മുന്നാക്ക സംവരണം: എതിര്‍ക്കുന്നവര്‍ 'കുരുടന്‍ ആനയെ കണ്ടപോലെ'- കാനം രാജേന്ദ്രന്‍

ഭരണഘടനാ ഭേദഗതി പാര്‍ലമെന്റില്‍ വന്ന അവസരത്തില്‍ ഒരു മുഖ്യധാരാപാര്‍ട്ടിയും അതിനെ എതിര്‍ത്തില്ല. കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പിന്നാക്കക്കാര്‍ക്ക് എതിരായാണ് തീരുമാനമെന്ന നിലയില്‍ സാമുദായിക സംഘടനകളെ ഒരുമിച്ചുകൂട്ടാന്‍ മുസ്‌ലിം ലീഗ് ശ്രമിക്കുന്നത്

Update: 2020-10-28 13:05 GMT

തിരുവനന്തപുരം: മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ട തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ''കുരുടന്‍ ആനയെ കണ്ടപോലെ'' ആണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തിരുവനന്തപുരം എം എന്‍ സ്മാരകത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

2019 ജനുവരിയില്‍ പാര്‍ലമെന്റ് പാസാക്കിയ 103ാം ഭരണഘടനാ ഭേദഗതിയുടെയും തുടര്‍ന്നുള്ള കേന്ദ്ര വിജ്ഞാപനങ്ങളുടെയും അടിസ്ഥാനത്തിലാണ് സാമ്പത്തികമായി ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള പത്തുശതമാനം സംവരണം. നിലവിലുള്ള സംവരണത്തില്‍ ഒരുകുറവുമുണ്ടാവില്ല. ഓപണ്‍ മെറിറ്റില്‍ ഇപ്പോഴുള്ള 50 ശതമാനത്തില്‍നിന്നാണ് പത്തുശതമാനം നീക്കിവയ്ക്കുന്നത്. ഇതുസംബന്ധിച്ച് റിട്ടയേര്‍ഡ് ജഡ്ജി, ജസ്റ്റിസ് കെ ശശിധരന്‍ നായര്‍ കണ്‍വീനറായുള്ള രണ്ടംഗ കമ്മിറ്റി വിശദമായി പരിശോധന നടത്തി. അതിനനുസൃതമായാണ് ഇപ്പോള്‍ തീരുമാനമെടുത്തിട്ടുള്ളത്.

ഭരണഘടനാ ഭേദഗതി പാര്‍ലമെന്റില്‍ വന്ന അവസരത്തില്‍ ഒരു മുഖ്യധാരാപാര്‍ട്ടിയും അതിനെ എതിര്‍ത്തില്ല. കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പിന്നാക്കക്കാര്‍ക്ക് എതിരായാണ് തീരുമാനമെന്ന നിലയില്‍ സാമുദായിക സംഘടനകളെ ഒരുമിച്ചുകൂട്ടാന്‍ മുസ്‌ലിം ലീഗ് ശ്രമിക്കുന്നത്. യഥാര്‍ഥ വസ്തുത മനസ്സിലാക്കുമ്പോള്‍ ഇന്ന് ലീഗിനൊപ്പം നില്‍ക്കുന്നവര്‍തന്നെ അവരെ തള്ളിപ്പറയും.

ചില സമുദായങ്ങളെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് ഇടതുമുന്നണി തീരുമാനമെന്ന കെപിസിസി പ്രസിഡന്റിന്റെ വിമര്‍ശനം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹം അത് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍നിന്ന് സംശയനിവൃത്തി വരുത്തുകയാണ് വേണ്ടതെന്ന് മറുപടി നല്‍കി. നിയമം നടപ്പായിക്കഴിയുമ്പോള്‍ മാത്രമേ ഇപ്പോഴുണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയൂ. സീറോ മലബാര്‍ സഭ കാര്യങ്ങള്‍ മനസ്സിലാക്കിയാണ് പ്രതികരിച്ചിട്ടുള്ളതെന്ന് കാനം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News