സര്‍ക്കാര്‍ തീരുമാനം വൈകുന്നു; പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി
മനു സോമന്‍, ബിനീഷ്, ഒരു ഉദ്യോഗാര്‍ഥിയുടെ ബന്ധുവായ ഋജു എന്നിവരാണ് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്.
തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന സമരം കൂടുതല്‍ കടുപ്പിച്ച് പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍. റാങ്ക് ലിസ്റ്റിലെ നിയമനത്തില്‍ സര്‍ക്കാരില്‍നിന്ന് വ്യക്തമായ ഉറപ്പുകിട്ടാത്തതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ നിരാഹാര സമരം ആരംഭിച്ചു. മനു സോമന്‍, ബിനീഷ്, ഒരു ഉദ്യോഗാര്‍ഥിയുടെ ബന്ധുവായ ഋജു എന്നിവരാണ് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്. ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗം കഴിഞ്ഞ് തീരുമാനം അറിയിക്കുമെന്നായിരുന്നു സൂചനയെങ്കിലും സര്‍ക്കാരില്‍നിന്ന് പ്രത്യേക അറിയിപ്പൊന്നും ലഭിക്കാത്തതിനാലാണ് നിരാഹാര സമരം ആരംഭിച്ചതെന്നു ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സര്‍ക്കാരുമായി ഉദ്യോഗാര്‍ഥികള്‍ നടത്തിയ ചര്‍ച്ചയില്‍ അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിയുകയാണുണ്ടായത്. ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും സമരം നിര്‍ത്തണമെന്നുമായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഉദ്യോഗസ്ഥതല ചര്‍ച്ച തൃപ്തികരമായിരുന്നുവെന്നും ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉടന്‍ ഉത്തരവുണ്ടാവുമെന്നും മന്ത്രി എ കെ ബാലനും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആ വാക്കുകൊണ്ടുമാത്രം സമരം നിര്‍ത്താന്‍ കഴിയില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. അതിനിടെ, ഉദ്യോഗാര്‍ഥികള്‍ക്കു പിന്തുണയുമായി നിരാഹാരമനുഷ്ഠിച്ചു വന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എമാരായ ഷാഫി പറമ്പിലിനെയും കെ എസ് ശബരീനാഥിനെയും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
ഇവര്‍ക്ക് പകരം യുത്ത് കോണ്‍ഗ്രസ് നേതാക്കളായ റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി, എന്‍ എസ് നുസൂര്‍ എന്നിവര്‍ നിരാഹാരം തുടങ്ങി. യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലിലും സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുടെ അടുത്തും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ എത്തിയിരുന്നു. ഇന്നലെയും സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘര്‍ഷമുണ്ടായി.