ഹജ്ജ് ക്യാംപ് 2024- ഒരുക്കങ്ങള്‍ പൂര്‍ണ്ണം; തീര്‍ത്ഥാടകര്‍ തിങ്കളാഴ്ച മുതല്‍ എത്തിത്തുടങ്ങും
മലപ്പുറം: ഹജ്ജ് തീര്‍ത്ഥാടകര്‍ തിങ്കളാഴ്ച മുതല്‍ കരിപ്പൂര്‍ ഹജ്ജ് ക്യാംപില്‍ എത്തിത്തുടങ്ങും. മെയ് 20 മുതല്‍ ജൂണ്‍ 9 വരെയാണ് കോഴിക്കോട് എംബാര്‍ക്കേഷനിലെ ഹജ്ജ് ക്യാംപ്. തീര്‍ത്ഥാടകരെ ഹൃദ്യമായി സ്വീകരിക്കുന്നതിനും യാത്രായാക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കങ്ങളും ഹജ്ജ് ക്യാംപില്‍ പൂര്‍ത്തിയായി. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും വനിതാ ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 17883 പേരാണ് വിവിധ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വഴി ഈ വര്‍ഷം യാത്രയാവുക. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് നിന്നും ഇത്രയും കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുന്നത്. ആകെ തീര്‍ത്ഥാടകരില്‍ 7279 പേര്‍ പുരുഷന്മാരും 10604 പേര്‍ സ്ത്രീകളുമാണ്. കൂടാതെ രണ്ട് വയസിനു താഴെയുള്ള എട്ട് കുഞ്ഞുങ്ങളും ഇതില്‍ ഉള്‍പ്പെടും. കോഴിക്കോട് (കരിപ്പൂര്‍) എംബാര്‍ക്കേഷന്‍ വഴി 10430 പേരും കൊച്ചി വഴി 4273, കണ്ണൂര്‍ വഴി 3135 പേരുമാണ് യാത്രയാവുക. സംസ്ഥാനത്ത് നിന്നുളള 37 പേര്‍ ബാംഗ്ലൂര്‍, അഞ്ച് പേര്‍ ചെന്നൈ, മൂന്ന് പേര്‍ മുംബൈ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വഴിയാണ് പുറപ്പെടുക. മൊത്തം തീര്‍ത്ഥാടകരില്‍ 1250 പേര്‍ 70 വയസ് കഴിഞ്ഞ റിസര്‍വ്ഡ് കാറ്റഗറിയില്‍ പെട്ടവരും 3582 പേര്‍ ലേഡീസ് വിത്തൗട്ട് മെഹ്‌റം വിഭാഗത്തില്‍ നിന്നുളളവരും ശേഷിക്കുന്നവര്‍ ജനറല്‍ വിഭാഗത്തില്‍ പെട്ടവരുമാണ്.
അവസാന വര്‍ഷം (2023) ല്‍ 11252 പേരാണ് സംസ്ഥാനത്ത് നിന്നും പുറപ്പെട്ടിരുന്നത്. (ഈ വര്‍ഷം 6516 എണ്ണം തീര്‍ത്ഥാടകരുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.) കോഴിക്കോട് നിന്നും മെയ് 21 ന് പുലര്‍ച്ചെ 12.05 ന് നാണ് ആദ്യ വിമാനം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 3011 നമ്പര്‍ വിമാനത്തില്‍ 166 പേര്‍ പുറപ്പെടും. അതേ ദിവസം രാവിലെ 8 നും വൈകീട്ട് 3 നും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും.
ആദ്യ വിമാനത്തില്‍ പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ 20.5.2024 തിങ്കളാഴ്ച രാവിലെ 10 മണിക്കും രണ്ടാമത്തെ സംഘം ഉച്ചക്ക് 12 മണിക്കും മൂന്നാം സംഘം ഉച്ചക്ക് രണ്ട് മണിക്കും ഹജ്ജ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. എയര്‍പോര്‍ട്ടിലെ പില്ലര്‍ നമ്പര്‍ പതിമൂന്നിലാണ് തീര്‍ത്ഥാടകര്‍ ആദ്യം എത്തേണ്ടത്. ഇവിടെ ലഗേജുകള്‍ കൈമാറിയ ശേഷം ഹജ്ജ് കമ്മിറ്റി പ്രത്യേകം ഒരുക്കിയ ബസില്‍ തീര്‍ത്ഥാടകരെ ഹജ്ജ് ക്യാംപിലേക്ക് എത്തിക്കും. എയര്‍പോര്‍ട്ടില്‍ തീര്‍ത്ഥാടകരുടെ ലഗേജുകള്‍ കൈമാറുന്നതിനും മറ്റു സഹായങ്ങള്‍ക്കുമായി പ്രത്യേക വോളണ്ടിയര്‍മാരുടെ സേവനം ലഭ്യമാകും.
യാത്രയാക്കാനെത്തുന്നവര്‍ക്ക് ഹജ്ജ് ഹൗസില്‍ വിശാലമായ പന്തല്‍ സൗകര്യവും ഉണ്ട്. തീര്‍ത്ഥാടരുടെ സുരക്ഷക്കും പരിസരത്തെ ഗതാഗത നിയന്ത്രണങ്ങള്‍ക്കുമായി എയര്‍പോര്‍ട്ടിലും ഹജ്ജ് ക്യാംപിലും പോലിസ് സേനയെയും പ്രത്യേകമായി വിന്യസിക്കും. ക്യാംപില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും താമസം, ഭക്ഷണം, പ്രാഥമികാവശ്യം, പ്രാര്‍ത്ഥന എന്നിവക്കായി ഇരു കെട്ടിടങ്ങളിലും പ്രത്യേകമായ ഹാളുകള്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് യാത്രാരേഖകളും യാത്രാ നിര്‍ദ്ദേശങ്ങളും ക്യാമ്പില്‍ വെച്ച് നല്‍കും. വിമാനം പുറപ്പെടുന്നതിന്റെ നാല് മണിക്കൂര്‍ മുമ്പ് തീര്‍ത്ഥാടകരെ പ്രത്യേക ബസില്‍ എയര്‍പോര്‍ട്ടില്‍ എത്തിക്കും. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കുടുതല്‍ കൗണ്ടറുകളും സജ്ജീകരിക്കുന്നുണ്ട്.
ഓരോ വിമാനത്തിലും യാത്രയാവേണ്ട തീര്‍ത്ഥാടകര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയ ക്രമം ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരെ ബന്ധപ്പെട്ട ഖാദിമുല്‍ ഹുജ്ജാജുമാര്‍ ഫോണ്‍ മുഖേന വിളിച്ചും വിവരം അറിയിക്കും. തീര്‍ത്ഥാടകരുടെ സേവനത്തിനായി അനുഗമിക്കുന്ന വോളണ്ടിയര്‍മാര്‍ ഒരുക്കങ്ങള്‍ക്കായി യാത്രയുടെ രണ്ട് ദിവസം മുന്നേ തന്നെ ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 89 പേരാണ് ഇത്തവണ തീര്‍ത്ഥാടകരുടെ സേവനത്തിനായി യാത്രയില്‍ അനുഗമിക്കുക. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിരന്ത ഇടപെടലുകളുടെ ഫലമായാണ് സേവനത്തിനായി കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചത്. 200 തീര്‍ത്ഥാടകര്‍ക്ക് ഒരാള്‍ എന്ന അനുപാതത്തിലാണ് ഇത്തവണ വോളണ്ടിയര്‍മാരെ തിരഞ്ഞെടുത്തത്. വോളണ്ടിയര്‍മാര്‍ക്കുള്ള പ്രത്യേക ട്രെയ്‌നിങ്ങ് കഴിഞ്ഞ ആഴ്ച ഹജ്ജ് ഹൗസില്‍ നടത്തിയിരുന്നു. ആവശ്യാനുസരണം ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പ്രത്യേക മീറ്റിങ്ങുകളും ചേരുന്നുണ്ട്.
എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ 166 പേര്‍ക്ക് സഞ്ചരിക്കാവുന്ന അമ്പത്തിയൊമ്പത് വിമാനങ്ങളാണ് കരിപ്പൂരില്‍ നിന്നും ഇതുവരെ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. കാത്തിരിപ്പ് പട്ടികയില്‍ നിന്നും ഇതിനം അവസരം ലഭിച്ചവര്‍ക്കുള്ള അധിക വിമാനവും ജൂണ്‍ 9 ന് മുമ്പുള്ള ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തും. ദിനേന മൂന്ന് വിമാനങ്ങളാണ് കോഴിക്കോട് നിന്നും സര്‍വ്വീസ് നടത്തുക. ജൂണ്‍ എട്ടിന് നാല് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ജുലൈ ഒന്ന് മുതല്‍ 22 വരെയുള്ള കാലയളവില്‍ മദീന വഴിയാണ് കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ മടക്ക യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരിമിതമായ രൂപത്തില്‍ ഹജ്ജ് ക്യാംപിന്റെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച (20.05.2024) വൈകുന്നേരം നാല് മണിക്ക് ഹജ്ജ് ഹൗസില്‍ നടക്കും. ഹജ്ജ് ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച സംഘാടക സമിതിക്ക് കീഴില്‍ വിവിധ സബ്കമ്മിറ്റികള്‍ മുഖേനയുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. റിസപ്ഷന്‍, രജിസ്‌ട്രേഷന്‍, പ്രോഗ്രാം, അക്കമഡേഷന്‍, ട്രാന്‍സ്‌പോര്‍ട്ട്, വോളണ്ടിയര്‍, ഹെല്‍ത്ത്, സാനിറ്റേഷന്‍, തസ്‌കിയത്ത് തുടങ്ങി പത്തോളം സബ് കമ്മിറ്റികള്‍ക്ക് കീഴിലാണ് ക്യാമ്പിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ ചെയര്‍മാന്മാരായ സമിതികളില്‍ വിവിധ തുറകളില്‍ നിന്നുള്ളവരാണ് മറ്റു ഭാരവാഹികള്‍. തീര്‍ത്ഥാടകര്‍ ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മുതല്‍ വിമാനം കയറുന്നത് വരെ വോളണ്ടിയര്‍മാരുടെ മുഴു സമയ സേവനം ഉണ്ടാവും.
തീര്‍ത്ഥാടകരുടെ അടിയന്തിര മെഡിക്കല്‍ ആവശ്യത്തിനായി വിവിധ മെഡിക്കല്‍ വിഭാഗങ്ങളുടെ ഇരുപത്തിനാല് മണിക്കൂര്‍ സേവനവും ക്യാംപിലുണ്ടാവും. അത്യാവശ്യ മരുന്നുകളും മറ്റും സംവിധാനങ്ങളും മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ നേതൃത്തില്‍ ക്യാംപില്‍ ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ നേരിടാനായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് സേവനവും സജ്ജീകരിക്കും. പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് ഹജ്ജ് ക്യാംപ് പ്രവര്‍ത്തിക്കുക. ക്യാംപും പരിസരവും ശുചീകരിക്കുന്നതിനും ദൈനംദിന വേയ്സ്റ്റ് മാനേജ്‌മെന്റിനും പ്രത്യേക സംവിധാനം ചെയ്തിട്ടുണ്ട്. കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിക്ക് കീഴിലെ ഹരിത കര്‍മ്മ സേനയുടെ പ്രത്യേക സേവനവും ക്യാംപിലുണ്ടാവും.
തീര്‍ത്ഥാടകരുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ശരിപ്പെടുത്തല്‍, കവര്‍ നമ്പര്‍ അടിസ്ഥാനമാക്കി തരം തിരിച്ച് വെക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇതിനായി പ്രത്യേകം നിയോഗിച്ച സര്‍ക്കാറിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ദിവസങ്ങള്‍ക്ക് മുന്നേ ക്യാംപില്‍ ജോയിന്‍ ചെയ്തിരുന്നു.കോഴിക്കോട് ക്രൈം ബ്രാഞ്ച് പോലിസ് സുപ്രണ്ട് കെ.കെ മൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തില്‍ 41 ഉദ്യോഗസ്ഥരാണ് കരിപ്പൂരില്‍ സേവനത്തിലുള്ളത്. മറ്റു എംബാര്‍ക്കേഷന്‍ പോയിന്റുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം അതത് കേന്ദ്രങ്ങളില്‍ ചുമതലയേല്‍ക്കും. ഹജ്ജ് സെല്‍ സ്‌പെഷ്യല്‍ ഓഫീസറായി നേരത്തെ ചുമതലയേറ്റ നല്‍കിയ യു. അബ്ദുല്‍ കരീം ആണ് സംസ്ഥാനത്തെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളിലും ഹജ്ജ് സെല്‍ പ്രവര്‍ത്തനങ്ങല്‍ ഏകോപിപ്പിക്കുന്നത്.
മെയ് 26 നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സൗദി അറേബ്യന്‍ എയര്‍ലൈന്‍സാണ് ഈ രണ്ട് കേന്ദ്രങ്ങളില്‍ നിന്നും സര്‍വ്വീസ് നടത്തുക. കൊച്ചിയില്‍ നിന്നും ജൂണ്‍ ഒമ്പത് വരെ 17 സര്‍വ്വീസുകളും കണ്ണൂരില്‍ നിന്നും ഒമ്പത് വിമാനങ്ങളുമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.