എറണാകുളത്ത് ഫ്‌ളാറ്റില്‍ നിന്നും വീട്ടു ജോലിക്കാരി വീണു മരിച്ച സംഭവം: ഫ്‌ളാറ്റുടമയെ പോലിസ് അറസ്റ്റു ചെയ്തു
അഡ്വ.ഇംത്യാസ് അഹമ്മദിനെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തത്.നേരത്തെ ഇയാള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതു പ്രകാരം ഇന്ന് പോലിസിനു മുന്നില്‍ ഹാജരാകുകയായിരുന്നു.തുടര്‍ന്ന് പോലിസ് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു
കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് വീണ് വീട്ടുജോലിക്കാരിയായ സേലം സ്വദേശിനി കുമാരി (40) മരിച്ച സംഭവത്തില്‍ ഫ്‌ളാറ്റുടമയെ പോലീസ് അറസ്റ്റു ചെയ്തു.അഡ്വ.ഇംത്യാസ് അഹമ്മദിനെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തത്.നേരത്തെ ഇയാള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതു പ്രകാരം ഇന്ന് പോലിസിനു മുന്നില്‍ ഹാജരാകുകയായിരുന്നു.തുടര്‍ന്ന് പോലിസ് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.അന്യായമായി അടിമയെപ്പോലെ ജോലി ചെയ്യിക്കുക,അന്യായമായി തടങ്കലില്‍ വെയ്ക്കുക,ഭീഷണിപ്പെടുത്തുക,വ്യാജമായി തെളിവുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് എറണാകുളം സെന്‍ട്രല്‍ സി ഐ എസ് വിജയ ശങ്കര്‍ പറഞ്ഞു.
ഈ മാസം അഞ്ചിനാണ് മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ നിന്നും കുമാരി താഴെ വീണത്.ഫ്‌ളാറ്റില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ താഴെ വീണ് ഗുരുതരമായി പരിക്കേറ്റ കുമാരിയെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇവിടെ ചികില്‍സയിലിരിക്കെ കുമാരി ഈ മാസം 12 ന് മരിച്ചു.കുമാരിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ശ്രീനിവാസനും ബന്ധുക്കളും രംഗത്തെത്തുകയും ഈ ആവശ്യം ഉന്നയിച്ച് സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയിരുന്നു.
.പോലിസ് അനേഷണം നടത്തിവരുന്നതിനിടയില്‍ ഇംത്യാസ് അഹമ്മദ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുകയും കോടതി ജാമ്യം നല്‍കുകയും ചെയ്തിരുന്നു.ഇതേ തുടര്‍ന്നാണ് ഇംത്യാസ് അഹമ്മദ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരായത്.