ഫസ്റ്റ് ബെല്‍: പൊതുപഠനകേന്ദ്രങ്ങളൊരുക്കാന്‍ 100 ടിവി സെറ്റുകള്‍ കൈമാറി
ജില്ലയിലെ വ്യവസായികള്‍, സഹകരണസംഘങ്ങള്‍, ചെറുകിട വ്യവസായ അസോസിയേഷന്‍, ചേംബര്‍ സംഘടനകള്‍ വിവിധ അസോസിയേഷനുകള്‍ തുടങ്ങിയവര്‍ സംഭാവന ചെയ്തതാണ് ടിവി സെറ്റുകള്‍.
കോഴിക്കോട്: വ്യവസായ വാണിജ്യവകുപ്പിന്റെ ടിവി ചാലഞ്ചിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ വ്യവസായകേന്ദ്രം മുഖേന ലഭിച്ച 100 ടിവി സെറ്റുകള്‍ തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ പി എ നജീബില്‍നിന്ന് ഏറ്റുവാങ്ങി. വീടുകളില്‍ ടിവി, കംപ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍ മുതലായ സൗകര്യങ്ങളില്ലാത്ത ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനസൗകര്യമൊരുക്കാന്‍ വേണ്ടി സജ്ജീകരിക്കുന്ന 360 പൊതുപഠനകേന്ദ്രങ്ങളിലേക്കാണ് ടിവി സെറ്റുകള്‍ കൈമാറിയത്.
ജില്ലയിലെ വ്യവസായികള്‍, സഹകരണസംഘങ്ങള്‍, ചെറുകിട വ്യവസായ അസോസിയേഷന്‍, ചേംബര്‍ സംഘടനകള്‍ വിവിധ അസോസിയേഷനുകള്‍ തുടങ്ങിയവര്‍ സംഭാവന ചെയ്തതാണ് ടിവി സെറ്റുകള്‍. ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി പി മിനി, സമഗ്രശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റര്‍ ഡോ.എ കെ അബ്ദുല്‍ഹക്കിം, ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സുനില്‍ നാഥ്, ജില്ലാ മിനി വ്യവസായ എസ്റ്റേറ്റ് എംഡി പി ശശികുമാര്‍, എം.കെ ബലരാജന്‍, ഐ ഗിരീഷ് എന്നിവര്‍ പങ്കെടുത്തു. തിങ്കളാഴ്ചയോടെ 360 സെന്ററുകളിലും പഠനമാരംഭിക്കുകയാണ് വിദ്യാഭ്യാസവകുപ്പിന്റെ ലക്ഷ്യം.