കിഴക്കമ്പലത്ത് പോലിസിനെ ആക്രമിച്ച് വാഹനങ്ങള്‍ കത്തിച്ച സംഭവം: പ്രതികളെയുമായി പോലിസ് തെളിവെടുപ്പ് നടത്തി

തൊഴിലാളികള്‍ താമസിച്ചിരുന്ന ക്യാംപിലും സംഘര്‍ഷമുണ്ടായ സ്ഥലത്തുമാണ് പ്രതികളെ എത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തിയത്.

Update: 2021-12-30 09:58 GMT

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിനിടയില്‍ കിറ്റക്‌സിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ പോലിസിനെതിരേ ആക്രമണം അഴിച്ചുവിടുകയും പോലിസ് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഇതര സംസ്ഥാന തൊഴിലാളികളില്‍പെട്ട നാല് പ്രതികളെയുമായി പോലിസ് തെളിവെടുപ്പ് നടത്തി.തൊഴിലാളികള്‍ താമസിച്ചിരുന്ന ക്യാംപിലും സംഘര്‍ഷമുണ്ടായ സ്ഥലത്തുമാണ് തൊഴിലാളികളെ എത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തിയത്. ക്യാംപിലെ 10,11,12 ക്വാര്‍ട്ടേഴസുകളിലാണ് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

ഈ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിച്ചിരുന്നവരെ പോലിസ് അറസ്റ്റുചെയ്തിരുന്നു.അക്രമത്തിലേക്ക് നയിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പോലിസ് വിശദമായി അന്വേഷിക്കുന്നുണ്ട്. അക്രമം നടത്തിയതിനു പിന്നില്‍ എന്തെങ്കിലും വിധത്തിലുള്ള ഗൂഡാലോചനയുണ്ടായിട്ടുണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.ഇക്കാര്യത്തിലെല്ലാം വ്യക്തത വരുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു തെളിവെടുപ്പ് നടത്തിയത്.സംഭവത്തില്‍ ഇതുരവരെ 174 ഇതര സംസ്ഥാന തൊഴിലാളികളെയാണ് പോലിസ് അറസ്റ്റു ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ രണ്ടു കേസുകളാണ് പോലിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പോലിസ് ഇന്‍പെക്ടറെ അടക്കം വധിക്കാന്‍ ശ്രമിച്ചതിനും പോലിസ് വാഹനം തീയിട്ട് നശിപ്പിച്ച കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.വധശ്രമം,പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് കേസില്‍ ചുമത്തിയിരിക്കുന്നത്.

ഒരു രാത്രി മുഴുവന്‍ കിഴക്കമ്പലത്തെ മുള്‍മുനയില്‍ നിര്‍ത്തിയായിരുന്നു ഇതര സംസ്ഥാന തൊഴിലാളികള്‍ അഴിഞ്ഞാട്ടം നടത്തിയത്. ക്രിസ്തുമസ് കരോള്‍ നടത്തുന്നതിനെച്ചൊല്ലി കിറ്റക്‌സിന്റെ ലേബര്‍ ക്യംപില്‍ തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കമായി. മദ്യലഹരിയില്‍ വാക്കേറ്റം തമ്മില്‍ത്തല്ലില്‍ എത്തി. കയ്യാങ്കളി റോഡിലേക്ക് നീണ്ടതോടെയാണ് നാട്ടുകാര്‍ പോലിസിനെ അറിയിച്ചത്. പോലിസെത്തിയിതോടെ തൊഴിലാളികള്‍ അവര്‍ക്കെതിരെ തിരിഞ്ഞു.

കുന്നത്തുനാട് ഇന്‍സ്‌പെക്ടര്‍ അടക്കമുളളവരെ കല്ലെറിഞ്ഞും മറ്റും ആക്രമിച്ചു. ഒരു പോലീസ് വാഹനം കത്തിച്ച അക്രമികള്‍ നാല് വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് റൂറല്‍ എസ്പി അടക്കമുളളവര്‍ സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. തൊഴിലാളികളുടെ താമസസ്ഥലത്തടക്കം പരിശോധന നടത്തിയാണ് പോലിസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കുന്നത്ത്‌നാട് എസ്എച്ച്ഒ അടക്കം ഒമ്പതു പോലിസ് ഉദ്യോഗസ്ഥര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്.ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Tags:    

Similar News