വ്യാജ സ്‌ക്രീന്‍ഷോട്ട്: പിന്നില്‍ സൈബര്‍ സഖാക്കള്‍; നിയമനടപടി സ്വീകരിക്കുമെന്ന് വി ഡി സതീശന്‍ എംഎല്‍എ
തന്റെ ജീവിതത്തില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യവാക്കുകളാണ് എഴുതിവച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് എന്നെ അപമാനിക്കാന്‍ ഇത്തരം വാക്കുകള്‍ എന്റെ പേരില്‍ എഴുതേണ്ടിവരുന്നു എന്നതുതന്നെ എന്തൊരപമാനമാണെന്ന് സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
തിരുവനന്തപുരം: ഫെയ്‌സ്ബുക്കില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സ്‌ക്രീന്‍ഷോട്ടിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് വി ഡി സതീശന്‍ എംഎല്‍എ. ഇത് സൈബര്‍ സഖാക്കളുടെ പ്രവൃത്തിയാണ്. ഞാന്‍ കമന്റ് ചെയ്തുവെന്ന രീതിയില്‍ കേട്ടാലറയ്ക്കുന്ന അസഭ്യം എഴുതിക്കൊണ്ട് ഒരു സ്‌ക്രീന്‍ ഷോട്ടാണ് അവസാനത്തേത്. തന്റെ ജീവിതത്തില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യവാക്കുകളാണ് എഴുതിവച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് എന്നെ അപമാനിക്കാന്‍ ഇത്തരം വാക്കുകള്‍ എന്റെ പേരില്‍ എഴുതേണ്ടിവരുന്നു എന്നതുതന്നെ എന്തൊരപമാനമാണെന്ന് സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ആശയങ്ങള്‍ ഇല്ലാതെയാവുമ്പോഴാണ് അക്രമത്തിലേക്ക് തിരിയുക. ഇത് സൈബര്‍ മേഖലയിലെ അക്രമമാണ്. നിങ്ങളുടെയൊക്കെ മുതിര്‍ന്ന നേതാക്കളുമായി വരെ മാധ്യമങ്ങളുടെ മുന്നില്‍ താന്‍ ഡിബേറ്റ് ചെയ്തിട്ടുണ്ട്. എനിക്ക് മര്യാദവിട്ട് ഒരു വാക്കു പറയേണ്ടിവന്നിട്ടില്ല. അതിനുള്ള ശക്തമായ ആശയവും വസ്തുതകളും വച്ചാണ് ഞാന്‍ സംസാരിക്കാറുള്ളത്. ആ ആശയത്തിന്റെ ദൃഢതയുള്ളതുകൊണ്ട് തന്നെയാണ് ഇന്നുവരെ നിങ്ങള്‍ എത്ര വലകള്‍ വിരിച്ചിട്ടും അതില്‍ കുരുങ്ങാന്‍ എന്നെ കിട്ടാത്തത്. അപ്പോള്‍ നിങ്ങള്‍ ശീലിച്ച ആ എതിര്‍പ്പാര്‍ട്ടിയില്‍പെട്ട രാഷ്ട്രീയപ്രവര്‍ത്തകരെ അപമാനിക്കാന്‍ കഥകള്‍ മെനയുന്ന രാഷ്ട്രീയം തുടരുക. നിങ്ങളെക്കുറിച്ച് എനിക്ക് സഹതാപമുണ്ട്.
പക്ഷെ, ഇതൊരു സൈബര്‍ കുറ്റകൃത്യമായതുകൊണ്ട് അതിനുള്ള നിയമനടപടികള്‍ സ്വീകരിക്കും. കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും കേന്ദ്രബിന്ദുവാക്കി 20 വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യന്‍ അന്തിക്കാട് തന്നെ ഇവരുടെ തനിസ്വഭാവം വരച്ചുകാട്ടിയിരുന്നു. ഐഎന്‍എസ്പിയില്‍ ജനസമ്മതിയുള്ള നല്ല ചില ചെറുപ്പക്കാരുണ്ട്. അവരെ ഏതെങ്കിലും പെണ്ണുകേസില്‍പെടുത്തി നാറ്റിക്കണം. സന്ദേശമെന്ന സിനിമയിലെ ഡയലോഗാണ്. ഇന്നത്തെ സൈബര്‍ സഖാക്കള്‍ അത് വ്യാജ സ്‌ക്രീന്‍ ഷോട്ടുണ്ടാക്കി നാറ്റിക്കുക എന്നതുംകൂടി ചേര്‍ത്തിരിക്കുകയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.