ദലിത് വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിന് വരുമാന പരിധി; എല്‍ഡിഎഫ് സര്‍ക്കാരിന് സംഘ്പരിവാര്‍ നയമെന്ന് ഡിഎസ്എ
സാമ്പത്തിക സംവരണം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചു ജാതിസംവരണത്തെയും അതുവഴി സംവരണമെന്ന ആശയത്തെ തന്നെയും ഇല്ലാതാക്കന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അതേ നയം തന്നെയാണ് കേരള സര്‍ക്കാരും നടപ്പിലാക്കുന്നതെന്ന് ഡിഎസ്എ ആരോപിച്ചു.
കോഴിക്കോട്: ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന ദലിത് വിദ്യാര്‍ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പിന് രണ്ടര ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് ദലിത് വിരുദ്ധമാണെന്ന് ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി.
പട്ടികജാതി വികസന വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പൊതു വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം 2.5 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷികവരുമാനമുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റ് നിഷേധിച്ചിരിക്കുകയാണ്. സാമ്പത്തിക സംവരണം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചു ജാതിസംവരണത്തെയും അതുവഴി സംവരണമെന്ന ആശയത്തെ തന്നെയും ഇല്ലാതാക്കന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അതേ നയം തന്നെയാണ് കേരളം ഭരിക്കുന്ന ഇടതെന്നു സ്വയം അവകാശപ്പെടുന്ന സര്‍ക്കാരും നടപ്പിലാക്കുന്നതെന്ന് ഡിഎസ്എ വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.
മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്കു സംവരണം ഏര്‍പെടുത്തിയതും സംവരണ വ്യവസ്ഥയില്‍ ക്രീമി ലയര്‍ ഉള്‍പെടുത്തിയതും ജാതി സംവരണ വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. സംവരണം ഒരു സാമ്പത്തികൊന്നമന പദ്ധതി അല്ലെന്നും മറിച്ചു സാമൂഹ്യ പദവിയുമായും രാഷ്ട്രീയ അധികാരവുമായും ബന്ധപ്പെട്ട ഒന്നാണെന്നും എല്ലാവര്‍ക്കും അറിയാം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലവിലെ ഈ നീക്കം സംവരണം എന്ന ആശയത്തെ പൊളിച്ചു കളയാന്‍ ഉള്ള സംഘപരിവാര്‍ ആശയത്തിന് നടത്തുന്ന പാദസേവ ആണ്. സാമ്പത്തിക വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ മര്‍ദിത ജാതികളുടെ അവകാശം ആണ്. അതിനെ തകര്‍ക്കാനുള്ള കേരള സര്‍ക്കാര്‍ നീക്കത്തെ തിരിച്ചറിണമെന്നും പ്രതിഷേധിക്കണമെന്നും ഡിഎസ്എ സംസ്ഥാന കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.