പ്രളയം: വരാനിരിക്കുന്നത് സര്‍വനാശം

കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ സാമ്പത്തിക താല്‍പ്പര്യങ്ങളില്‍ വലിയൊരു പങ്ക് പാറമടകളും അനധികൃത നിര്‍മാണങ്ങളുമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ സാഹചര്യത്തില്‍ അവരെ സംരക്ഷിക്കുന്നതിനായി ഈ റിപോര്‍ട്ട് ഇവിടെ നടപ്പാവരുതെന്നായിരുന്നു. ഗാഡ്ഗിലിനു ശേഷം കസ്തൂരി രംഗന്‍ വന്നു. പരിസ്ഥിതിയുമായി ഒരു ബന്ധവുമില്ലാത്ത റിപോര്‍ട്ടാണ്. യഥാര്‍ഥത്തില്‍ മുകളില്‍നിന്ന് അടിച്ചേല്‍പ്പിക്കുന്നതാണ് അത്. 2015-16ല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ പ്ലാനുണ്ടാക്കി.

Update: 2019-08-29 16:00 GMT

സി ആര്‍ നിലകണ്ഠന്‍ /ടോമി മാത്യു

2018 ആഗസ്തില്‍ അപ്രതീക്ഷിതമായാണ് കേരളത്തില്‍ മഹാപ്രളയം എത്തിയത്. അതില്‍നിന്നു കരകയറാനുള്ള തീവ്രശ്രമത്തിനിടയില്‍ കൃത്യം ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ വീണ്ടും മറ്റൊരു പ്രളയവും ഉരുള്‍പൊട്ടലും. നിരവധി ജീവനുകളാണ് ഇത്തവണയും ഈ ദുരന്തത്തില്‍ പൊലിഞ്ഞത്. ഇതിന്റെ ഉത്തരവാദിത്തം പ്രകൃതിയുടെ മാത്രം തലയില്‍ കെട്ടിവച്ചു രക്ഷപ്പെടാനാവുമോ?

2018ലെ മഹാ പ്രളയം വന്നപ്പോള്‍ നമ്മുടെ ഭരണകര്‍ത്താക്കളും വലിയൊരു വിഭാഗം ഉദ്യോഗസ്ഥരും മാധ്യമങ്ങളും ജനങ്ങളുമൊക്കെ അതിനെ നൂറ്റാണ്ടിലെ പ്രളയം എന്നാണ് വിളിച്ചത്. എന്നാല്‍, ഇതു നൂറ്റാണ്ടിലെ പ്രളയമല്ല കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും സംഭവിക്കാവുന്നതാണെന്ന് അന്നു തന്നെ ഞാന്‍ പറഞ്ഞിരുന്നു. ഇനി പ്രളയം അടുത്ത നൂറ്റാണ്ടിലെ വരൂ എന്നു പറഞ്ഞ് ആശ്വാസത്തിലായിരുന്നു വലിയൊരു വിഭാഗം. പക്ഷേ, ഇപ്പോള്‍ ഇതാ 2019ലും അതു സംഭവിച്ചിരിക്കുന്നു.

ആദ്യത്തേതില്‍ നിന്ന് എന്തു മാറ്റമാണ് ഇപ്പോള്‍ ഉണ്ടായത്? എന്തു മാറ്റമാണ് കഴിഞ്ഞ വര്‍ഷം സംഭവിച്ച പ്രളയത്തില്‍ നിന്നു നാം പഠിച്ചത്? എന്ന ചോദ്യങ്ങള്‍ പ്രസക്തമാണ്. അടുത്ത നൂറ്റാണ്ടിലേ വീണ്ടും പ്രളയം സംഭവിക്കൂ എന്ന ആശ്വാസത്തിലും അനാസ്ഥയിലും വലിയ പാഠങ്ങള്‍ പഠിക്കാനോ മുന്നൊരുക്കം നടത്താനോ നാം തയ്യാറായില്ല. പ്രളയത്തിനുശേഷം കേരളം പുനര്‍നിര്‍മിക്കുന്നുവെന്നു മുഖ്യമന്ത്രിയില്‍ നിന്നടക്കം കേട്ടു. പക്ഷേ, ഒന്നും കണ്ടില്ല.

കാലാവസ്ഥാ മാറ്റം യാഥാര്‍ഥ്യമാണെന്നതു നമ്മുടെ രാഷ്ട്രീയ കക്ഷികളോ മുന്നണികളോ ഒരിക്കലും അംഗീകരിച്ചിട്ടില്ല. കാലാവസ്ഥാ മാറ്റത്തിന്റെ ഫലങ്ങള്‍ നമ്മള്‍ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ചൂടിലുള്ള വലിയ വ്യത്യാസം, വരള്‍ച്ച, ഓഖി പോലുള്ള ദുരന്തങ്ങള്‍, ഇടയ്ക്കിടെ വരുന്ന ചുഴലിക്കാറ്റുകള്‍ ഇതൊക്കെ കാലാവസ്ഥാ മാറ്റത്തിന്റെ സൂചനകളാണ്. അത് ഏതു സമയവും അതിന്റെ മൂര്‍ധന്യാവസ്ഥയിലേക്കു പോവാം.



കാലാവസ്ഥാ മാറ്റം പോലുള്ള വലിയ വിഷയം കേരളത്തെ എങ്ങനെ ബാധിക്കുമെന്നു നാം ആലോചിച്ചിട്ടേയില്ല. കേരളം ഭൂമിയുടെ ഒരു ചെറിയ തുണ്ടാണ്. ഒരുവശത്ത് വളരെ ഉയരത്തിലുള്ള പശ്ചിമഘട്ടവും മറുവശത്ത് സമുദ്രവുമാണ്. അങ്ങേയറ്റത്തെ ജൈവ വൈവിധ്യമുള്ള പ്രദേശമാണ് കേരളത്തിന്റെ മലനാട്, ഇടനാട്, തീര പ്രദേശം. ഈ ജൈവ വൈവിധ്യത്തിന്റെ കാരണം നമ്മുടെ കാലാവസ്ഥയുടെ പ്രത്യേകതകളാണ്. കാലാവസ്ഥാ മാറ്റം സംഭവിച്ചാല്‍ ഇത് എങ്ങനെയൊക്കെ മാറാമെന്നു നാം പഠിക്കേണ്ടിയിരിക്കുന്നു. പശ്ചിമഘട്ടത്തിലാണ് നമുക്ക് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. ഈ പശ്ചിമഘട്ടമാണ് കേരളത്തിലെ പുഴകളെ നിയന്ത്രിക്കുന്നത്, കാപ്പി, തേയില, ഏലം എന്നീ വിളകളുടെ കയറ്റുമതി നിശ്ചയിക്കുന്നത്, ടൂറിസത്തെ നിര്‍ണയിക്കുന്നത്. കൃഷിയെ, ജൈവ വൈവിധ്യത്തെയൊക്കെ നിര്‍ണയിക്കുന്നത് പശ്ചിമഘട്ടമാണ്.

കാലാവസ്ഥാ മാറ്റം പശ്ചിമഘട്ടത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കേരളത്തെ മുഴുവന്‍ ബാധിക്കും. ഈ അര്‍ഥത്തില്‍ പശ്ചിമഘട്ടത്തെ കാണണമെന്നാണ് നേരത്തേ മുതല്‍ തന്നെ പറയുന്നത്.

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ചു മാധവ് ഗാഡ്ഗില്‍ റിപോര്‍ട്ട് കൊടുത്തുവെന്നല്ലാതെ അതില്‍ എന്തെങ്കിലും ഉത്തരവുകള്‍ ഉണ്ടാവുകയോ ചര്‍ച്ചയോ ഒന്നുമുണ്ടായിട്ടില്ല. പശ്ചിമഘട്ടത്തെക്കുറിച്ചു പഠിക്കാന്‍ 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം അനുസരിച്ചു കേന്ദ്ര വനം മന്ത്രാലയം നിയമിച്ച കമ്മീഷനാണ് മാധവ് ഗാഡ്ഗില്‍. ആ കമ്മീഷനില്‍ മാധവ് ഗാഡ്ഗില്ലിനെ കൂടാതെ നിരവധി വിദഗ്ധരുമുണ്ട്. ആറു സംസ്ഥാനങ്ങളിലായി കിടക്കുന്ന പശ്ചിമഘട്ടത്തിലുണ്ടാവുന്ന മാറ്റം, നാശം ഒക്കെ മാറ്റി എങ്ങനെ പുനസ്ഥാപനം സാധ്യമാക്കണമെന്നതായിരുന്നു ഗാഡ്ഗിലിന്റെ മുന്നിലുണ്ടായിരുന്നത്. അതു കേവലം വനം വളര്‍ത്തല്‍ മാത്രമല്ല, അവിടത്തെ കര്‍ഷകരെ, ജൈവ സമ്പത്തിനെ എല്ലാം സംരക്ഷിക്കുക എന്നതൊക്കെ പ്രധാനപ്പെട്ട വിഷയങ്ങളാണ്. അതുകൊണ്ടാണ് ഗാഡ്ഗില്‍ പറഞ്ഞത്, 'ഈ റിപോര്‍ട്ട് താന്‍ ജനങ്ങള്‍ക്കു സമര്‍പ്പിക്കുന്നു'വെന്ന്. ഇതു തര്‍ജമ ചെയ്തു ഗ്രാമസഭകളിലും മറ്റും ചര്‍ച്ച ചെയ്യണമെന്നും പറഞ്ഞിരുന്നു. പാരിസ്ഥിതിക ദൗര്‍ബല്യമനുസരിച്ചു പ്രദേശങ്ങളെ പല മേഖലകളായി തിരിച്ചിട്ടുണ്ട്. ഇത് എങ്ങനെ ബാധിക്കുമെന്ന് അവിടത്തെ ഗ്രാമസഭകളിലുള്ളവര്‍ക്കാണ് കൂടുതല്‍ അറിയുക. അവരുടെ അഭിപ്രായം കൂടി പരിഗണിച്ചാവണം ഇതിന്റെ അന്തിമ രൂപം നല്‍കേണ്ടതെന്നും ചൂണ്ടിക്കാണിച്ചു.

ഗാഡ്ഗില്‍ റിപോര്‍ട്ടിനെതിരേ എന്തുകൊണ്ടാണ് വ്യാപകമായ എതിര്‍പ്പും പ്രതിഷേധവുമുണ്ടായത്?

പശ്ചിമഘട്ടം അതീവ ദുര്‍ബലമായതിനാല്‍ അവിടെയുള്ള ഓരോ ഇടപെടലിനും വളരെ ശ്രദ്ധവേണം. പാരിസ്ഥിതിക ദുര്‍ബലത ഏറ്റവും കൂടുതലുള്ള സോണ്‍ ഒന്നില്‍ ക്വാറികള്‍ പാടില്ല. വലിയ കെട്ടിടങ്ങള്‍ പാടില്ല. റെഡ് കാറ്റഗറി വ്യവസായങ്ങള്‍ പാടില്ല, മലിനീകരണം പാടില്ല. ഖനനം, കെട്ടിടം റോഡ് എന്നിവ അടക്കമുള്ളവയുടെ കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ആവശ്യമാണ് എന്ന് ഗാഡ്ഗില്‍ പറഞ്ഞു. ഇതാണ് അദ്ദേഹത്തിനെതിരേ ജനങ്ങളെ വലിയ തോതില്‍ ഇളക്കിവിട്ടത്. ഗാഡ്ഗില്‍ റിപോര്‍ട്ട് ഭരണഘടനാപരമായി മൂല്യമുള്ള റിപോര്‍ട്ടാണ്. ഈ റിപോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്നാണ് പറഞ്ഞത്. പക്ഷേ, അതൊന്നുമുണ്ടായില്ല. 2011ല്‍ റിപോര്‍ട്ട് വന്നെങ്കിലും പുറത്തേക്കു ലഭിക്കാന്‍ തന്നെ ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. റിപോര്‍ട്ട് വന്നയുടനെ തന്നെ നിയമസഭ ഐകകണ്‌ഠ്യേന ഇത് ഇവിടെ പാടില്ലെന്നു പ്രമേയം പാസാക്കി. 140 നിയമസഭാംഗങ്ങളില്‍ ഒരാള്‍ പോലും ആ റിപോര്‍ട്ട് വായിച്ചിട്ടില്ല. വായിച്ചിരുന്നെങ്കില്‍ ഇതാവുമായിരുന്നില്ല സ്ഥിതി.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ സാമ്പത്തിക താല്‍പ്പര്യങ്ങളില്‍ വലിയൊരു പങ്ക് പാറമടകളും അനധികൃത നിര്‍മാണങ്ങളുമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ സാഹചര്യത്തില്‍ അവരെ സംരക്ഷിക്കുന്നതിനായി ഈ റിപോര്‍ട്ട് ഇവിടെ നടപ്പാവരുതെന്നായിരുന്നു. ഗാഡ്ഗിലിനു ശേഷം കസ്തൂരി രംഗന്‍ വന്നു. പരിസ്ഥിതിയുമായി ഒരു ബന്ധവുമില്ലാത്ത റിപോര്‍ട്ടാണ്. യഥാര്‍ഥത്തില്‍ മുകളില്‍നിന്ന് അടിച്ചേല്‍പ്പിക്കുന്നതാണ് അത്. 2015-16ല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ പ്ലാനുണ്ടാക്കി. അതില്‍ കേരളത്തിലെ പ്രത്യേകിച്ച് പശ്ചിമഘട്ടത്തിലെ ഭൂവിനിയോഗം എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ചു പ്ലാന്‍ ഉണ്ടാക്കണമെന്നും പറഞ്ഞിരുന്നു, ഇത്തരം കാര്യങ്ങള്‍ വളരെ ഗൗരവത്തില്‍ കാണണമെന്നും പറഞ്ഞിരുന്നു.

പ്രകൃതി സംരക്ഷണത്തിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുമെന്നു താങ്കളെപ്പോലുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നോ?



ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പറഞ്ഞത് കേരളത്തിന്റെ പാരിസ്ഥിതിക ധവള പത്രം ആറു മാസത്തിനകം ഇറക്കുമെന്നായിരുന്നു. എന്നാല്‍, രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ എന്തോ ഒന്ന് തട്ടിക്കൂട്ടി ഇറക്കി. കേരളത്തില്‍ 2008ല്‍ പാസാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമമുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള ഡാറ്റാ ബാങ്ക് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ക്വാറികളുടെ കാര്യത്തില്‍ ജനവാസ മേഖലയില്‍നിന്നു നൂറു മീറ്റര്‍ ദുരം എന്നത് ഈ സര്‍ക്കാര്‍ 50 മീറ്ററാക്കി ചുരുക്കി. ഇതിന്റെയൊക്കെ ദുരന്തഫലം നാം കാണണം. കേരളത്തിലെക്കാള്‍ മഴ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഈ വര്‍ഷം ഉണ്ടായി. കര്‍ണാടകയില്‍ വലിയ ഖനികളുണ്ട്. എന്നിട്ടും കേരളത്തിലുണ്ടായതിനെക്കാള്‍ വളരെ കുറച്ച് അത്യാഹിതങ്ങളെ അവിടെ സംഭവിച്ചുള്ളൂ. അവിടെ അകലം 400 മീറ്ററാണ്. 2018ല്‍ കേരളത്തിലെ മഹാ പ്രളയത്തിനു ശേഷം സര്‍ക്കാര്‍ ചെയ്തതു വനത്തില്‍നിന്നു ക്വാറികള്‍ക്ക് 50 മീറ്റര്‍ ദുരം പോലും വേണ്ട അതിര്‍ത്തിയില്‍ ചെയ്യാമെന്നാണ്. വനാതിര്‍ത്തിയില്‍ പാറമട തുടങ്ങിയാല്‍ വനത്തിനുള്ളില്‍ വിള്ളല്‍ ഉണ്ടാവും വലിയതോതില്‍ മഴ പെയ്യുന്ന വനത്തില്‍ വിള്ളലുകളിലേക്ക് വെളളമിറങ്ങി താഴേക്കു മറിയും. പാറ ഖനനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയന്ത്രണമേര്‍പ്പെടുത്തുന്നതില്‍ രാഷ്ട്രീയ കക്ഷികള്‍ക്കു യാതൊരു താല്‍പ്പര്യവുമില്ല. ഉരുള്‍പൊട്ടിയ പല സ്ഥലത്തും പാറമടയില്ലല്ലോ എന്ന് വാദിക്കുന്നവരുണ്ട്. പക്ഷേ, പാറമടകള്‍, ഖനനങ്ങള്‍, നിര്‍മാണങ്ങള്‍ എന്നിവ നമ്മുടെ പരിസ്ഥിതിയുടെ ഘടനയെ വല്ലാതെ തകര്‍ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം.

പ്രകൃതിയെ മറന്നുകൊണ്ടുള്ള വികസനമാണോ നമുക്കു തിരിച്ചടികള്‍ നല്‍കുന്നത്?

2018ലെയും 2019ലെയും പ്രളയങ്ങള്‍ താരതമ്യം ചെയ്താല്‍ 2018ല്‍ കേരളത്തിന്റെ മധ്യ, തെക്ക് ഭാഗത്തും കുറച്ചു വടക്ക് ഭാഗത്തുമാണ് ബാധിച്ചത്. പക്ഷേ, ഇത്തവണ വടക്കന്‍ കേരളത്തിലാണ് ഈ ദുരന്തം മുഴുവനായും വന്നുവീണത്. കഴിഞ്ഞ തവണ പ്രളയമുണ്ടായപ്പോള്‍ കേരളത്തിലെ പുഴകള്‍ അതിന്റെ വഴിക്ക് ഒഴുകി. ഇത് ഒട്ടം അപ്രതീക്ഷിതമായിരുന്നില്ല. പുഴ ഒരു ജൈവ വ്യവസ്ഥയാണ്. കൂടുതല്‍ വെള്ളം വരുമ്പോള്‍ കരയിലേക്കും മറ്റു കൈതോടുകളിലേക്കും തണ്ണീര്‍തടങ്ങളിലേക്കുമൊക്കെ വ്യാപിക്കും. എന്നാല്‍, തണ്ണീര്‍തടങ്ങളും പാടങ്ങളും കൈതോടുകളും കുന്നുകളുമൊക്കെ നികത്തപ്പെടുകയും അവിടെ വീടുകളും കെട്ടിടങ്ങളും ഉയരുകയും റോഡുകളും വിമാനത്താവളങ്ങളുമൊക്കെയായി മാറുകയും ചെയ്തു. പുഴ നിറഞ്ഞൊഴുകിയപ്പോള്‍ ഈ വിമാനത്താവളങ്ങളിലേക്കും വീടുകളിലേക്കും കെട്ടിടങ്ങളിലേക്കുമൊക്കെ വെള്ളം കയറി. ഇതു സംഭവിക്കരുതായിരുന്നുവെങ്കില്‍ പുഴയ്ക്ക് ഒഴുകാനുള്ള വഴി നാം കണ്ടെത്തണമായിരുന്നു.

കാര്‍ഷിക, സാമൂഹിക മേഖലകളിലുണ്ടായ വലിയ തകര്‍ച്ച മറികടക്കാന്‍ അത്ര എളുപ്പമല്ല. 30,000 കോടി നഷ്ടപ്പെട്ടാല്‍ എത്ര വര്‍ഷം കൊണ്ടാണ് തിരിച്ചുപിടിക്കാന്‍ കഴിയുക. അടുത്ത വര്‍ഷവും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് എന്താണ് ഉറപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ പശ്ചിമഘട്ടത്തിന്റെ, വനങ്ങളുടെ, തീര പ്രദേശങ്ങളുടെ, മലനാടിന്റെ, ഇടനാടിന്റെയൊക്കെ സംരക്ഷണം ഉറപ്പാക്കുകയെന്നത് നിലനില്‍പ്പിന്റെ അടിയന്തര ആവശ്യമായി മാറിയിരിക്കുന്നു.

ഗാഡ്ഗില്‍ റിപോര്‍ട്ട് കേരളത്തില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. റിപോര്‍ട്ടില്‍ പരിസ്ഥിതി ദുര്‍ബല മേഖല പട്ടികയില്‍ ഗാഡ്ഗില്‍ ഉള്‍പ്പെടുത്തിയിരുന്ന ചില പ്രദേശങ്ങള്‍ പിന്നീട് വന്ന കസ്തൂരി രംഗന്‍ റിപോര്‍ട്ടില്‍ ഒഴിവാക്കി. ഇതിനു പിന്നില്‍ ഒരു രാഷ്ട്രീയമില്ലേ?

ഗാഡ്ഗില്‍ റിപോര്‍ട്ട് യഥാര്‍ഥത്തില്‍ സമഗ്രമായ ഒരു സമീപനമാണ്. എന്നാല്‍, കസ്തൂരി രംഗന്‍ റിപോര്‍ട്ട് ഒരു നോട്ടിഫിക്കേഷന്‍ മാത്രമാണ്. അതില്‍ ജനങ്ങള്‍ക്ക് ഒരു പങ്കുമില്ല, തീരദേശ സംരക്ഷണത്തിനായി സി.ആര്‍ ഇസഡ് നോട്ടിഫിക്കേഷന്‍ 91ല്‍ വന്നു. അതുപോലൊരു നോട്ടിഫിക്കേഷനു സമാനമായാണ് കസ്തൂരി രംഗന്‍ റിപോര്‍ട്ട് വന്നത്. കസ്തൂരി രംഗന്‍ റിപോര്‍ട്ട് ഒട്ടും തന്നെ ശാസ്ത്രീയമല്ല. കേരളത്തിന്റെ സവിശേഷതകളെ കണക്കിലെടുക്കുന്നില്ല. ഗാഡ്ഗില്‍ പറഞ്ഞതുപോലെ സമഗ്രവുമല്ല. മേഖലയോ വില്ലേജുകളോ ഒന്നും തിരിച്ചല്ല ഗാഡ്ഗില്‍ പറഞ്ഞത്. മറിച്ച് പാരിസ്ഥിതിക ദൗര്‍ബല്യം കണ്ടെത്താനാണ് പറഞ്ഞത്. കസ്തൂരി രംഗന്‍ അതല്ല ചെയ്തത്. 123 വില്ലേജുകളെ തീരുമാനിക്കുകയാണ് ചെയ്തത്. അത് എങ്ങനെ തീരുമാനിച്ചു? എന്താണ് അതിന്റെ മാനദണ്ഡം? എന്നൊന്നും ആര്‍ക്കുമറിയില്ല. അശാസ്ത്രീയമായ പാറമടകള്‍ക്കെതിരേ സമരം ചെയ്യുന്ന അതാതിടത്തെ ജനങ്ങള്‍ ആദ്യം ഉദ്ധരിക്കുന്നത് ഗാഡ്ഗില്‍ റിപോര്‍ട്ടാണ്. കസ്തൂരി രംഗന്‍ റിപോര്‍ട്ടില്‍ അത്തരത്തില്‍ ഒന്നും പറയുന്നില്ല. അതുകൊണ്ടുതന്നെ അതു റിപോര്‍ട്ടായി അംഗീകരിക്കാന്‍ കഴിയില്ല. തള്ളിക്കളയേണ്ടതാണത്.

കേരളത്തില്‍ അടിക്കടി പ്രളയവും പ്രകൃതി ദുരന്തങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗാഡ്ഗില്‍ റിപോര്‍ട്ട് ചര്‍ച്ച ചെയ്തു നടപ്പാക്കാന്‍ ഇവിടത്തെ ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാവുമോ?



കേരളത്തിലെ പാരിസ്ഥിതിക ഘടനയെക്കുറിച്ചു കേരളത്തില്‍ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും സംഭവിച്ച പ്രളയത്തെക്കുറിച്ചു ഗാഡ്ഗില്‍ റിപോര്‍ട്ട് അനുസരിച്ചു വ്യാപകമായ ചര്‍ച്ച നടക്കണം. രാഷ്ട്രീയ കക്ഷികള്‍ അവരുടെ മനസ്സ് തുറക്കാന്‍ തയ്യാറാവണം. പരിസ്ഥിതിക്കുണ്ടായ ബുദ്ധിമുട്ടുകളും ദുരന്തത്തിനു കാരണമായിട്ടുണ്ടാവാമെന്നു മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നു. ഇത് 2018ല്‍ പ്രളയമുണ്ടായപ്പോള്‍ അദ്ദേഹം ഓര്‍ത്തിരുന്നെങ്കില്‍ ഇപ്പോഴുണ്ടായ ദുരന്തം കുറച്ചെങ്കിലും ഒഴിവാക്കാമായിരുന്നു.

ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയ്ക്കു ചുറ്റും 27 ക്വാറികള്‍ ഉണ്ടെന്നാണ് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനം പറയുന്നത്. ഈ ക്വാറികള്‍ നിരന്തരം പ്രവര്‍ത്തിക്കാന്‍ ആരാണ് അനുമതി നല്‍കിയത്. ഇതില്‍ എത്ര ക്വാറികള്‍ക്കു ലൈസന്‍സുണ്ട്, ഇത്തരം കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യണം. പാറമട വേണ്ടെന്ന് ആരും പറയുന്നില്ല. എത്ര പാറമടയാവാം, എന്തുമാത്രം പാറ പൊട്ടിക്കാം, ഈ കാണുന്ന കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ പാറ കേരളത്തില്‍ ഉണ്ടോ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയുന്നില്ല. പണത്തിനു വാങ്ങാവുന്നതല്ല പ്രകൃതി വിഭവങ്ങള്‍. ആല്‍പ്‌സ് പര്‍വത നിരകളില്‍ ഒരുവിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്താന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഗവണ്‍മെന്റും ഫ്രാന്‍സ് ഗവണ്‍മെന്റുമൊന്നും സമ്മതിക്കില്ല. കാരണം, അതിന്റെ ഭംഗി സംരക്ഷിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.

കേരളത്തില്‍ ഇപ്പോള്‍ ഉണ്ടാവുന്ന പ്രകൃതി ദുരന്തങ്ങള്‍ക്ക് ആഗോളതാപനം കാരണമാവുന്നുണ്ടോ?

അതും കാരണമാവുന്നുണ്ട്. കാലാവസ്ഥാ മാറ്റം യാഥാര്‍ഥ്യമാണെന്നത് കഴിഞ്ഞ 20 വര്‍ഷത്തിലധികമായി അംഗീകരിച്ചിട്ടുള്ള കാര്യമാണ്. അതിനു പ്രധാന കാരണം അന്തരീക്ഷത്തിലേക്കു വിടുന്ന കാര്‍ബണിന്റെ അളവ് വര്‍ധിക്കുന്നതാണ്. ഭൂമിയുടെ ആവരണത്തിന്റെ കട്ടിയില്‍ മാറ്റം സംഭവിക്കുന്നു. ചൂട് കൂടുമ്പോള്‍ കരയിലും കടലിലും മാറ്റം സംഭവിക്കുന്നു. ഇപ്പോള്‍ ആഗോളതാപനത്തെക്കുറിച്ചു പറയുന്നവര്‍ പണ്ട് ആഗോളതാപനത്തെക്കുറിച്ചു പറഞ്ഞ പരിസ്ഥിതിവാദികളെ ആട്ടിയകറ്റുകയാണ് ചെയ്തത്. ആഗോളതാപനം നമ്മുടെ പ്രശ്‌നമല്ല അമേരിക്കയുടെ പ്രശ്‌നമാണെന്നാണ് അന്ന് ഇവര്‍ പറഞ്ഞത്. ആഗോളതാപനം ഇല്ലാതാക്കാന്‍ കഴിയില്ല. പക്ഷേ, അതിന്റെ പ്രത്യാഘാതങ്ങളെ നേരിടാനുള്ള സംവിധാനമുണ്ടാക്കാന്‍ നമുക്കാവണം. പാറമട ലോബികളെ സംരക്ഷിക്കാനാണ് ഇപ്പോള്‍ ആഗോളതാപനം പറയുന്നവരുടെ ലക്ഷ്യം. പ്രകൃതി ദുരന്തങ്ങളുടെ ഇത്തരവാദിത്തം ആഗോളതാപനത്തിന്റെ തലയില്‍ കെട്ടിവച്ചു രക്ഷപ്പെടാനാണ് ഇവര്‍ ശ്രമിക്കുന്നത്.

നാടിന്റെ വികസനത്തിന് ആധുനിക രീതിയിലുള്ള റോഡുകളും പാലങ്ങളും വാര്‍ത്താവിനിമയ സംവിധാനങ്ങളുമൊക്കെ അനിവാര്യമാണ്. എന്നാല്‍, പരിസ്ഥിതി സംരക്ഷണത്തിന്റെ പേരുപറഞ്ഞ് ഒരുവിഭാഗം എതിരു നില്‍ക്കുന്നുവെന്നാണ് ആരോപണം. ആധുനികതയും പരിസ്ഥിതി സംരക്ഷണവും തമ്മില്‍ എങ്ങനെ യോജിപ്പിക്കും?



 നമ്മുടെ ആധുനികത വളരെ പഴയതാണ്. യഥാര്‍ഥത്തില്‍ ലോകത്തു നിലനില്‍ക്കുന്ന ആധുനികത എന്നു പറയുന്നത് പാരിസ്ഥിതികമായ സന്തുലനം പരിഗണിക്കാത്ത ഒരു നടപടിയും പാടില്ലെന്നാണ്. ഏതു വികസിത രാജ്യവും ശാസ്ത്രജ്ഞരുമൊക്കെ അതാണ് പറയുന്നത്. ഫെഡറിക് ഏംഗല്‍സ് 1885ല്‍ പറഞ്ഞിട്ടുണ്ട് നിങ്ങള്‍ പ്രകൃതിക്കു മേല്‍ നടത്തുന്ന ഓരോ മുന്നേറ്റവും ആദ്യം വിജയമായും പിന്നീട് തിരിച്ചടികളായും നിങ്ങള്‍ക്കുതന്നെ വരുമെന്ന്. പ്രകൃതിയുടെ സഹായമില്ലാതെ നമുക്കു നിലനില്‍ക്കാന്‍ കഴിയില്ല. കുടിവെള്ളം, ശുദ്ധവായു, ഭക്ഷണം ഇവ വികസനത്തില്‍ പെടുമോ അതോ ഇതൊന്നും വേണ്ടാ നമുക്ക് വലിയ വലിയ ആശുപത്രികള്‍ മതി എന്നാണോ? അത്തരത്തിലുള്ള വികസനത്തോടു യോജിക്കാന്‍ കഴിയില്ല.

കഴിഞ്ഞ പ്രളയകാലത്ത് നമ്മുടെ പക്കല്‍ വികസനത്തിന്റെ പുത്തന്‍ രൂപങ്ങളായ മൊബൈല്‍ ഫോണുകള്‍, വലിയ റോഡുകള്‍, വിലകൂടിയ കാറുകള്‍, ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡുകള്‍ എല്ലാം ഉണ്ടായിരുന്നു. എന്നിട്ടും പിച്ചച്ചട്ടിയുമായി പോയി നമ്മള്‍ക്ക് ക്യൂ നില്‍ക്കേണ്ടി വന്നില്ലേ. ഇതിനര്‍ഥം ഒരു പ്രകൃതിക്ഷോഭത്തില്‍ തകരാവുന്നതേയുള്ളൂ നാമിന്ന് കാണുന്ന ഈ വികസനമൊക്കെ എന്നതാണ്. ബാങ്കുണ്ടെങ്കിലേ ക്രഡിറ്റ് കാര്‍ഡ് കൊണ്ട് അര്‍ഥമുള്ളൂ. ബാങ്കില്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് കൊണ്ടെന്താണ് പ്രയോജനം. പ്രകൃതിയില്‍ വസ്തുക്കള്‍ ഉണ്ടെങ്കിലേ പണത്തിനുപോലും മൂല്യമുള്ളൂ. പണം കൊടുത്താല്‍ ഭക്ഷണം കിട്ടാത്തിടത്ത് പണത്തിന് എന്തു മൂല്യമാണുള്ളത്. വാര്‍ത്താ വിനിമയരംഗത്തെ വികസനത്തിന്റെ ഭാഗമായി നാം വലിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, ഇവയെല്ലാം പ്രളയത്തില്‍ ഒലിച്ചുപോവുകയാണ്. അപ്പോള്‍ ഇതുകൊണ്ടെന്താണ് പ്രയോജനം. വികസനം എന്ന വാക്കിനു നിലനില്‍പ്പുമായാണ് ബന്ധം. അത് നമ്മുടെ മാത്രം നിലനില്‍പ്പല്ല. നമ്മള്‍ ആശ്രയിക്കുന്ന പ്രകൃതിയുടെ കൂടി നിലനില്‍പ്പാണ്. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പ്രത്യേകിച്ച് അധികാരമൊന്നുമില്ലല്ലോ, രാഷ്ട്രീയ നേതക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമാണ് അധികാരം. നിലനില്‍പ്പ് വികസനത്തെക്കാള്‍ പ്രധാനമാണെന്നു വിശ്വസിക്കുന്നവരാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. അവര്‍ അതിനായി വാദിച്ചുകൊണ്ടേയിരിക്കും.         

Tags:    

Similar News