വെള്ളപ്പൊക്കം: അപകടാവസ്ഥ നേരിടാന്‍ എറണാകുളം റൂറല്‍ പോലിസിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം

ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും, സംശയനിവാരണത്തിനുമയി പോലിസ് സ്‌റ്റേഷനുകളിലേക്ക് 24 മണിക്കൂറും ബന്ധപ്പെടാം. 34 സ്‌റ്റേഷനുകളിലും കണ്‍ട്രോള്‍ റൂം സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് എറണാകുളം റൂറല്‍ എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു

Update: 2021-10-18 12:53 GMT

കൊച്ചി: വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് അപകടാവസ്ഥ ഉണ്ടായാല്‍ നേരിടുന്നതിന് എറണാകുളം റൂറല്‍ ജില്ലയില്‍ എസ് പിയുടെ നേതൃത്വത്തില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം രൂപീകരിച്ചു. ഇവരെ പല ഭാഗങ്ങളിലേക്കും വിന്യസിക്കും.കൂടുതല്‍ പോലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായും ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു.

സ്‌റ്റേഷനുകളിലും, പോലിസ് ആസ്ഥാനത്തും ഉദ്യോഗസ്ഥര്‍ ക്യാംപ് ചെയ്യുകയാണ്. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും, സംശയനിവാരണത്തിനുമയി പോലിസ് സ്‌റ്റേഷനുകളിലേക്ക് 24 മണിക്കൂറും ബന്ധപ്പെടാം. 34 സ്‌റ്റേഷനുകളിലും കണ്‍ട്രോള്‍ റൂം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവരെ ജില്ലാ പോലിസ് ആസ്ഥാനത്ത് നിന്ന് നിയന്ത്രിക്കും. പൊതുജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നടത്തുന്നുണ്ട്. വെള്ളം കയറുന്ന സാഹചര്യം ഉണ്ടായാല്‍ ക്യാംപുകള്‍ തുറക്കാനുള്ള സ്ഥലങ്ങള്‍ കണ്ടെത്തി. ഇതിന് പോലിസ് സുരക്ഷയൊരുക്കും.

മുന്‍ വര്‍ഷത്തെ സാഹചര്യങ്ങള്‍ പരിശോധിച്ചാണ് ക്യാംപുകള്‍ തയ്യാറാക്കുന്നത്. കൊവിഡ് ബാധിതര്‍ക്ക് പ്രത്യേക ക്യാംപ് സൗകര്യം ഉണ്ടാകും. താഴ്ന്ന പ്രദേശത്തുള്ളവര്‍ ക്യാംപുകളിലേക്കോ, ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ മാറണം. ഇതിന് പോലിസ് സഹായം തേടാം. മരുന്നുകളും അവശ്യം വേണ്ടുന്ന വസ്തുക്കളും കയ്യില്‍ കരുതണം. ഗതാഗത തടസമുണ്ടായാല്‍ അത് പെട്ടെന്ന് പരിഹരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. എമര്‍ജന്‍സി ലൈറ്റ്, പമ്പ് സെറ്റ്, ടോര്‍ച്ച്, ലൈഫ് ജാക്കറ്റ്, അസ്‌ക്കാ ലൈറ്റ്, വടം, ജനറേറ്ററുകള്‍ തുടങ്ങിയവ ഒരുക്കി. ആവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ ചെറുവള്ളങ്ങള്‍, ബോട്ട്, ടോറസ്, തുടങ്ങിയവയും തയ്യാറാക്കി നിര്‍ത്തി.

ദുരന്ത നിവാരണത്തിനായി എന്‍.ഡി.ആര്‍.എഫ് സേനയെ ആലുവയില്‍ വിന്യസിച്ചിട്ടുണ്ടെന്ന് എസ് പി കാര്‍ത്തിക് പറഞ്ഞു.വെളളം കാണുന്നതിന് പുഴയുടേയും, കൈവഴിയുടേയും തീരത്ത് പോയി ആരും നില്‍ക്കരുത്. വെള്ളത്തില്‍ ഇറങ്ങുകയും ചെയ്യരുത്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുത്. ഡാമുകളിലേയും, പുഴകളിലേയും ജലനിരപ്പിനെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ജില്ലാ പോലിസ് മേധാവിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴി നല്‍കുന്നുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും എസ്പി കാര്‍ത്തിക് പറഞ്ഞു.

Tags:    

Similar News