തിരുട്ടുഗ്രാമത്തിലെ ബാഷാ ഗ്യാം സംഘാംഗമായ പിടികിട്ടാപ്പുള്ളിയായ മോഷ്ടാവ് പെരുമ്പാവൂരില്‍ അറസ്റ്റില്‍
തമിഴ്‌നാട് സൗത്ത് പനവടലി അമ്മന്‍ കോവില്‍ തങ്കമുത്തു (49) ആണ് അറസ്റ്റിലായത്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്
കൊച്ചി: പെരുമ്പാവൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന തിരുട്ടുഗ്രാമത്തിലെ ബാഷാ ഗ്യാം എന്നറിയപ്പെടുന്ന സംഘത്തിലെ പിടികിട്ടാപ്പുള്ളിയായ മോഷ്ടാവ് അറസ്റ്റില്‍.തമിഴ്‌നാട് സൗത്ത് പനവടലി അമ്മന്‍ കോവില്‍ തങ്കമുത്തു (49) ആണ് അറസ്റ്റിലായത്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാള്‍ക്കെതിരെ തമിഴ്‌നാട്, കര്‍ണ്ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ പോലിസ് സ്‌റ്റേഷനുകളിലായി നിരവധി മോഷണ കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു.
പാലക്കാട് കസബ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. തിരുട്ടുഗ്രാമത്തിലെ ബാഷാ ഗ്യാം എന്നറിയപ്പെടുന്ന സംഘത്തിലെ അംഗമാണെന്നും പോലിസ് പറഞ്ഞു. ഇയാളുടെ സഹോദരനെ കഴിഞ്ഞ മാര്‍ച്ചില്‍ മോഷണക്കേസില്‍ തൃപ്പൂണിത്തുറ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി തങ്കമുത്തുവിനെ പെരുമ്പാവൂര്‍ പോലിസ് കസബ പോലിസിനു കൈമാറി. എഎസ്പി അനൂജ് പലിവാല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ സി രഞ്ജിത്ത്, ജോസി എം ജോണ്‍സന്‍, റിന്‍സ് എം തോമസ്, സിപിഒ മാരായ സുബൈര്‍, അബ്ദുള്‍ മനാഫ്, ഷമീര്‍ എന്നിവരാണ് പ്രതിയെ പിടികൂടാന്‍ നേതൃത്വം നല്‍കിയത്.