കര്‍ദിനാളിനെതിരെ വ്യാജ രേഖ : അന്വേഷണം ശക്തമാക്കി പോലിസ്; വൈദിക സമിതി സെക്രട്ടറിയെ ചോദ്യം ചെയ്തു
വ്യാജരേഖയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ എന്തെങ്കിലും അറിയാമോയെന്നായിരുന്നു പ്രധാനമായും ഫാ.കുര്യാക്കോസ്് മുണ്ടാടനോട് അന്വേഷണം സംഘം ചോദിച്ചതെന്നാണ് വിവരം.വ്യാജ രേഖയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കൂടുതല്‍ വൈദികരെ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ദിനാള്‍ വിരുദ്ധ പക്ഷം നാളെ അതിരൂപതയിലെ വൈദികരോട് ബിഷപ് ഹൗസില്‍ എത്താന്‍ നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്
കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചുവെന്ന കേസില്‍ അന്വേഷണം ശക്തമാക്കി പോലിസ്. എറണാകുളം-അങ്കമാലി അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ.കൂര്യാക്കോസ് മുണ്ടാടനെ അന്വേഷണ സംഘം ചോദ്യം ചെയ്തു.വ്യാജരേഖയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ എന്തെങ്കിലും അറിയാമോയെന്നായിരുന്നു പ്രധാനമായും ഫാ.കുര്യാക്കോസ് മുണ്ടാടനോട് അന്വേഷണം സംഘം ചോദിച്ചതെന്നാണ് വിവരം.വ്യാജ രേഖയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കൂടുതല്‍ വൈദികരെ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ദിനാള്‍ വിരുദ്ധ പക്ഷം നാളെ അതിരൂപതയിലെ വൈദികരോട് ബിഷപ് ഹൗസില്‍ എത്താന്‍ നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കാന്‍ ഇവര്‍ തയാറായിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ആലോചന നടക്കുന്നതേയുള്ളുവെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്.
കര്‍ദിനാളിനെതിരെ വ്യജ രേഖ ചമച്ചു വെന്ന കേസില്‍ ഫാ.പോള്‍ തേലക്കാട്ടില്‍, ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്,ആദിത്യ,ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവരാണ് യഥാക്രമം ഒന്നു മുതല്‍ നാലുവരെയുളള പ്രതികള്‍.ഇതില്‍ മൂന്നാം പ്രതി ആദിത്യയാണ് വ്യാജ രേഖ ചമച്ചതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത് ഇത്തരത്തില്‍ ചമച്ച വ്യാജ രേഖ ആദിത്യ ഇ മെയില്‍ വഴി ഫാ.പോള്‍ തേലക്കാട്ടിലിനും ഫാ.ടോണി കല്ലൂക്കരനും അയച്ചു കൊടുത്തുവെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. കേസില്‍ ആദിത്യയെ നേരത്തെ പോലിസ് ്അറസ്റ്റു ചെയ്തിരുന്നു.പിന്നീട് കോടതി ഇയാള്‍ക്ക് ജാമ്യം നല്‍കിയിരുന്നു.ഫാ.പോള്‍ തേലക്കാട്ടിലും ഫാ.ടോണി കല്ലൂക്കാരനും കോടതിയില്‍ നിന്നും മുന്‍ കൂര്‍ ജാമ്യം നേടിയിരുന്നു. തുടര്‍ന്ന് ഇവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മാര്‍ ജേക്കബ് മനത്തോടത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു.തനിക്ക് ലഭിച്ച രേഖയുടെ നിജ നിസ്ഥിതി അറിയുന്നതിനായി മാര്‍ ജേക്കബ് മനത്തോടത്തിന് കൈമാറുകയായിരുന്നുവെന്നും തനിക്ക് ഇതുമായി ബന്ധമില്ലെന്നുമാണ് ഫാ.പോള്‍ തേലക്കാട്ടില്‍ പറഞ്ഞത്. ലഭിച്ച രേഖയുടെ സത്യാവസ്ഥ അറിയുന്നതിനായി കര്‍ദിനാളിന് രേഖ കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ വിശദീകരണം.സിനഡില്‍ രേഖ അവതരിപ്പിച്ച കര്‍ദിനാള്‍ തനിക്ക് ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പോലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ആദിത്യയെ അറസറ്റു ചെയ്യുകയുമായിരുന്നു. ആദിത്യയുടെ സുഹൃത്തായ വിഷ്ണു റോയിയെയും കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റു ചെയ്തിരുന്നു.