മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കുന്നതില്‍ വീഴ്ച; മൂന്നു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

ജില്ലാ ഫയര്‍ ഓഫീസര്‍ വി കെ ഋതീജിനെ വിയ്യൂര്‍ ഫയര്‍ ഫോഴ്‌സ് അക്കാദമിയിലേക്കാണ് സ്ഥലം മാറ്റിയത്. മലപ്പുറം ജില്ലാ ഫയര്‍ ഓഫിസറായ ടി അനൂപിന് പകരം ചുമതല നല്‍കി.

Update: 2022-02-19 02:24 GMT

പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ ബാബു എന്ന യുവാവ് കുടുങ്ങിയ സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിയുമായി ഫയര്‍ ആന്റ് റസ്‌ക്യു വിഭാഗം. ജില്ലാ ഫയര്‍ ഓഫിസര്‍ ഉള്‍പ്പടെ മൂന്ന് പേരെ സ്ഥലം മാറ്റി.

ജില്ലാ ഫയര്‍ ഓഫീസര്‍ വി കെ ഋതീജിനെ വിയ്യൂര്‍ ഫയര്‍ ഫോഴ്‌സ് അക്കാദമിയിലേക്കാണ് സ്ഥലം മാറ്റിയത്. മലപ്പുറം ജില്ലാ ഫയര്‍ ഓഫിസറായ ടി അനൂപിന് പകരം ചുമതല നല്‍കി.

മലപ്പുറത്ത് വിയ്യൂര്‍ അക്കാദമിയില്‍ നിന്നുള്ള എസ് എല്‍ ദിലീപിനെ ജില്ലാ ഫയര്‍ ഓഫിസറായി നിയമിച്ചു. കഞ്ചിക്കോട്, പാലക്കാട് സ്‌റ്റേഷന്‍ ഓഫിസര്‍മാരെ പരസ്പരം സ്ഥലം മാറ്റി. പാലക്കാട് സ്‌റ്റേഷന്‍ ഓഫിസറായിരുന്ന ആര്‍ ഹിദേഷിനെ കഞ്ചിക്കോടേക്കും കഞ്ചിക്കോട് സ്‌റ്റേഷന്‍ ഓഫിസറായിരുന്ന ജോമി ജേക്കബിനെ പാലക്കാടേക്കും സ്ഥലം മാറ്റി.

മലയില്‍ കുടുങ്ങിയ ബാബുവിന് വെള്ളമെങ്കിലും കൊടുക്കാനാവാത്തത്തില്‍ ജില്ലാ ഫയര്‍ഫോഴ്‌സിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ജില്ലാ ഫയര്‍ ഓഫിസറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. മറുപടി ലഭിച്ച ശേഷമാണ് വകുപ്പുതല നടപടി.

Tags:    

Similar News