ഫസല്‍.. സ്മരണകളിരമ്പുന്ന രക്തസാക്ഷിത്വത്തിന് ഒന്നര പതിറ്റാണ്ട്..

സിപിഎം തലശ്ശേരി ഗോപല്‍ പേട്ട ബ്രാഞ്ച് അംഗവും പാര്‍ട്ടി നിയന്ത്രണത്തിലുള്ള അച്യുതന്‍ സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഫസല്‍. പിന്നീട്എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള രാഷ്ട്രീയവിരോധമാണ് കൊലയ്ക്ക് കാരണമായത്. ഫസലിന്റെ ക്രൂരമായ കൊലപാതകം സിപിഎമ്മിന്റെ പാര്‍ട്ടി തീരുമാനപ്രകാരമാണെന്ന് മുഖ്യപ്രതി കൊടി സുനി പ്രത്യേക അന്വേഷണസംഘം നടത്തിയ ചോദ്യംചെയ്യലില്‍ മൊഴി നല്‍കിയിട്ടുണ്ട്.

Update: 2020-05-22 11:06 GMT

പി സി അബ്ദുല്ല

വിശ്വാസത്തിനും പ്രത്യയശാസ്ത്രത്തിനും വേണ്ടി മാര്‍ക്‌സിസ്റ്റ് രക്തദാഹികള്‍ക്ക് ചുടുരക്തമൂറ്റി നല്‍കി അമരത്വത്തിലേക്കു മറഞ്ഞ ഫസലിന്റെ ജ്വലിക്കുന്ന സ്മരണകള്‍ക്ക് ഒന്നര പതിറ്റാണ്ട്. ഹിജ്‌റ 1427ലെ റമദാനിന്റെ അവസാന ദിനം പുലര്‍ച്ചെയാണ് തലശ്ശേരി ലിബര്‍ട്ടി റോഡില്‍ സിപിഎം കൊലയാളി സംഘം ഫസലിനെ കൊലപ്പെടുത്തിയത്. രക്തസാക്ഷിത്വത്തിന്റെ ധീരവും വിശുദ്ധവും അതീതവുമായ എല്ലാ നിര്‍വചനങ്ങളും അന്വര്‍ഥമാക്കുന്നതായിരുന്നു മുഹമ്മദ് ഫസലിന്റെ അന്ത്യം. 'നഷ്ടപ്പെട്ടുപോയ പ്രകാശത്തിന്റെ കൈത്തിരി തിരികെ കൊളുത്തുമ്പോള്‍ ജീവിതം നഷ്ടപ്പെടുന്നവന്‍തന്നെയാണ് ഒന്നാമത്തെ രക്തസാക്ഷി' എന്നാണ് ആപ്തവാക്യം.

ഫസല്‍ എന്ന ജീവിതത്തിന്റെയും ജീവത്യാഗത്തിന്റെയും അനിഷേധ്യമായ അടിക്കുറിപ്പാണത്. അപരന്റെ ചുടുചോരയാലും മനുഷ്യത്വവിരുദ്ധതകളാലും കാലഹരണപ്പെട്ട പാര്‍ട്ടി പരിസരം ഉപേക്ഷിച്ചവനായിരുന്നു ഫസല്‍. ജീവിതവിശുദ്ധിയുടേയും സാമൂഹിക ബദലിന്റെയും പുതിയപാത സ്വീകരിച്ചതിന്റെ പകയിലാണ് മാര്‍ക്‌സിസ്റ്റ് ക്രൂരത അതിന്റെ കുരുതിക്കല്ലില്‍ ആ ജീവിതമെടുത്തത്. മാര്‍ക്‌സിസ്റ്റ് ഭീഷണികളെ അവഗണിച്ചായിരുന്നു നര്‍മയുടെ പാതയിലുള്ള ഫസലിന്റെ പ്രയാണം. പക്ഷേ, അത്തരം ഭീഷണികളെ ഭയപ്പെടുന്നതിനു പകരം രക്തസാക്ഷിത്വത്തിലേക്കുള്ള സാധ്യതകളായാണ് ഫസല്‍ ഭീഷണികളെ സമീപിച്ചതെന്നത് ആ ജീവത്യാഗത്തെ ചരിത്രത്തിലേക്കു കൂടുതല്‍ മഹത്വപ്പെടുത്തുന്നു.

2006 ഒക്ടോബര്‍ 22 നാണ് തലശ്ശേരിയില്‍ മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത്. റമദാന്‍ അവസാന നോമ്പ് ദിനം പുലര്‍ച്ചെ 2.45 നാണു 'തേജസ്' പത്രക്കെട്ടുകള്‍ ശേഖരിച്ച് വിതരണക്കാരെ ഏല്‍പ്പിക്കാന്‍ ഫസല്‍ സൈക്കിളില്‍ വീട്ടില്‍നിന്ന് ഇറങ്ങുന്നതെന്നു കൊലയാളി സംഘം മനസ്സിലാക്കിയിരുന്നു. ലിബര്‍ട്ടി ക്വാര്‍ട്ടേഴ്സ് റോഡിലൂടെ ഫസല്‍ സൈക്കിളില്‍ നീങ്ങുമ്പോള്‍ സൈക്കിള്‍ തടഞ്ഞ കൊലയാളികള്‍ കഠാരകൊണ്ട് കഴുത്തില്‍ കുത്തി. കൊലയാളികള്‍ ഫസലിനെ വലിച്ചുതാഴെയിട്ടു. റോഡിലെ വെളിച്ചമില്ലാത്ത ഭാഗത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി കൊടുവാള്‍ കൊണ്ടു വെട്ടിക്കൊല്ലുകയായിരുന്നു.

സിപിഎം തലശ്ശേരി ഗോപല്‍ പേട്ട ബ്രാഞ്ച് അംഗവും പാര്‍ട്ടി നിയന്ത്രണത്തിലുള്ള അച്യുതന്‍ സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഫസല്‍. പിന്നീട്എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള രാഷ്ട്രീയവിരോധമാണ് കൊലയ്ക്ക് കാരണമായത്. ഫസലിന്റെ ക്രൂരമായ കൊലപാതകം സിപിഎമ്മിന്റെ പാര്‍ട്ടി തീരുമാനപ്രകാരമാണെന്ന് മുഖ്യപ്രതി കൊടി സുനി പ്രത്യേക അന്വേഷണസംഘം നടത്തിയ ചോദ്യംചെയ്യലില്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഫസല്‍ വധം ആര്‍എസ്എസ്സിന്റെ തലയില്‍ ചാരി പ്രദേശത്ത് വര്‍ഗീയകലാപമുണ്ടാക്കാനായിരുന്നു സിപിഎം ശ്രമം. ഫസലിന്റെ വീട്ടിലെത്തിയ അന്നത്തെ തലശ്ശേരിക്കാരന്‍ കൂടിയായ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ്സാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍, ഡിവൈഎസ്പി രാധാകൃഷ്ണന്‍ കേസ് ഏറ്റെടുത്തതോടെ ഫസലിനെ കൊലപ്പെടുത്തിയ കൊടി സുനിയടക്കമുള്ള സിപിഎം കൊലയാളി സംഘത്തെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചു. അതോടെ രണ്ടാഴ്ചയ്ക്കിടയില്‍ രാധാകൃഷ്ണനെ അന്വേഷണച്ചുമതലയില്‍ നിന്നൊഴിവാക്കി. ഫസല്‍ വധക്കേസിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തിയതിന്റെ പക സിപിഎം ഡിവൈഎസ്പിയോട് തീര്‍ക്കുകയും ചെയ്തു. ഒരു ആരോപണത്തിന്റെ മറവില്‍ സിപിഎമ്മുകാര്‍ ഡിവൈഎസ്പി രാധാകൃഷ്ണനെ ഭീകരമായി മര്‍ദിച്ചു. പിന്നീടു കേസന്വേഷിച്ചത് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാലിയാണ്. ഇദ്ദേഹത്തിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നു കാണിച്ച് ഫസലിന്റെ ഭാര്യ സി എച്ച് മറിയുസിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. 2008 ഏപ്രില്‍ 5ന് സിബിഐ കേസ് ഏറ്റെടുത്തു.

സിബിഐ അന്വേഷണത്തെ സിപിഎം സര്‍ക്കാര്‍സുപ്രിംകോടതിയില്‍ ചോദ്യംചെയ്തു. എന്നാല്‍, സിബിഐ അന്വേഷണത്തെ സുപ്രിംകോടതി ശരിവച്ചു. ഈ കേസില്‍ 2012 ജൂണ്‍12 സിബിഐ എറണാകുളം ചീഫ് മജിസ്ടേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ചൊക്ലി മീത്തലച്ചാലില്‍ എം കെ സുനില്‍കുമാര്‍ എന്ന കൊടി സുനിയാണ് ഒന്നാം പ്രതി.

ഇല്ലത്തുതാഴെ വയലാലം നെടിയകുനിയില്‍ ബിജു എന്ന പാച്ചൂട്ടി, കോടിയേരി മൂഴിക്കര മൊട്ടമ്മേല്‍ ജിതേഷ് എന്ന ജിത്തു, തലശ്ശേരി തിരുവങ്ങാട് നരിക്കോട് കുന്നുമ്മല്‍ വലിയപുരയില്‍ അരുണ്‍ദാസ് എന്ന ചെറിയ അരൂട്ടന്‍, തലശ്ശേരി ഉക്കണ്ടന്‍പീടിക മുണ്ടോത്തുംകണ്ടി എം കെ കലേഷ് എന്ന ബാബു, തിരുവങ്ങാട് കുട്ടിമാക്കൂല്‍ അരുണ്‍ നിവാസില്‍ അരുണ്‍കുമാര്‍ എന്ന അരൂട്ടന്‍ തുടങ്ങിയവരാണ് മറ്റു പ്രതികള്‍.

കേസില്‍ ഏഴും എട്ടും പ്രതികളായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍ തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരേ എറണാകുളം സിജെഎം കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇരുവരും അറസ്റ്റിലായി. കാരായിമാരെ കേസില്‍നിന്നു രക്ഷിക്കാന്‍ സിപിഎം ലക്ഷങ്ങളെറിഞ്ഞെങ്കിലും വിജയിച്ചില്ല.

പലതും ഫലിക്കാതെ വന്നപ്പോള്‍ കേസിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷാജി (കുട്ടപ്പന്‍)യെസിപിഎം നേതൃത്വം സമീപിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.സിപിഎം പ്രവര്‍ത്തകനായിരിക്കെയുള്ള പരിചയവും ബന്ധവും ദുരുപയോഗിച്ചാണ് ഷാജിയെ പാര്‍ട്ടി നേതാക്കള്‍ സമീപിച്ചത്. പാര്‍ട്ടിയുടെ ആവശ്യം നിരസിച്ച ഷാജി പിന്നീട് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടു. ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വന്നതോടെ ഫസല്‍ വധക്കേസില്‍ പുതിയ അട്ടിമറി നീക്കങ്ങള്‍ ആരംഭിച്ചു.

സിപിഎം നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും കേസില്‍ പങ്കില്ലെന്നും താനുള്‍പ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വധത്തിന് പിന്നിലെന്നും ആര്‍എസ്എസ് പ്രവര്‍ത്തകന്‍മാഹിചെമ്പ്ര സ്വദേശി സുബീഷാണ് പോലിസിന് മൊഴി നല്‍കിയത്. സിപിഎം പ്രാദേശിക നേതാവ് പടുവിലായി മോഹനന്‍ വധക്കേസില്‍ ചോദ്യംചെയ്യവെയാണ് സുബീഷ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നായിരുന്നു പോലിസിന്റെ അവകാശവാദം.

എന്നാല്‍, 11-06-2017 ന് കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുബീഷ് തന്റെ മൊഴി നിഷേധിച്ചു. പോലിസ് തന്നെ ക്രൂരമായി മര്‍ദിച്ച് ഭീഷണിപ്പെടുത്തിയാണ് വീഡിയോയില്‍ കാണുംവിധം പറയിച്ചതെന്ന് സുബീഷ് പറഞ്ഞു. ഫസല്‍ കേസ് വിചാരണ നീട്ടിക്കൊണ്ടുപോവാനുള്ള തന്ത്രങ്ങളാണ് സിപിഎം ഇപ്പോള്‍ പയറ്റുന്നത്. കഴിഞ്ഞവര്‍ഷം ഹൈക്കോടതി തന്നെ അത് സൂചിപ്പിച്ചു.

ഫസല്‍ വധക്കേസിന്റെ വിചാരണ എത്രയുംവേഗം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി കഴിഞ്ഞവര്‍ഷം നിര്‍ദേശം ലഭിച്ചിരുന്നു. കേസില്‍ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. കേസില്‍നിന്ന് കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് ഇരുപ്രതികളും സമര്‍പ്പിച്ച ഹരജിയില്‍ കേസിന്റെ രേഖകള്‍ ഹൈക്കോടതി നേരത്തെ വിളിച്ചുവരുത്തിയിരുന്നു. ഇത് എത്രയുംവേഗം വിചാരണക്കോടതിയില്‍ തിരിച്ചു നല്‍കാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. വിചാരണ വൈകുന്നതിന് കാരണം പ്രതികള്‍ തന്നെയാണന്നും കോടതി നിരീക്ഷിച്ചു. 

Tags:    

Similar News