വസ്ത്ര സ്വാതന്ത്ര്യം: വിമന്‍ ജസ്റ്റിസ് നാളെ അവകാശ സംരക്ഷണ സദസ് സംഘടിപ്പിക്കും
മൗലികാവകാശങ്ങളെ ഇല്ലാതാക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമങ്ങളോടുള്ള ചോദ്യങ്ങളെയും ചെറുത്തുനില്‍പുകളെയുമാണ് ഈ വനിതാദിന പരിപാടി മുന്നോട്ടുവെക്കുന്നത്.
കോഴിക്കോട്: ആര്‍എസ്എസ് വംശീയ ഉത്തരവുകള്‍ പെണ്ണുങ്ങള്‍ ചോദ്യം ചെയ്യുന്നു എന്ന തലക്കെട്ടില്‍ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് വനിതാ ദിനമായ നാളെ മുഴുവന്‍ ജില്ലകളിലും അവകാശ സംരക്ഷണ സദസ്സുകള്‍ സംഘടിപ്പിക്കും.
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം രാജ്യത്തെ പൗരന്മാര്‍ക്ക് ഭരണഘടന അനുവദിച്ചു നല്‍കുന്നുണ്ട്. മുസ്‌ലിംകള്‍ക്കെതിരെ വംശവെറി ഉയര്‍ത്തി അവരെ അപരവല്‍ക്കരിക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര്‍ ഇപ്പോള്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ വസ്ത്ര സ്വാതന്ത്ര്യത്തിലാണ് കൈവെച്ചിരിക്കുന്നത്. ഇതവരുടെ വിദ്യാഭ്യാസാവകാശം നിഷേധിച്ച് അവരാര്‍ജ്ജിച്ച പുരോഗതി തന്നെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് പറഞ്ഞു.
മൗലികാവകാശങ്ങളെ ഇല്ലാതാക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമങ്ങളോടുള്ള ചോദ്യങ്ങളെയും ചെറുത്തുനില്‍പുകളെയുമാണ് ഈ വനിതാദിന പരിപാടി മുന്നോട്ടുവെക്കുന്നത്. മുസ്‌ലിം സ്ത്രീകളുടെ ഹിജാബ് ധരിക്കാനുള്ള അവകാശത്തെ പ്രത്യേകമായി ലക്ഷ്യം വയ്ക്കുന്നതിലൂടെ സംഘപരിവാര്‍ തകര്‍ക്കുന്നത് ഭരണഘടനയേയും വൈവിധ്യങ്ങളുടെ ഇന്ത്യന്‍ പാരമ്പര്യത്തെയുമാണ്. വിദ്യാഭ്യാസ സ്വാതന്ത്ര്യവും വസ്ത്രസ്വാതന്ത്ര്യവും സ്ത്രീകള്‍ക്ക് നിഷേധിക്കുന്ന സംഘപരിവാര്‍ ഉത്തരവുകളെ സ്ത്രീ മുന്നേറ്റത്തിലൂടെ ചോദ്യം ചെയ്യുമെന്ന താക്കീതാണ് അവകാശസംരക്ഷണ സദസുകളെന്ന് ജബീന പറഞ്ഞു.