റോഡുകള്‍ തകരാന്‍ മഴയല്ല കാരണമെന്ന് ഹൈക്കോടതി
മികച്ച രീതിയില്‍ റോഡുകള്‍ നിര്‍മ്മിക്കാനാകുമെന്നും ഹൈക്കോടതി വാക്കാല്‍ വ്യക്തമാക്കി
കൊച്ചി: മഴയല്ല റോഡ് തകരാന്‍ കാരണമെന്ന് ഹൈക്കോടതി. മികച്ച രീതിയില്‍ റോഡുകള്‍ നിര്‍മ്മിക്കാനാകുമെന്നും ഹൈക്കോടതി വാക്കാല്‍ വ്യക്തമാക്കി.കിഴക്കമ്പലം നെല്ലാട് റോഡ് ഗതാഗത യോഗ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു മുന്‍ എംഎല്‍എ വി പി സജീന്ദ്രന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണമുണ്ടായത്.മഴയാണ് റോഡുകള്‍ തകരാനുള്ള കാരണമെന്ന് പറയാനാകില്ല. നന്നായി റോഡുകള്‍ പണിയാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് എഞ്ചിനീയറെന്നും കോടതി ചോദിച്ചു.
റോഡ് പണിക്ക് നൂറു രൂപ നീക്കിവച്ചാല്‍ അതിന്റെ പകുതി പണമെങ്കിലും നിര്‍മാണത്തിനു ഉപയോഗിക്കണമെന്നും എഞ്ചിനീയര്‍മാര്‍ അറിയാതെ ഒരു അഴിമതിയും നടക്കില്ലെന്നും കോടതി പറഞ്ഞു.ശരാശരി നിലവാരമുള്ള റോഡെങ്കിലും ജനങ്ങള്‍ക്ക് കിട്ടണമെന്നു കോടതി അഭിപ്രായപ്പെട്ടു. കുഴിയില്‍ വീണു മരിക്കാതെ വീടെത്താന്‍ കഴിയണം. ആരുടെയോ വീഴ്ചകള്‍ക്ക് ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നതെന്നും കോടതി പറഞ്ഞു.റോഡ് താറുമാറായി കിടക്കുന്നതിനാല്‍ പ്രദേശത്ത് അപകടങ്ങള്‍ വര്‍ധിക്കുകയാണെന്നു സജീന്ദ്രന്റെ അഭിഭാഷകന്‍ ബി എച്ച്. മന്‍സൂര്‍ കോടതിയില്‍ ബോധിപ്പിച്ചു.