ശ്വാസമടക്കിപിടിച്ച് കേരളം ; വീട്ടമ്മയില്‍ തുന്നിച്ചേര്‍ക്കാനുള്ള 'ഹൃദയം' തിരുവനന്തപുരത്ത് നിന്നും എറണാകുളത്ത് എത്തിച്ചത് അരമണിക്കൂറുകൊണ്ട്; ശസ്ത്രക്രിയ തുടങ്ങി

കേരളം ശ്വാസമടക്കി നോക്കി നിന്ന ദൗത്യത്തിന് ചുക്കാന്‍ പിടിച്ചത് സര്‍ക്കാരും പോലിസും മെഡിക്കല്‍ സംഘവും.ഹൃദയം ക്രമാതീതമായി വികസിക്കുന്ന രോഗത്തിനടിമയായ എറണാകുളം കോതമംഗലം സ്വദേശി ലീനയ്ക്കാണ് ഹൃദയം മാറ്റിവെയക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശിനി ലാലിയുടെ ഹൃദയമാണ് ലീനയ്ക്ക് വെച്ചു പിടിപ്പിക്കുന്നത്.എറണാകുളം ലിസി ആശുപത്രിയില്‍ ലീനയുടെ ഹൃദയം മാറ്റിവെയക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചു

Update: 2020-05-09 11:22 GMT

കൊച്ചി: ഗുരതര ഹൃദ്രോഗം ബാധിച്ച് എറണാകുളത്ത് ചികില്‍സയില്‍ കഴിയുന്ന വീട്ടമ്മയ്ക്ക് മാറ്റിവെയ്ക്കാനുള്ള ഹൃദയം തിരുവനന്തപരുത്ത് നിന്നും ഹെലികോപ്ടറില്‍ എറണാകുളത്ത് എത്തിച്ചു.കേരളം ശ്വാസമടക്കി നോക്കി നിന്ന ദൗത്യത്തിന് ചുക്കാന്‍ പിടിച്ചത് സര്‍ക്കാരും പോലിസും മെഡിക്കല്‍ സംഘവും.ഹൃദ്യം ക്രമാതീതമായി വികസിക്കുന്ന രോഗത്തിനടിമയായ എറണാകുളം കോതമംഗലം സ്വദേശി ലീനയ്ക്കാണ് ഹൃദയം മാറ്റിവെയക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശിനി ലാലിയുടെ ഹൃദയമാണ് ലീനയ്ക്ക് വെച്ചു പിടിപ്പിക്കുന്നത്.ഹൃദ്രോഗവിദഗ്ദന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ എറണാകുളം ലിസി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് അതിവേഗത്തില്‍ ലാലിയില്‍ നിന്നും ഹൃദയം വേര്‍പെടുത്തല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി മെഡിക്കല്‍ സംഘം ഇതുമായി മൂന്നേകാലോടെ ആംബുലന്‍സില്‍ ഹെലിപാടില്‍ എത്തുകയും അവിടെ നിന്നും ഹെലികോപ്ടറില്‍ എറണാകുളത്തേക്ക് തിരിക്കുകയുമായിരുന്നു.

അരമണിക്കുറിനുള്ളില്‍ തിരുവനന്തപുരത്ത് നിന്നും എറണാകുളം ഗ്രാന്റ് ഹയാത്ത് ഇന്റര്‍നാഷണല്‍ ഹോട്ടലിന്റെ ഹെലിപാടില്‍ ഹെലികോപ്ടര്‍ ഇറങ്ങി.തുടര്‍ന്ന് ഇവിടെ തയാറാക്കി നിര്‍ത്തിയിരുന്ന ലിസി ആശുപത്രിയുടെ ആബുലന്‍സിലേക്ക് മെഡിക്കല്‍ സംഘം ഹൃദയം അടങ്ങിയ പെട്ടി കൈമാറി. മുന്നു മിനിറ്റുകൊണ്ട് പോലിസ് ഒരുക്കിയ പാതയിലൂടെ ഹൃദയം ലിസി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഡോ.ജോസ് പെരിയപുറത്തിന്റെ നേതൃത്വത്തില്‍ ലീനയില്‍ ലാലിയുടെ ഹൃദയം വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ നടപടികള്‍ ആരംഭിച്ചു.ഒരാളില്‍ നിന്നും വേര്‍പെടുത്തുന്ന ഹൃദയം മറ്റൊരാളില്‍ നാലുമണിക്കൂറിനുള്ളില്‍ വെച്ചു പിടിപിച്ച് ഹൃദയം മിടിച്ചു തുടങ്ങണം.ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് നിന്നും ഹെലികോപ്ടറില്‍ അതിവേഗത്തില്‍ എറണാകുളത്തേയ്ക്ക് ഹൃദയം എത്തിച്ചത്.

ഏതാനും നാളുകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്ടറാണ് ഇതിനായി ഉപയോഗിച്ചത്.സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്ടറിന്റെ ആദ്യ ദൗത്യമായിരുന്നു ഇത്. 2015 ല്‍ മസ്തിഷ്‌ക മരണം സംഭവിച്ച നീലകണ്ഠ ശര്‍മയുടെ ഹൃദയം ഇതേ രീതിയില്‍ തിരുവനന്തപരുത്ത് നിന്നും നേവിയുടെ ഡോണിയര്‍ വിമാനത്തില്‍ എറണാകുളം ലിസി ആശൂുപത്രിയില്‍ എത്തിച്ച് മാത്യു അച്ചാടന്‍ എന്ന വ്യക്തിയില്‍ തുന്നിചേര്‍ത്തിരുന്നു.അന്നും ഡോ.ജോസ് ചാക്കോ പെരിയപ്പുറമായിരുന്നു ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയിരുന്നത്.ഇതിനു ശേഷം ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കായി എയര്‍ ആംബുലന്‍സ് ഉപയോഗിക്കന്നത് ഇപ്പോഴാണ്. 

Tags:    

Similar News