ആശുപത്രികളെ സുരക്ഷിത മേഖലയാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് ഐഎംഎ

നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഒരിഞ്ചുപോലും മുന്നോട്ടുപോയിട്ടില്ല.ആരോഗ്യമേഖലയില്‍ പണം മുടക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ പിന്നോട്ടാണ്.മറ്റു മേഖലകളില്‍ സര്‍ക്കാര്‍ വാരിക്കോരി പണം ചെലവഴിക്കാന്‍ തയ്യാറാകുമ്പോള്‍ ഏറ്റവും പ്രധാന മേഖലയായ ആരോഗ്യമേഖലയില്‍ മുടക്കാന്‍ പണമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്

Update: 2022-04-20 13:16 GMT

കൊച്ചി:ആശുപത്രികള്‍ക്കും ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളെ സുരക്ഷിത മേഖലകളാക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ)സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവല്‍ കോശി. ഐഎംഎ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന തരംഗം യാത്രയോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഒരിഞ്ചുപോലും മുന്നോട്ടുപോയിട്ടില്ല.ആരോഗ്യമേഖലയില്‍ പണം മുടക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ പിന്നോട്ടാണെന്നും ഇദ്ദേഹം പറഞ്ഞു.

മറ്റു മേഖലകളില്‍ സര്‍ക്കാര്‍ വാരിക്കോരി പണം ചെലവഴിക്കാന്‍ തയ്യാറാകുമ്പോള്‍ ഏറ്റവും പ്രധാന മേഖലയായ ആരോഗ്യമേഖലയില്‍ മുടക്കാന്‍ പണമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്നും ഡോ. സാമുവല്‍ കോശി പറഞ്ഞു.ആരോഗ്യമേഖലയില്‍ നടക്കുന്ന ആക്രമണ കേസുകളില്‍ മിക്കതിലും പ്രതികളെ അറസ്റ്റുചെയ്യുന്നതില്‍ പോലിസിന് അലംഭാവമാണ്. ആക്രമണങ്ങള്‍ നിരവധിയുണ്ടായിട്ടും ഒരാള്‍ക്കു പോലും ഇതുവരേയും ശിക്ഷകിട്ടിയിട്ടില്ലെന്നതാണ് വാസ്തവം. വനിതാഡോക്ടര്‍മാര്‍ അടക്കം ആക്രമിക്കപ്പെട്ടിട്ടും വനിതാകമ്മീഷനു പോലും മിണ്ടാട്ടമില്ല.ആരോഗ്യമേഖലയില്‍ നടക്കുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ ആവശ്യത്തിനു ജീവനക്കാരെ വയ്ക്കാത്തതിനാല്‍ അധികഭാരം ചുമക്കേണ്ട അവസ്ഥയുണ്ടെന്നും ഐഎംഎ ഭാരവാഹികള്‍ വ്യക്തമാക്കി.

ചിലകാര്യങ്ങളില്‍ തങ്ങളും തിരുത്തപ്പെടേണ്ടതുണ്ടെന്നാണ് തങ്ങളുടെ വിലയിരുത്തലെന്നും ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു.ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ ചില വ്യവസ്ഥകള്‍ ചെറുതും ഇടത്തരവുമായ ആശുപത്രികളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഒഴിവാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സങ്കരചികില്‍സാ രീതിയ്‌ക്കെതിരെയും ഐഎംഎ രംഗത്തുവന്നു. ശുദ്ധമായ ഓരോ ചികില്‍സാരീതികളെയും ഇല്ലാതാക്കാനേ ഇതുസഹായിക്കൂ. എംബിബിഎസ് യോഗ്യതയില്ലാത്തവര്‍ക്കും ആധുനിക വൈദ്യശാസ്ത്രമേഖല കൈകാര്യം ചെയ്യാന്‍ ബ്രിഡ്്ജ് കോഴ്‌സുകള്‍ വഴി അനുവാദം നല്‍കുന്ന സമ്പ്രദായം ഒഴിവാക്കണം.

ചരകപ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിനു യോജിച്ചതല്ലെന്നും ഐഎംഎ ഭാരവാഹികള്‍ വ്യക്തമാക്കി.യുദ്ധം നിമിത്തം യുക്രെയ്‌നില്‍ നിന്നും മടങ്ങി വന്ന മെഡിക്കല്‍ വിദ്യാര്‍ഥികളെ ഉടന്‍ തന്നെ നമ്മുടെ സംവിധാനത്തിലേക്ക് കൊണ്ടുവരേണ്ടതില്ലെന്ന് ചോദ്യത്തിനു മറുപടിയായി ഡോ. സാമുവല്‍ കോശി പറഞ്ഞു. യുദ്ധം കാലങ്ങളോളമുണ്ടാകില്ല. മടങ്ങിച്ചെല്ലാനുള്ള സാധ്യത ഇല്ലാതെ വരുമ്പോള്‍ ഇക്കാര്യം പരിഗണിച്ചാല്‍ മതിയെന്നാണ് ഐഎംഎയുടെ അഭിപ്രായമെന്നും ഡോ. സാമുവല്‍ കോശി പറഞ്ഞു.സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവെന്‍, വൈസ്പ്രസിഡന്റ് ഡോ. ഗോപികുമാര്‍, ഡോ. ജോയ് മഞ്ഞില, ഡോ. എം എന്‍ മേനോന്‍, ഡോ. ഏബ്രഹാം വര്‍ഗീസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News