എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തുന്ന എല്ലാ നിയമനങ്ങളിലും നാലുശതമാനം ഭിന്നശേഷി സംവരണം
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗതീരുമാന പ്രകാരം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയുള്ള പാര്‍ട്ട് ടൈം സ്വീപ്പര്‍ ഉള്‍പ്പെടെ എല്ലാ നിയമനങ്ങളിലും അംഗപരിമിതര്‍ക്ക് മൂന്നുശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനമായിരുന്നു.
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന നിയമനത്തിനായി വിടാത്ത തസ്തികകളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തപ്പെടുന്ന എല്ലാ നിയമനങ്ങളിലും ഭിന്നശേഷി വിഭാഗത്തിന് നാലുശതമാനം സംവരണം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗതീരുമാന പ്രകാരം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയുള്ള പാര്‍ട്ട് ടൈം സ്വീപ്പര്‍ ഉള്‍പ്പെടെ എല്ലാ നിയമനങ്ങളിലും അംഗപരിമിതര്‍ക്ക് മൂന്നുശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനമായിരുന്നു.
ആര്‍പിഡബ്ല്യു ആക്ട് നിലവില്‍ വന്ന സാഹചര്യത്തില്‍ ഭിന്നശേഷി സംവരണം 3 ശതമാനത്തില്‍ നിന്നും 4 ശതമാനമായി ഉയര്‍ത്തി. പിഎസ്‌സിക്ക് വിടാത്ത തസ്തികകളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തപ്പെടുന്ന എല്ലാ നിയമനങ്ങളിലും ഭിന്നശേഷി വിഭാഗത്തിന് നാലുശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിന് വിദഗ്ധകമ്മിറ്റി ശുപാര്‍ശയും ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് പിഎസ്‌സി മുഖേന നിയമനത്തിനായി വിടാത്ത തസ്തികകളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തപ്പെടുന്ന നിയമനങ്ങളില്‍ ഭിന്നശേഷി വിഭാഗത്തിന് 4 ശതമാനം സംവരണം ഏര്‍പ്പെടുത്തി ഉത്തരവായത്. ഈ ഉത്തരവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തപ്പെടുന്ന എല്ലാ നിയമനങ്ങള്‍ക്കും ബാധകമാണ്. അതിനായുള്ള തസ്തികകള്‍ വിദഗ്ധകമ്മിറ്റി ചേര്‍ന്ന് തീരുമാനിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.