മാണി അഴിമതിക്കാരനെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പറഞ്ഞിട്ടില്ല; രാഷ്ട്രീയ മുതലെടുപ്പ് വിലപ്പോവില്ലെന്ന് ജോസ് കെ മാണി
കോട്ടയം: മുന്‍ ധനമന്ത്രി കെ എം മാണി അഴിമതിക്കാരനാണെന്ന് സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. മുന്‍ ധനമന്ത്രിയുടെ കാലത്ത് ഒരു അഴിമതിയാരോപണമുണ്ടായിരുന്നുവെന്ന് മാത്രമാണ് സത്യവാങ്മൂലത്തിലുണ്ടായിരുന്നത്. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെ എം മാണിയുടെ പേരോ അദ്ദേഹം അഴിമതിക്കാരനായിരുന്നെന്നോ ഉള്ള പരാമര്‍ശമില്ലായിരുന്നു. തങ്ങള്‍ പരിശോധിച്ചപ്പോഴും അത്തരത്തില്‍ പരാമര്‍ശമോ പേരോ ഇല്ലെന്ന് വ്യക്തമായതാണ്. മാണിക്കെതിരേ ഇത്തരത്തില്‍ പരാമര്‍ശം വന്നുവെന്നത് മാധ്യമസൃഷ്ടിയാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണമുണ്ടായെന്ന് മാത്രമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. അങ്ങനെ പറഞ്ഞാല്‍ കുറ്റക്കാരനാണെന്നാണോ അര്‍ഥം. ഇന്നലെ മുന്നണിക്കെതിരേ നടത്തിയ പ്രസ്താവന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്. സര്‍ക്കാരും എല്‍ഡിഎഫ് കണ്‍വീനറും നല്‍കിയ വിശദീകരണം തൃപ്തികരമാണ്. മാണിയുടെ പേര് പറഞ്ഞ് രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്ന ചിലരെ തിരിച്ചറിയണം. അത് വിലപ്പോവില്ല. കെ എം മാണി കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് കോടതി പറഞ്ഞതാണ്. യുഡിഎഫിന്റെ ഭരണകാലത്തും എല്‍ഡിഎഫിന്റെ ഭരണകാലത്തും ബാര്‍കോഴ കേസില്‍ അന്വേഷണം നടത്തുകയും അതില്‍ മാണി കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും ചെയ്തതായും ജോസ് പറഞ്ഞു.
രണ്ട് പ്രാവശ്യം വിജിലന്‍സ് അന്വേഷിച്ചു. വിജിലന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫും എല്‍ഡിഎഫും മാണി കുറ്റക്കാരനല്ലെന്ന് പറഞ്ഞു. അത് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാര്‍ഡ് തലം മുതല്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം ജോസ് കെ മാണി പ്രഖ്യാപിച്ചു. യുഡിഎഫില്‍നിന്ന് അടക്കം നിരവധിയാളുകള്‍ കേരളാ കോണ്‍ഗ്രസുമായി സഹകരിക്കും. ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് കാംപയിന്‍ തുടങ്ങും. പോഷക സംഘടനകളും പുനസ്സംഘടിപ്പിക്കും. ഇടത് മുന്നണിയുടെ വിജയത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ പങ്ക് നിര്‍ണായകമായെന്ന് വിലയിരുത്തിയെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.