കൊച്ചിയിലെ ശബ്ദമലിനീകരണം നിയന്ത്രിക്കാന്‍ നിശ്ശബ്ദമേഖലകള്‍ നടപ്പാക്കണം : ഐ എം എ കൊച്ചി

ശബ്ദമലിനീകരണത്തെപ്പറ്റി അവബോധം സൃഷ്ടിക്കുവാന്‍ എറണാകുളം എം ജി റോഡില്‍ ഹോണടിക്കുന്നത് നിരോധിക്കണം

Update: 2021-12-13 09:56 GMT

കൊച്ചി : ശബ്ദമലിനീകരണത്തില്‍ കൊച്ചിയിലെ റോഡുകള്‍ മുന്നിലാണെന്നും അത് നിയന്ത്രിക്കുവാന്‍ നിയമപരമായി നിലവിലുള്ള സൈലന്റ് സോണുകള്‍ നിര്‍ബന്ധമായും നടപ്പിലാക്കുവാന്‍ അധികൃതര്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ കൊച്ചി ശാഖ പ്രസിഡന്റ് ഡോ. മരിയ വര്‍ഗീസ്. ഹോണ്‍ രഹിത കൊച്ചിക്കായി ഐഎംഎ കൊച്ചി, ഇഎന്‍ടി ഡോക്ടര്‍മാരുടെ സംഘടനയായ അസ്സോസിയേഷന്‍ ഓഫ് ഓട്ടോറൈനോലാരിഞ്ചോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യ (എഒഐ) കൊച്ചി ശാഖ, നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ട് (എന്‍ഐഎസ്എസ്), സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാക്കത്തോണ്‍ ഫ് ളാഗ്  ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ. മരിയ.

2000 മുതല്‍ നിലവിലുള്ള നിയമമനുസരിച്ച് ആശുപത്രികള്‍, ആരാധനാലയങ്ങള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ചുറ്റും ആയിരം മീറ്റര്‍ ചുറ്റളവില്‍ ഹോണ്‍ അടിയോ മറ്റ് ശബ്ദമുണ്ടാക്കലോ അനുവദനീയമല്ലെന്ന് ആര്‍ടിഒ അനന്തകൃഷ്ണന്‍ പറഞ്ഞു.

മുന്‍ വര്‍ഷങ്ങളില്‍ ഐഎംഎ നടത്തിയ പഠനങ്ങളില്‍ കൊച്ചി നഗരപരിധിയ്ക്കകത്ത് പലയിടത്തും ശബ്ദനിലവാരം നിയന്ത്രിത പരിധിക്കും വളരെ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ ബസ് െ്രെഡവര്‍മാരില്‍ 45 ശതമാനം പേര്‍ക്കും, ട്രാഫിക് പോലിസില്‍ 41 ശതമാനം പേര്‍ക്കും കേള്‍വിത്തകരാറുകള്‍ ബാധിച്ചതായി കണ്ടെത്തി. റോഡുകളിലെ അമിതശബ്ദത്തിന്റെ പ്രധാന കാരണം ഹോണുകളുടെ അമിത ഉപയോഗമാണെന്ന് നിസ്സ് (നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ട്) ചെയര്‍മാന്‍ ഡോ. വി ഡി പ്രദീപ് കുമാര്‍ ചൂണ്ടിക്കാട്ടി.

ശബ്ദമലിനീകരണത്തെപ്പറ്റി അവബോധം സൃഷ്ടിക്കുവാന്‍ എറണാകുളം എം ജി റോഡില്‍ ഹോണടിക്കുന്നത് നിരോധിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. എം ജി റോഡ് മുഴുവനായും നിശ്ശബ്ദ മേഖലയായി പ്രഖ്യാപിക്കപ്പെടാന്‍ ആവശ്യമായ സ്ഥാപനങ്ങള്‍ നിലവിലുണ്ടെന്ന് ഐഎംഎ കണ്ടെത്തിയിരുന്നു. ശബ്ദമലിനീകരണം കുറക്കുന്നതിനായി എഒഐ (അസ്സോസിയേഷന്‍ ഓഫ് ഓട്ടോറൈനോലാരിഞ്ചോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യ) കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് പ്രസിഡന്റ് ഡോ. ഗീത നായര്‍ പറഞ്ഞു.

കൊച്ചി ഐഎംഎ ഹൗസില്‍ നിന്നും ആരംഭിച്ച വാക്കത്തോണ്‍ ജെഎന്‍എല്‍ സ്‌റ്റേഡിയം മെട്രോസ്‌റ്റേഷന്‍ ജംഗ്ഷനില്‍ സമാപിച്ചു. പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെ തയ്യാറാക്കിയ ലഘുലേഖയുടെ വിതരണോദ്ഘാടനം എഒഐ കൊച്ചി ശാഖ സെക്രട്ടറി ഡോ.ജോര്‍ജ് തുകലന്‍, ആര്‍ടിഒ അനന്തകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഐഎംഎ കൊച്ചി മുന്‍ പ്രസിഡന്റുമാരായ ഡോ.വര്‍ഗീസ് ചെറിയാന്‍, ഡോ.ടി വി രവി, ഡോ. എം നാരായണന്‍ പ്രസംഗിച്ചു.

Tags:    

Similar News