സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ദേശീയ ദുരന്തനിവാരണസേന ഇന്ന് കേരളത്തില്‍
എറണാകുളം മുതല്‍ കാസര്‍ഗോഡ വരെയുള്ള ഏഴ് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിയാര്‍ജിക്കുന്നു. വടക്കന്‍ കേരളത്തിന്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം മുതല്‍ കാസര്‍ഗോഡ വരെയുള്ള ഏഴ് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അടുത്ത മൂന്നുമണിക്കൂറിനുളളില്‍ വിവിധ ജില്ലകളില്‍ കനത്ത മഴയും കാറ്റുമുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. കേരള തീരത്ത് കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കി.മി. വരെയാവാന്‍ സാധ്യതയുളളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് കാലവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, ദേശീയ ദുരന്തനിവാരണസേനയുടെ രണ്ട് യൂനിറ്റുകള്‍ ഇന്ന് കേരളത്തിലെത്തും. ഇന്നലെ നാല് എന്‍ഡിആര്‍എഫ് യൂനിറ്റുകള്‍ സംസ്ഥാനത്തെത്തിയിരുന്നു. വടക്കന്‍ കേരളത്തില്‍ രണ്ടുദിവസങ്ങളിലായി കനത്ത മഴ തുടരികയാണ്. പല നദികളുടം കരകവിഞ്ഞൊഴുകി. റെഡ് അലര്‍ട്ടുളള വയനാട്ടില്‍ മഴ ശക്തമാണ്. കഴിഞ്ഞവര്‍ഷം ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി ചൂരല്‍മലയിലാണ് കഴിഞ്ഞ ദിവസം കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. മേപ്പാടി പുത്തുമല മേഖലയില്‍ 390 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞദിവസം പെയ്തത്. പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 178 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.
ഉരുള്‍പൊട്ടല്‍ വെള്ളപൊക്ക ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയില്‍ മൂന്ന് താലൂക്കുകളിലായി 16 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. നിയന്ത്രിത മേഖലകളിലുള്ളവരെയും കൊവിഡ് രോഗികളുമായി സമ്പര്‍ക്കമുള്ളവരെയും പ്രത്യേകം മുറികളിലാണ് താമസിപ്പിക്കുകയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലില്‍ 12 പേര്‍ മരിച്ച മേപ്പാടി പുത്തുമല മേഖലയിലും കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചു.
കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 15 സെന്റീമീറ്റര്‍ ഉയര്‍ത്തി അധികവെള്ളം തുറന്നുവിടാന്‍ തുടങ്ങി. ഇടുക്കിയിലും ശക്തമായ മഴയെത്തുടര്‍ന്ന് അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുകയാണ്. ചില ഡാമുകളുടെ ഷട്ടറുകള്‍ ഇതിനകം ഉയര്‍ത്തിയിട്ടുണ്ട്. മഴ ശക്തമായാല്‍ കൂടുതല്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറക്കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. അപകടമേഖലകളില്‍നിന്ന് ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആളുകളെ മാറ്റിയിട്ടുണ്ട്.