വനംവകുപ്പ് പരിധിയിലെ എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കും : അഡ്വ. കെ രാജു
ഇതിനായി കംപ്യൂട്ടര്‍ സംവിധാനങ്ങളുള്ള സാമൂഹ്യ പഠന കേന്ദ്രങ്ങളൊരുക്കും.
തൃശൂര്‍: വനം വകുപ്പ് ഫോറസ്റ്റ് ഡിവിഷന്‍ പരിധിയില്‍ വരുന്ന എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കുമെന്ന് വനംവകുപ്പ് മന്ത്രി അഡ്വ. കെ രാജു വനംവകുപ്പ് ആശ്രിതരായി കഴിയുന്ന എല്ലാ വീടുകളിലെ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസിന്റെ ലഭ്യത ഉറപ്പുവരുത്തും. ഇതിനായി കംപ്യൂട്ടര്‍ സംവിധാനങ്ങളുള്ള സാമൂഹ്യ പഠന കേന്ദ്രങ്ങളൊരുക്കും.
ചാലക്കുടി വനം ഡിവിഷന്‍ മുപ്ലിയം മോഡല്‍ ഫോറസ്റ്റ് സ്‌റ്റേഷന്റേയും വാഴച്ചാല്‍ വനം ഡിവിഷന്‍ മലക്കപ്പാറ ഫോറസ്റ്റ് സ്‌റ്റേഷന്റെയും ബാച്ചിലര്‍ ക്വാര്‍ട്ടേഴ്‌സിന്റെയും ഉദ്ഘാടനം വാസുപുരത്തു നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വനം വകുപ്പിന്റെ സേവനങ്ങള്‍ കൂടുതലായി ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്. അതുപോലെ തന്നെ കാട് സംരക്ഷണം, വന്യജീവി സംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കണം. പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന എല്ലാ പഞ്ചായത്തുകളിലും ജന ജാഗ്രതാ സമിതികള്‍ രൂപീകരിച്ചു കഴിഞ്ഞു.
വന്യ ജീവി സംരക്ഷണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ജാഗ്രതാ സമിതിയില്‍ ചര്‍ച്ച ചെയ്ത് വേണ്ട തീരുമാനങ്ങളെടുക്കാം. വന്യ ജീവി ആക്രമണം തടയുന്നതിനായി വേണ്ട നടപടികള്‍ സ്വീകരിക്കാം. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിടങ്ങ് ഉള്‍പ്പടെയുള്ളവ നിര്‍മ്മിക്കാം. കഴിഞ്ഞ പ്രളയകാലത്തും ഈ കൊവിഡ് കാലത്തും വനം വകുപ്പ് ജനങ്ങള്‍ക്കായി ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്തു വരുന്നു. പ്രാദേശിക ഗവണ്മെന്റുകളുമായി ചേര്‍ന്ന് ജന പങ്കാളിത്തത്തോടെയുള്ള പരിപാടികളാണ് വകുപ്പ് ലക്ഷ്യമിടുന്നത്. പ്രകൃതിയെ സംരക്ഷിക്കുക എന്നാല്‍ വനം സംരക്ഷിക്കുക എന്നതുതന്നെയാണ് അര്‍ഥമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
90 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് മുപ്ലിയം, മലക്കപ്പാറ ഫോറസ്റ്റ് സ്‌റ്റേഷനുകളും, ബാച്ചിലര്‍ ക്വാര്‍ട്ടേഴ്‌സും പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്. ആദിവാസി ഊരുകളിലേക്കുള്ള മാസ്‌ക് വിതരണം മന്ത്രി നിര്‍വഹിച്ചു. വാഴച്ചാല്‍ ആദിവാസി കോളനിയിലെ കുട്ടികള്‍ക്കുള്ള സാമൂഹ്യ പഠന കേന്ദ്രത്തിലേക്ക് അഞ്ചു കംപ്യൂട്ടറുകള്‍ മന്ത്രി കെ രാജു ഏറ്റുവാങ്ങി. വനം വകുപ്പ് ജീവനക്കാര്‍ക്ക് നല്‍കുന്ന ആയുര്‍വേദ കോവിഡ് പ്രതിരോധ മരുന്നിന്റെ വിതരണം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി.രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ദീപക് മിശ്ര ഐ എഫ് എസ്, വനം വന്യ ജീവി വകുപ്പ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ആശ തോമസ് ഐ എ എസ്, വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എസ് വി വിനോദ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ജെ ഡിക്‌സണ്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.