ഓഗസ്റ്റ് മൂന്ന് വരെ കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Update: 2024-07-31 09:58 GMT

തിരുവനന്തപുരം: കേരളത്തില്‍ ഓഗസ്റ്റ് മൂന്ന് വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, എറണാകുളം, പാലക്കാട് എന്നിവിടങ്ങളില്‍ യെലോ അലര്‍ട്ടാണ്. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ലക്ഷദ്വീപ്, കര്‍ണാടക, തമിഴ്നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാല മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അതിനിടെ കനത്ത മഴയും വെള്ളക്കെട്ടും മൂലം കുന്നംകുളം - തൃശൂര്‍ സംസ്ഥാന പാതയില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ചൂണ്ടല്‍ മുതല്‍ തൃശൂര്‍ ശോഭാ സിറ്റി വരെയുള്ള വിവിധ ഇടങ്ങളില്‍ സംസ്ഥാനപാതയില്‍ വെള്ളം കയറിയതോടെയാണ് ഗതാഗതം നിരോധിച്ചത്. ചിലയിടങ്ങളില്‍ റോഡ് ഇടിഞ്ഞു താഴുന്നുണ്ടെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗതം നിരോധിക്കുകയാണെന്നും പോലിസ് അറിയിച്ചു. ഇതുവഴി യാത്ര ചെയ്യേണ്ടവര്‍ മറ്റു ബദല്‍ പാതകളിലൂടെ യാത്ര തുടരണമെന്നാണ് നിര്‍ദേശം.





Tags:    

Similar News