ബംഗളുരുവില്‍ നിന്നും ലഹരി മരുന്നുകള്‍ കേരളത്തിലെത്തിച്ച് വില്‍പ്പന; രണ്ടംഗ സംഘം പിടിയില്‍
ഒളിവില്‍ കഴിയുകയായിരുന്ന വാഴക്കാല സ്വദേശികളായ അജ്മല്‍ (23), സവിന്‍ പാപ്പാളി (25) എന്നിവരെയാണ് ചെങ്ങമനാട് പോലിസ് അറസ്റ്റ് ചെയ്തത്
കൊച്ചി: ബംഗളുരുവില്‍ നിന്നും ലഹരി മരുന്നുകള്‍ കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഒളിവില്‍ കഴിയുകയായിരുന്ന വാഴക്കാല സ്വദേശികളായ അജ്മല്‍ (23), സവിന്‍ പാപ്പാളി (25) എന്നിവരെയാണ് ചെങ്ങമനാട് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറില്‍ ബംഗളുരുവില്‍ നിന്ന് കടത്തുകയായിരുന്ന അമ്പത് ഗ്രാം എംഡിഎംഎ അങ്കമാലിയില്‍ വച്ച് പോലിസ് പിടികൂടിയിരുന്നു.
മയക്കുമരുന്ന് കൊണ്ടു വന്ന പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടി സ്വദേശി സുധീറിനെ സംഭവ സ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തിരുന്നു. സുധീറിന്റെ മയക്കുമരുന്ന് കച്ചവടത്തിലെ കൂട്ടാളികളാണ് പിടിയിലായ യുവാക്കളെന്ന് പോലിസ് പറഞ്ഞു. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലാകുന്നത്.
കൊച്ചി കേന്ദ്രീകരിച്ചാണ് ഇവരുടെ വില്‍പ്പന. അജ്മലാണ് സംഘത്തിലെ പ്രധാനി. ബംഗളുരുവില്‍ നിന്നും ടൂറിസ്റ്റ് വാഹനങ്ങളിലും മറ്റുമായാണ് ഇവര്‍ സിന്തറ്റിക്ക് ലഹരിവസ്തുക്കള്‍ കടത്തുന്നതെന്നും പോലിസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ എസ് എം പ്രദീപ് കുമാര്‍, എസ്‌ഐമാരായ വി കെ പ്രദീപ് കുമാര്‍, പി ബി ഷാജി, എഎസ്‌ഐ എ ബി സിനുമോന്‍ സിപി ഒ മാരായ ലിന്‍സന്‍ പൗലോസ്, ഷിബു അയ്യപ്പന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.