പ്രളയമുണ്ടായ പ്രദേശങ്ങളില്‍ കെട്ടിട നിര്‍മ്മാണസെസിന് ഇളവ് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

എറണാകുളം സ്വദേശി കെ രഞ്ജിത് കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം കാലതാമസം വരുത്തി സെസ് ഈടാക്കുന്ന പ്രവണത ഒഴിവാക്കണമെന്ന്കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇളവുകള്‍ക്കൊപ്പം കെട്ടിട നിര്‍മ്മാണ സെസ് ഗഡുക്കളായി അടയ്ക്കാനുള്ള സാവകാശം നല്‍കണമെന്നും കമ്മീഷന്‍ ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി

Update: 2019-08-13 11:12 GMT

കൊച്ചി: പ്രളയ ദുരന്തം അനുഭവിക്കുന്ന പ്രദേശങ്ങളിലെ കെട്ടിടം ഉടമകളില്‍ നിന്നും കെട്ടിട നിര്‍മ്മാണ ക്ഷേമനിധി പ്രകാരം ഈടാക്കുന്ന സെസിന് മതിയായ ഇളവുകള്‍ നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. എറണാകുളം ജില്ലയില്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള സെസ് ഒറ്റ തവണയായി അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ് ലഭിക്കുന്നുണ്ടെന്ന് പരാതിപ്പെട്ട് എറണാകുളം സ്വദേശി കെ. രഞ്ജിത് കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം കാലതാമസം വരുത്തി സെസ് ഈടാക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ലേബര്‍ കമ്മീഷണര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.

ഇളവുകള്‍ക്കൊപ്പം കെട്ടിട നിര്‍മ്മാണ സെസ് ഗഡുക്കളായി അടയ്ക്കാനുള്ള സാവകാശം നല്‍കണമെന്നും കമ്മീഷന്‍ ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.വായ്പ എടുത്ത് വീട് നിര്‍മ്മിച്ചവര്‍ക്ക് താങ്ങാനാവാത്ത സെസാണ് ഈടാക്കുന്നതെന്നും പ്രളയദുരിതം അനുഭവിക്കുന്നവരെ പോലും വെറുതെ വിടുന്നില്ലെന്നും പരാതിയില്‍ പറയുന്നു.2017 ജൂലൈ 14 ന് സര്‍ക്കാര്‍ പുറത്തിറക്കിയ 52/17 നമ്പര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സെസ് പിരിക്കുന്നതെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ കമ്മീഷന്് നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. സെസ് നിര്‍ണയിക്കുന്നതിന് ഉടമ ഹാജരാകാത്ത പക്ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുക നിര്‍ണയിക്കും. പരാതിയുള്ളവര്‍ക്ക് ആക്ഷേപം അറിയിക്കാന്‍ സമയം നല്‍കിയിട്ടുണ്ട്. പ്രളയാനന്തര ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ അപേക്ഷ നല്‍കിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News