സ്വാതന്ത്ര്യ സംരക്ഷണത്തിന് സമര സജ്ജരാവുക: ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ

സ്വാതന്ത്ര്യ സംരക്ഷണ സമ്മേളനം ജംഇയ്യത്തുൽ ഉലമാ ഏ ഹിന്ദ് സംസ്ഥാന ജനറൽ സെക്രട്ടറി വി എച്ച് അലിയാർ ഖാസിമി ഉദ്ഘാടനം ചെയ്തു.

Update: 2021-08-16 00:45 GMT

തിരുവനന്തപുരം: ഇന്ത്യാ രാജ്യം വൈദേശികാധിപത്യത്തിൽ നിന്നും സ്വതന്ത്രമായതിന്റെ എഴുപത്തിയഞ്ചാം ഓർമ്മ ദിനം ആചരിക്കുമ്പോൾ ഹിന്ദുത്വ ഭരണകൂടത്തിന്റെ സ്വാതന്ത്ര്യ നിഷേധങ്ങൾക്കും, അടിച്ചമർത്തലുകൾക്കുമെതിരേ സ്വാതന്ത്ര്യ സംരക്ഷണത്തിനായി എല്ലാവരും സമര സജ്ജരാകണമെന്ന് ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സ്വാതന്ത്ര്യ സംരക്ഷണ സമ്മേളനം ആഹ്വാനം ചെയ്തു.

സ്വാതന്ത്ര്യം ദൈവദത്തം, ജൻമസിദ്ധം സ്വാതന്ത്ര്യ സംരക്ഷണ സമരത്തിന് സജ്ജരാവുക എന്ന പ്രമേയത്തിൽ ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ തിരുവനന്തപുരം, ഹോട്ടൽ ഹൈലാൻറ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ സമ്മേളനം ജംഇയ്യത്തുൽ ഉലമാ ഏ ഹിന്ദ് സംസ്ഥാന ജനറൽ സെക്രട്ടറി വി എച്ച് അലിയാർ ഖാസിമി ഉദ്ഘാടനം ചെയ്തു.

ദൈവദത്തമായ അനുഗ്രഹവും ജന്മസിദ്ധമായ അവകാശവുമാണ് സ്വാതന്ത്ര്യം എന്നത് സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും വലിയ തിരിച്ചറിവാണ്. ദൈവം പഠിപ്പിച്ചത് സമത്വവും നീതിയും സ്വാതന്ത്ര്യവുമാണ്. അതിന് എതിരായ ചാതുർവർണ്യ വ്യവസ്ഥയാണ് രാജ്യത്തെ വീണ്ടും അടിമപ്പെടുത്തിയിരിക്കുന്നത്. അതിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ സമര സജ്ജരാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം ഫതഹുദ്ദീൻ റഷാദി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഹാഫിസ് അഫ്സൽ ഖാസിമി സന്ദേശം നൽകി. പൂർവ്വികർ പൊരുതി നേടിയ സ്വാതന്ത്ര്യം സർവ്വ മേഖലകളിലും ഹനിക്കപ്പെടുമ്പോൾ

സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പിനായി നിലകൊളളണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഹാഫിസ് നിഷാദ് റഷാദി, സൈനുദ്ദീൻ ബാഖവി, വയ്യാനം ഷാജഹാൻ മന്നാനി, അബ്ദുൽ ഹാദി മൗലവി തുടങ്ങിയവർ സംബന്ധിച്ചു.

Similar News