പ്രളയ പുനരധിവാസ പദ്ധതി സമാപന പ്രഖ്യാപനവും പീപ്പിള്‍സ് വില്ലേജ് ഉദ്ഘാടനവും
വയനാട്: 2018 പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികള്‍ പൂര്‍ത്തിയായി. പദ്ധതിയുടെ സമാപന പ്രഖ്യാപനവും പനമരം പീപ്പിള്‍സ് വില്ലേജ് ഉദ്ഘാടനവും ജൂണ്‍ 13ന് രാവിലെ 11നു നടക്കും. രാഹുല്‍ ഗാന്ധി എംപി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യാതിഥിയായി പങ്കെടുക്കും. സര്‍ക്കാര്‍ സഹായത്തിന് അര്‍ഹരാണെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അത്തരം പദ്ധതികളുടെ ഗുണഭോക്താക്കളാവുന്നതില്‍ പ്രയാസം നേരിട്ടവരുമായവര്‍ക്കാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ പദ്ധതികളില്‍ മുന്‍ഗണന നല്‍കിയത്. വിവിധ ഏജന്‍സികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയും 25 കോടി രൂപ ചെലവ് വരുന്ന പദ്ധതികളാണ് ഫൗണ്ടേഷന്‍ നടപ്പാക്കിയത്.
പദ്ധതി സമാപന പ്രഖ്യാപന ചടങ്ങില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീര്‍ സയ്യിദ് സആദത്തുല്ല ഹുസയ്‌നി, സെക്രട്ടറി ജനറല്‍ ടി ആരിഫലി, കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ്, എംഎല്‍എമാരായ ഐ സി ബാലകൃഷ്ണന്‍, സി കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം കെ മുഹമ്മദലി, ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീര്‍ പി മുജീബ് റഹ്മാന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി, പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ്, പനമരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം കെ മുഹമ്മദലി, സാദിഖ് ഉളിയില്‍, കളത്തില്‍ ഫാറൂഖ്, ടി പി യൂനുസ്, സി കെ സമീര്‍, നവാസ് പൈങ്ങോട്ടായി, ഖാലിദ് പനമരം പങ്കെടുത്തു.