ഇഎസ്എ വില്ലേജ് നിര്‍ണ്ണയം: അന്തിമ വിജ്ഞാപനം നീട്ടിവെയ്ക്കണമെന്ന് കെസിബിസി ;കേന്ദ്രത്തിന് കത്തെഴുതി കര്‍ദ്ദനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

ഈ മാസം 21ന് മെത്രാന്‍മാരടങ്ങുന്ന പ്രതിനിധി സംഘം ഡല്‍ഹിയില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ഇഎസ്എ വില്ലേജുകള്‍ നിര്‍ണ്ണയിച്ചതിന്റെ അപാകതകള്‍ ചൂണ്ടികാണിക്കുകയും ചെയ്തിരുന്നു

Update: 2021-12-30 12:45 GMT

കൊച്ചി: ഗാഡ്ഗില്‍ - കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇഎസ്എ വില്ലേജുകള്‍ നിര്‍ണ്ണയിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് കെസിബിസി. ഇക്കാര്യം ചൂണ്ടിക്കാട്ടി കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചു. ഈ മാസം 21ന് മെത്രാന്‍മാരടങ്ങുന്ന പ്രതിനിധി സംഘം ഡല്‍ഹിയില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ഇഎസ്എ വില്ലേജുകള്‍ നിര്‍ണ്ണയിച്ചതിന്റെ അപാകതകള്‍ ചൂണ്ടികാണിക്കുകയും ചെയ്തിരുന്നു.

കേരളം തയ്യാറാക്കിയിരിക്കുന്ന ഇഎസ്എ വില്ലേജുകളുടെ ജിയോ കോര്‍ഡിനേറ്റ്‌സ് കൃത്യമല്ലെന്ന വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇഎസ്എ യില്‍ നിന്ന് ഒഴിവാക്കണമെന്ന് കര്‍ഷകര്‍ ആദ്യം മുതല്‍ ആവശ്യമുന്നയിച്ചിരുന്നതാണ്. എന്നാല്‍ കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടി നോടൊപ്പമുള്ള അനുബന്ധ മാപ്പുകള്‍ തെറ്റുകളും അപൂര്‍ണ്ണതകളും ഉള്ളതും ഭാവിയില്‍ കര്‍ഷകര്‍ക്ക് ദോഷകരമായിത്തീരുന്നതുമാണെന്ന് വ്യക്തമായിരുന്നു.

അപാകതകള്‍ പരിഹരിച്ച് പുതിയ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ കേരളത്തിന് സമയം ആവശ്യമായിരിക്കുന്ന സാഹചര്യത്തിലാണ് കെസിബിസി പ്രസിഡന്റ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചതെന്ന് കെബിസിബി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി വ്യക്തമാക്കി.കെസിബിസി യുടെ പ്രതിനിധി സംഘം കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കാണുകയും സുതാര്യവും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിച്ചുകൊണ്ടുമുള്ള റിപ്പോര്‍ട്ടായിരിക്കണം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കുന്നത് എന്നത് ഉറപ്പുവരുത്തണമെന്ന് അഭ്യര്‍ഥിച്ചിരുന്നുവെന്നും ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി പറഞ്ഞു.

Tags:    

Similar News