തിരിതെളിഞ്ഞു ; കൊച്ചിയില്‍ ഇനി അഞ്ചു നാള്‍ സിനിമയുടെ ഉല്‍സവം

സരിത തിയ്യറ്ററില്‍ നടന്ന സമ്മേളനത്തില്‍ ചലച്ചിത്രതാരം മോഹന്‍ലാല്‍ മേളയ്ക്ക് തിരിതെളിച്ചു

Update: 2022-04-01 06:19 GMT

കൊച്ചി: ഐഎഫ്എഫ്‌കെയുടെ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളക്ക് കൊച്ചിയില്‍ തിരിതെളിഞ്ഞു. ഇനിയുള്ള അഞ്ചു നാള്‍ കൊച്ചിക്ക് സിനിമയുടെ ഉല്‍സവം.സരിത തിയ്യറ്ററില്‍ നടന്ന സമ്മേളനത്തില്‍ ചലച്ചിത്രതാരം മോഹന്‍ലാല്‍ മേളയ്ക്ക് തിരിതെളിച്ചു.മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ മുഖ്യാതിഥിയായിരുന്നു.ടി ജെ വിനോദ് എംഎല്‍എ, കൊച്ചി മേയര്‍ അഡ്വ.എം അനില്‍കമാര്‍,സംവിധായകന്‍ ജോഷി,അക്കാദമി ചെയര്‍മാന്‍ രഞ്ജിത്,താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.


സ്ത്രീ അതിജീവനത്തിന്റെ കഥ പറയുന്ന രെഹ്ന മറിയം നൂര്‍ ആണ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്നത്.. വിവിധ രാജ്യങ്ങളില്‍ നിന്നായി 68 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.സരിത, സവിത, കവിത തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 26ാമത് ഐഎഫ്എഫ്‌കെയില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സുവര്‍ണചകോരം ലഭിച്ച 'ക്ലാര സോള', പ്രേക്ഷകപ്രീതി ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ച 'കൂഴങ്കല്‍', മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ 'കമീല കംസ് ഔട്ട് റ്റുനൈറ്റ്, ഫിപ്രസ്‌കി, നെറ്റ്പാക് പുരസ്‌കാരങ്ങള്‍ നേടിയ 'ആവാസവ്യൂഹം', 'നിഷിദ്ധോ', 'കുമ്മാട്ടി'യുടെ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പ് തുടങ്ങി 26ാമത് ഐഎഫ്എഫ്.കെയിലെ പ്രധാനപ്പെട്ട എല്ലാ ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മേളയുടെ ഭാഗമായി, ആദ്യകാല പ്രസ് ഫോട്ടോഗ്രാഫറും 'ചെമ്മീനി'ന്റെ നിശ്ചല ഛായാഗ്രാഹകനുമായ ശിവന്റെ ചലച്ചിത്രസംബന്ധിയായ ഫോട്ടോകളുടെ പ്രദര്‍ശനം, മലയാള സിനിമയുടെ ടൈറ്റില്‍ ഡിസൈനിന്റെ ചരിത്രം പറയുന്ന അനൂപ് രാമകൃഷ്ണന്റെ ഫെലോഷിപ്പ് പ്രബന്ധത്തിലെ പേജുകളുടെ ഡിജിറ്റല്‍ പ്രദര്‍ശനം എന്നീ എക്‌സിബിഷനുകളും ഒരുക്കിയിട്ടുണ്ട്.മേളയോടനുബന്ധിച്ച് ഓപണ്‍ ഫോറം, സെമിനാറുകള്‍, സിംപോസിയം എന്നിവ ഉണ്ടായിരിക്കുന്നതാണ്. https://registration.iffk.in/ എന്ന വെബ്‌സൈറ്റില്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. സരിത തിയേറ്ററില്‍ ഒരുക്കിയിട്ടുള്ള ഡെലിഗേറ്റ് സെല്‍ വഴി നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താം. വിദ്യാര്‍ഥി വിഭാഗത്തിന് 250 രൂപയും പൊതുവിഭാഗത്തിന് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. സിനിമാ രംഗത്ത് അസിസ്റ്റന്റും അസോസിയേറ്റുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദ്യാര്‍ഥികളുടെ അതേ നിരക്കില്‍ ഡെലിഗേറ്റ് ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം.സരിത തിയേറ്ററില്‍ പ്രവര്‍ത്തനം ആരംഭിച്ച ഡെലിഗേറ്റ് സെല്ലില്‍ പാസ് വിതരണത്തിനായി നാല് കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

Tags:    

Similar News