കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം.

Update: 2020-06-24 12:00 GMT

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യത. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 26 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 27 ന് കോഴിക്കോട്, വയനാട് ജില്ലലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

24 മണിക്കൂറിൽ 204 mmൽ അധികം മഴ ലഭിക്കുന്ന അതിതീവ്ര മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

കേരളത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, 26 ന് തൃശ്ശൂർ, പാലക്കാട്, 27 ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, 28 ന് കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

Tags:    

Similar News