പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട ; കൊറിയര്‍ വഴി പാഴ്‌സലായെത്തിയ 31 കിലോ കഞ്ചാവ് പിടികൂടി; രണ്ടു പേര്‍ അറസ്റ്റില്‍
കോതമംഗലം തെങ്ങളം കാരോട്ടു പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് മുനീര്‍ (27), മാറമ്പിള്ളി എംഇഎസ് കോളജ് റോഡില്‍ പത്തനായത്ത് വീട്ടില്‍ അര്‍ഷാദ് (35) എന്നിവരാണ് പോലിസ് പിടിയിലായത്.പാഴ്‌സല്‍ വാങ്ങാനെത്തിയപ്പോള്‍ കാത്തുനിന്ന പോലിസ് സംഘം ഇവരെ വളഞ്ഞ് പിടികൂടുകയായിരുന്നു
കൊച്ചി: പെരുമ്പാവൂര്‍ കുന്നുവഴിയില്‍ വന്‍ കഞ്ചാവ് വേട്ട. കൊറിയറില്‍ പാഴ്‌സലായെത്തിയ 31 കിലോ കഞ്ചാവ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടി.രണ്ടു പേര്‍ അറസ്റ്റില്‍. കോതമംഗലം തെങ്ങളം കാരോട്ടു പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് മുനീര്‍ (27), മാറമ്പിള്ളി എംഇഎസ് കോളജ് റോഡില്‍ പത്തനായത്ത് വീട്ടില്‍ അര്‍ഷാദ് (35) എന്നിവരാണ് പോലിസ് പിടിയിലായത്.
പാഴ്‌സല്‍ വാങ്ങാനെത്തിയപ്പോള്‍ കാത്തുനിന്ന പോലിസ് സംഘം ഇവരെ വളഞ്ഞ് പിടികൂടുകയായിരുന്നു. ആന്ധ്രപ്രദേശില്‍ നിന്നുമാണ് പാഴ്‌സല്‍ എത്തിയിട്ടുളളത്. 3 വലിയ പാഴ്‌സലുകളിലായാണ് കഞ്ചാവ് എത്തിയത്. ഓരോ പാഴ്‌സലിനകത്തും ചെറിയ കവറുകളിലായാണ് കഞ്ചാവ് പാക്ക് ചെയ്തിരിക്കുന്നത്. എസ്പി കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സക്കറിയാ മാത്യു, ഡിസ്ട്രിക്റ്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍, പെരുമ്പാവൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രാജും സംഘവും എന്നിവര്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്.ഇവര്‍ക്ക് ഇതിനു മുമ്പും ഇതുപോല കൊറിയര്‍ വന്നിട്ടുണ്ടോയെന്നും പാഴ്‌സല്‍ അയച്ചതിനെക്കുറിച്ചും സമഗ്രമായി അന്വേഷിക്കുമെന്ന് എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും എസ് പി പറഞ്ഞു.നേരത്തേ അങ്കമാലിയില്‍ നിന്ന് 105 കിലോഗ്രാമും ആവോലിയിലെ വാടക വീട്ടില്‍ നിന്നും 35 കിലോഗ്രാമും കഞ്ചാവും റൂറല്‍ പോലിസ് പിടികൂടിയിരുന്നു. ഈ കഞ്ചാവും ആന്ധ്രയില്‍ നിന്നും കൊണ്ടുവന്നതാണ്. അതിന്റെ അന്വേഷണം നടന്നുവരികയാണ്.