മുന്‍മന്ത്രി പ്രഫ. എന്‍ എം ജോസഫ് അന്തരിച്ചു; സംസ്‌കാരം നാളെ കടപ്പട്ടൂരില്‍
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു.
1987 മുതല്‍ 1991 വരെ വനം വകുപ്പ് മന്ത്രിയായിരുന്നു. ജനതാദള്‍ സംസ്ഥാന പ്രസിഡന്റും സെക്രട്ടറി ജനറലുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എം പി വീരേന്ദ്രകുമാര്‍ മന്ത്രിയായശേഷം 48 മണിക്കൂറിനകം രാജിവെച്ചതിനെത്തുടര്‍ന്നാണ് എന്‍ എം ജോസഫ് മന്ത്രിയാകുന്നത്.
1987ല്‍ പൂഞ്ഞാറില്‍നിന്ന് ജനതാപാര്‍ട്ടി പ്രതിനിധിയായാണ് എന്‍ എം ജോസഫ് നിയമസഭയിലെത്തിയത്. പി സി ജോര്‍ജിനെയാണ് ജോസഫ് പരാജയപ്പെടുത്തിയത്. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, പാലാ മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്, എകെപിസിടിഎ ജനറല്‍ സെക്രട്ടറി, ജനതാപാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1943 ഒക്‌ടോബര്‍ 18ന് ജോസഫ് മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും മകനായിട്ടാണ് ജോസഫിന്റെ ജനനം. ബിരുദാനന്തര ബിരുദധാരിയാണ്. 'അറിയപ്പെടാത്ത ഏടുകള്‍' ആണ് എന്‍ എം ജോസഫിന്റെ ആത്മകഥ. സംസ്‌കാരം നാളെ പാലാ കടപ്പട്ടൂരില്‍ നടക്കും.