ഫ്രാന്‍സിലേക്ക് കടക്കുന്നതിന് യുവാവിന് വ്യാജ രേഖകള്‍ തയാറാക്കി നല്‍കിയ കേസ്: ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം കഠിനംകുളം അര്‍ത്തിയില്‍ പുരയിടത്തില്‍ മുത്തപ്പന്‍ (35) നെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തൃശൂര്‍ ചുവന്ന മണ്ണ് സ്വദേശി റിജോ എന്നയാള്‍ക്കാണ് വ്യാജ രേഖകള്‍ തയ്യാറാക്കി നല്‍കിയത്
കൊച്ചി: ഫ്രാന്‍സിലേക്ക് കടക്കുന്നതിന് യുവാവിന് വ്യാജ രേഖകള്‍ തയാറാക്കി നല്‍കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം കഠിനംകുളം അര്‍ത്തിയില്‍ പുരയിടത്തില്‍ മുത്തപ്പന്‍ (35) നെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തൃശൂര്‍ ചുവന്ന മണ്ണ് സ്വദേശി റിജോ എന്നയാള്‍ക്കാണ് വ്യാജ രേഖകള്‍ തയ്യാറാക്കി നല്‍കിയത്.
ഫ്രാന്‍സില്‍ നടക്കുന്ന ബിസിനസ്സ് മീറ്റില്‍ പങ്കെടുന്നതിനാണെന്നു പറഞ്ഞാണ് റിജോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇയാള്‍ ഹാജരാക്കിയ യാത്രാരേഖകള്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ അധികൃതര്‍ പോലിസിന് കൈമാറുകയായിരുന്നു. പോലിസിന്റെ പരിശോധനയില്‍ കമ്പനിയുടെ പ്രതിനിധിയെന്ന പേരില്‍ ഹാജരാക്കിയ ഔദ്യോഗിക ലെറ്ററും മറ്റും വ്യാജമാണെന്ന് തെളിഞ്ഞു.
നാലര ലക്ഷം രൂപയ്ക്ക് രേഖകള്‍ ഇയാള്‍ക്ക് കൈമാറിയത് മുത്തപ്പനാണ്. മുത്തപ്പന് രേഖകള്‍ നിര്‍മ്മിച്ച് നല്‍കിയത് ചെന്നൈ സ്വദേശിയാണെന്നാണ് പോലിസിനോട് പറഞ്ഞിട്ടുള്ളത്. നെടുമ്പാശ്ശേരി ഇന്‍സ്‌പെക്ടര്‍ പി എം ബൈജു, സബ് ഇന്‍സ്‌പെക്ടര്‍ അനീഷ് കെ ദാസ്, എ എസ് ഐ പ്രമോദ്, എസ്‌സിപിഒ മാരായ അജിത് കുമാര്‍, സജിമോന്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്. അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും, കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും എസ്പി കെ കാര്‍ത്തിക് പറഞ്ഞു.