വിദ്യാഭ്യാസക്രമത്തില്‍ ബഹുസ്വരതയുടെ ആദര്‍ശങ്ങളും മൂല്യങ്ങളും പ്രാവര്‍ത്തികമാകണം: സമദാനി എംപി

കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍(കെഎഎംഎ)സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഭാഷാ സമര അനുസ്മരണ ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2022-07-31 03:48 GMT

കോഴിക്കോട്: വിദ്യാഭ്യാസക്രമത്തില്‍ ബഹുസ്വരതയുടെ ആദര്‍ശങ്ങളും മൂല്യങ്ങളുമാണ് പ്രാവര്‍ത്തികമാക്കേണ്ടതെന്ന് ഡോ. എംപി അബ്ദുസ്സമദ് സമദാനി എം പി. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍(കെഎഎംഎ)സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഭാഷാ സമര അനുസ്മരണ ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹിക, സാംസ്‌കാരിക വൈവിധ്യങ്ങളെയും ഭാഷാഭേദങ്ങളെയും അംഗീകരിച്ചും സ്വാംശീകരിച്ചുമുള്ള പാഠ്യപദ്ധതികളെയാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. നാല് പതിറ്റാണ്ട് കാലം മുമ്പ് നടന്ന ഭാഷാസമരം ബഹുസ്വരതയുടെ അനിവാര്യ താല്പര്യങ്ങള്‍ക്ക് വേണ്ടി നടത്തപ്പെട്ട പോരാട്ടമായിരുന്നു.

ആപല്‍ക്കരമായ അകല്‍ച്ചയും അപരത്വനിര്‍മിതിയും അരങ്ങുവാഴുന്ന ഇക്കാലത്ത് ബഹുസ്വരതയുടെ മൂല്യങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണ്. സ്വന്തമായ രീതികള്‍ പാലിച്ചും അതില്‍ നിലകൊണ്ടും തന്നെ വൈവിദ്ധ്യത്തെ അംഗീകരിക്കാനുള്ള മനസ്സാണ് ആവശ്യമായിട്ടുള്ളത്. സങ്കുചിതമനസ്സുകള്‍ സൃഷ്ടിക്കുന്ന അസഹിഷ്ണുതകള്‍ ലോകത്ത് വലിയ കെടുതികളാണ് വിതക്കുന്നത്. ജനാധിപത്യം ആവശ്യപ്പെടുന്ന വിശാല വീക്ഷണം കൊണ്ടാണ് അതിനെ നേരിടേണ്ടത്.

ഭാഷകള്‍ക്കിടയില്‍ വിവേചനം കല്‍പിക്കുന്നത് മാനവ വിരുദ്ധമാണ്. എല്ലാ ഭാഷകളും മാനവരാശിയുടെ പൊതുസമ്പത്താണ്. കൂടുതല്‍ ഭാഷകള്‍ പഠിക്കുംതോറും മനസ്സ് കൂടുതല്‍ വികസിക്കുകയും വിശാലമായിത്തീരുകയും ചെയ്യും. അതുകൊണ്ട് വിദ്യാഭ്യാസക്രമത്തില്‍ മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് തന്നെ മറ്റു ഭാഷകളും പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കുകയാണ് വേണ്ടത്.

ഇന്ത്യയുടെ ദേശീയ സംസ്‌കാരത്തെയും ഭാഷയെയും അനല്പമായി സ്വാധീനിച്ച ഭാഷയാണ് അറബി. ലോക സംസ്‌കാരത്തിന്റെ വികാസത്തില്‍ സുപ്രധാനമായ പങ്കു വഹിച്ച അറബിഭാഷക്ക് ഇക്കാലത്ത് വലിയ രാജ്യാന്തരപ്രാധാന്യവും കൈവന്നിരിക്കുന്നുവെന്നും ഡോ. എം പി അബ്ദുസമദ് സമദാനി എംപി പറഞ്ഞു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അനുസ്മരണ പ്രഭാഷണം നടത്തി. കെഎഎംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി പി ഫിറോസ് സ്വാഗതം പറഞ്ഞു. മുജീബുല്ല ഐഎംഇ, സംഗീത റോബര്‍ട്, എസ് നിഹാസ്, എം സലാഹുദ്ധീന്‍, കെ കെ ഫസല്‍ തങ്ങള്‍, ഇ. ഐ. സിറാജ് മദനി, ഇ ഐ മുജീബ്, കെ എസ് യാസിര്‍, അബ്ദുല്‍ ലത്തീഫ് ബസ്മല, ഹംസ മദനി, ടി കെ അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News