പൂന്തുറയിൽ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: എസ്ഡിപിഐ
ട്രിപ്പിൾ ലോക്ക് ഡൗൺ പരിധിയിൽ കഴിയുന്ന എല്ലാ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നൽകണം. ജോലിയും വരുമാനമാർഗവും നിലച്ചതിനാൽ ഓരോ കുടുംബത്തിനും അടിയന്തര സാമ്പത്തിക സഹായമെത്തിക്കണം. പ്രദേശത്തെ പരിശോധനാ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണം.
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണത്തിലുള്ള പൂന്തുറയിലെ ജനങ്ങൾക്ക് അടിയന്തര സഹായം എത്തിക്കാനായി സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് എസ്ഡിപിഐ ജില്ലാ ഓൺലൈൻ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ട്രിപ്പിൾ ലോക്ക് ഡൗൺ പരിധിയിൽ കഴിയുന്ന എല്ലാ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നൽകണം. ജോലിയും വരുമാനമാർഗവും നിലച്ചതിനാൽ ഓരോ കുടുംബത്തിനും അടിയന്തര സാമ്പത്തിക സഹായമെത്തിക്കണം. പ്രദേശത്തെ പരിശോധനാ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണം. മുഴുവൻ വീടുകളിലും പരിശോധന നടത്തി രോഗവ്യാപനത്തിന് തടയിടാൻ നടപടി സ്വീകരിക്കണം. പ്രദേശത്തേക്ക് കൂടുതൽ ആരോഗ്യസംഘത്തെ നിയോഗിച്ച് പരിശോധനകൾ വേഗത്തിലാക്കി പ്രദേശവാസികളുടെ ആശങ്കയകറ്റണം. പരിശോധനാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം
ഐസൊലേഷനിൽ കഴിയുന്നവരുടെ പരിചരണത്തിലും കാര്യക്ഷമമായി ഇടപെടണം. ദിനംപ്രതി രോഗബാധിതരുടേയും നിരീക്ഷണത്തിൽ കഴിയുന്നവരുടേയും എണ്ണം വർധിക്കുന്നതിനാൽ പല സ്ഥലത്തും രോഗികളെ ശ്രദ്ധിക്കാൻ ആളില്ലാത്ത സാഹചര്യമാണ്. ഇതിനാൽ തന്നെ ജനങ്ങൾ വളരെ ആശങ്കയിലാണ് കഴിയുന്നത്. കൊവിഡ് പ്രതിരോധത്തിനായി പ്രദേശത്ത് സർക്കാർ ഒന്നേകാൽ ലക്ഷം മാസ്ക് നൽകിയെന്ന് പറയുന്നു. എന്നാൽ പലയിടത്തും മാസ്ക് കിട്ടിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. രോഗവ്യാപനം തടയാനായി നടപ്പാക്കുന്ന അണുവിമുക്ത പ്രക്രീയ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് കാര്യക്ഷമമാക്കണം.
ഇത്തരം കാര്യങ്ങളിൽ സർക്കാരിൻ്റെ സ്വത്വര ഇടപെടലുണ്ടാവണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം, ഇബ്രാഹിംകുട്ടി, ഷബീർ ആസാദ്, ഷിഹാബുദീൻ മന്നാനി, ജലീൽ കരമന, സിയാദ് തൊളിക്കോട്, ഇർഷാദ് കന്യാകുളങ്ങര സംബന്ധിച്ചു.