തീരവാസികളുടെ സുരക്ഷയക്ക് യുദ്ധകാലടിസ്ഥാനത്തില്‍ നടപടികള്‍ വേണം;മുഖ്യമന്ത്രിക്ക് അടിയന്തര സന്ദേശമയച്ച് കെഎല്‍സിഎ

ചെല്ലാനം മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള തീരപ്രദേശം, ഒറ്റമശ്ശേരി ഉള്‍പ്പെടെ, എറണാകുളം ജില്ലയുടെയും ആലപ്പുഴയുടെയും, തിരുവനന്തപുരത്ത് വലിയതുറ മുതല്‍ ശംഖുമുഖം വരെയും, പൊഴിയൂര്‍ ഭാഗത്തും, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളും, കടല്‍ കയറ്റം മൂലം അതീവ ദുരിതത്തിലാണെന്നും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി

Update: 2021-05-14 10:00 GMT

കൊച്ചി: തീരവാസികളുടെ സുരക്ഷയ്ക്ക് യുദ്ധകാലടിസ്ഥാനത്തില്‍ നടപടികള്‍ വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അടിയന്തര സന്ദേശമയച്ചതായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍(കെഎല്‍സിഎ).

ചെല്ലാനം മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള തീരപ്രദേശം, ഒറ്റമശ്ശേരി ഉള്‍പ്പെടെ, എറണാകുളം ജില്ലയുടെയും ആലപ്പുഴയുടെയും, തിരുവനന്തപുരത്ത് വലിയതുറ മുതല്‍ ശംഖുമുഖം വരെയും, പൊഴിയൂര്‍ ഭാഗത്തും, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളും, കടല്‍ കയറ്റം മൂലം അതീവ ദുരിതത്തിലാണെന്നും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അയച്ച സന്ദേശത്തില്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍(കെഎല്‍സിഎ) സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറല്‍സെക്രട്ടറി അഡ്വ ഷെറി ജെ തോമസ്, തീരമേഖല ചുമതലയുള്ള വൈസ് പ്രസിഡന്റ് ടി എ ഡാല്‍ഫിന്‍, സംസ്ഥാന മാനേജിങ് കൗണ്‍സില്‍ അംഗം ജയന്‍ കുന്നേല്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.

ചെല്ലാനം പഞ്ചായത്തില്‍ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വകയിരുത്തിയെങ്കിലും അത് സംബന്ധിച്ച് പണി ആരംഭിക്കാനുള്ള നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. ഈ വര്‍ഷത്തെ കടല്‍ കയറ്റത്തിനു മുമ്പെങ്കിലും തീരുമാനം ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നില്ല. ഒറ്റമശ്ശേരി തുടങ്ങിയ തീരപ്രദേശങ്ങളിലും സുരക്ഷാ നടപടികള്‍ ആയിട്ടില്ല. കൊവിഡ് കൂടി വ്യാപകമായ പശ്ചാത്തലത്തില്‍ അടിയന്തര നടപടികള്‍ ഉണ്ടാകണം.വര്‍ഷങ്ങളായുള്ള കടല്‍ ഭിത്തി സുരക്ഷ സംബന്ധിച്ച ആവശ്യം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതിന് ഉത്തരവാദികളായവര്‍ അക്ഷന്തവ്യമായ കൃത്യവിലോപമാണ് വരുത്തിയിരിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ ഉണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News