസ് തയ്യാറെടുക്കുന്നത്.