അസീസിന്റെ മൃതദേഹം കൊവിഡ് പ്രൊട്ടോകോൾ പാലിച്ച് സംസ്കരിക്കും; സമൂഹ വ്യാപനമില്ലെന്ന് മന്ത്രി
ഇദ്ദേഹം ഗൾഫിൽ നിന്നുള്ള ബന്ധുക്കളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതുവരെ ലഭിച്ച വിവരങ്ങൾ വച്ച് സമ്പർക്ക പട്ടിക തയാറാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ച അബ്ദുൽ അസീസിന്റെ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. അബ്ദുൽ അസീസിന്റെ കുടുംബം സർക്കാർ നിർദേശങ്ങളോട് കൃത്യമായി സഹകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
മരിച്ച അസീസ് നിരവധിപേരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, പോത്തൻകോട്ട് സമൂഹവ്യാപനം സംശയിക്കുന്നില്ല. ഇദ്ദേഹം ഗൾഫിൽ നിന്നുള്ള ബന്ധുക്കളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതുവരെ ലഭിച്ച വിവരങ്ങൾ വച്ച് സമ്പർക്ക പട്ടിക തയാറാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മാർച്ച് ആദ്യവാരം മുതൽ തന്നെ ഇദ്ദേഹം അസുഖബാധിതനായി നിരീക്ഷണത്തിലായിരുന്നു. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള സാമൂഹിക വ്യാപനം നടന്നിട്ടുണ്ടെങ്കിൽ നേരത്തെ തന്നെ തിരിച്ചറിയാൻ സാധിക്കുമായിരുന്നു. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം മരണപ്പെട്ട അസീസുമായി ബന്ധപ്പെട്ടിട്ടുള്ളവർ സെൽഫ് ക്വാറന്റൈനിൽ കഴിയണമെന്നും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മരിച്ചയാളുടെ ബന്ധുക്കളിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. കൊറോണ ബാധിച്ച് കേരളത്തിൽ മരിച്ച രണ്ടു പേരും ഹൃദ്രോഗവും അനുബന്ധരോഗങ്ങളും ഉണ്ടായിരുന്നവരാണ്. ഇവരുടെ പരിചരണത്തിൽ സാധ്യമായ ചികിത്സ നടത്തിയിരുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് തുടങ്ങിയിട്ടില്ല. ജനങ്ങൾ സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ചിലർ നിർദേശങ്ങളെ ലഘുവായി കണ്ട് അവഗണിക്കുന്നുണ്ട്. സർക്കാർ ജീവക്കാരുടെ വിരമിക്കൽ സംബന്ധിച്ച് മുഖ്യമന്ത്രി കൃത്യമായ നിർദേശങ്ങൾ നൽകിയിരുന്നു. അത് കൃത്യമായി പാലിക്കണം. നിർദേശങ്ങൾ ലംഘിച്ച് വിരമിക്കലുമായി ബന്ധപ്പെട്ട എന്തെങ്കിലും ചടങ്ങുകൾ ആരെങ്കിലും നടത്തിയാൽ അതിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, അബ്ദുൾ അസീസിന്റെ മൃതദേഹം കർശന വ്യവ്സ്ഥകൾ പാലിച്ചായിരിക്കും സംസ്കരിക്കുകയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൊവിഡ് പ്രൊട്ടോകോൾ പൂര്‍ണമായും പാലിച്ചായിരിക്കും സംസ്കാര ചടങ്ങുകൾ നടത്തുക.
ആരോഗ്യ വകുപ്പ് അധികൃതരുടേയും ജില്ലാ ഭരണകൂടത്തിന്റെയും കര്‍ശന നിരീക്ഷണവും ജാഗ്രതയും സംസ്കാര ചടങ്ങിന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ട് കൊടുക്കുന്നതിന് മുൻപ് തന്നെ ഏതെങ്കിലും തരത്തിലുള്ള രോഗ വ്യാപന സാധ്യതയെല്ലാം ഒഴിവാക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. അധികം ആളുകൾ പങ്കെടുക്കാൻ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നവരും മൃദേഹം കൊണ്ട് പോകാൻ ഉപയോഗിക്കുന്ന വാഹനത്തിലെ ഡ്രൈവറുമടക്കം എല്ലാവരും 14 ദിവസത്തെ നിരീക്ഷത്തിൽ കഴിയണമെന്ന നിര്‍ദ്ദേശവും നൽകിയിട്ടുണ്ട്.