ഇന്ത്യയുടേത് സ്വാംശീകരണത്തിന്റെ സംസ്കാരം: കെ പി രാമനുണ്ണി

സ്നേഹത്തിന്റെ പ്രവാചക പാഠങ്ങൾ എന്ന വിഷയത്തിൽ മുസ്ലിം കോ-ഓഡിനേഷൻ കമ്മറ്റി സംഘടിപ്പിച്ച സുഹൃദ് സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Update: 2021-10-27 18:22 GMT

പെരിന്തൽമണ്ണ: ഭിന്നമായ സംസ്ക്കാരങ്ങൾ ഒഴുകിപ്പരന്ന് ഒന്നായതാണ് ഭാരതത്തിന്റെ പൈതൃകമെന്നും സ്വാംശീകരണത്തിന്റെയും ഉൾച്ചേർക്കലിന്റെയും പാരമ്പര്യമാണ് നമ്മുടേതെന്നും എഴുത്തുകാരൻ കെ പി രാമനുണ്ണി പ്രസ്താവിച്ചു. സ്നേഹത്തിന്റെ പ്രവാചക പാഠങ്ങൾ എന്ന വിഷയത്തിൽ മുസ്ലിം കോ-ഓഡിനേഷൻ കമ്മറ്റി സംഘടിപ്പിച്ച സുഹൃദ് സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചകൻ വിഭാവനം ചെയ്ത മദീന സമൂഹത്തിന്റെ കൊച്ചു പതിപ്പാണ് ബഹുസ്വര കേരളമെന്നും നബി ജീവിതത്തിന്റെ ഓരോ മുഹൂർത്തവും മാനവ സമൂഹത്തിനുള്ള ഓരോ സന്ദേശമാണെന്നും വിദ്വേഷം വളർന്നു വന്ന രാജ്യങ്ങളെല്ലാം നശിച്ചു പോയ അനുഭവമാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോ-ഓഡിനേഷൻ കമ്മറ്റി ചെയർമാൻ ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി അദ്ധ്യക്ഷത വഹിച്ചു. ബഹുസ്വരതയുടെ വർണാഭമായ സൗന്ദര്യമാണ് സർവമത സ്നേഹത്തിലൂടെ സാജാതമാകേണ്ടതെന്ന് ഫാ.ഫ്രെഡിൻ ജോസഫ് അഭിപ്രായപ്പെട്ടു. ലോകം അഭിമൂഖീകരിക്കുന്ന പ്രതിസന്ധികളെ അതിജയിക്കാൻ പ്രവാചക ജീവിതത്തെ സംബന്ധിച സമഗ്രമായ പഠനമാണ് നടക്കേണ്ടതെന്നും ചരിത്ര രചനയുടെ വൈകല്യങ്ങളാണ് കലുഷിതമായ സാഹചര്യം സൃഷ്ടിക്കുന്നതെന്നും അബ്ദുൽ ഹക്കീം നദ്‌വി പറഞ്ഞു.

സ്നേഹം കാരുണ്യം ദയ എന്നിവയുടെ മഹനീയ മാതൃകയാണ് നബി ജീവിതമെന്നും വിശ്വ സമാധാന പദ്ധതിയായിട്ടാണ് മതത്തെ പ്രവാചകൻ അവതരിപ്പിച്ചതെന്നും അബ്ദുൽ ഹമീദ് പറപ്പൂർ അഭിപ്രായപ്പെട്ടു. ഡോ. രാംദാസ് സ്നേഹ ഭാഷണം നിർവഹിച്ചു. ഉസ്മാൻ താമരത്ത് ചർച്ച സംഗ്രഹിച്ചു കൊണ്ട് പ്രസംഗിച്ചു.

അബൂബക്കർ വളപുരം , എ കെ നാസർ അഡ്വ. എസ് അബ്ദുസ്സലാം, ശമീർ ഫൈസി ഒടമല, പി ബഷീർ, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, ഷക്കീർ ആലിക്കൽ, ബഷീർ പാറൽ,എന്നിവർ നേതൃത്വം നൽകി. പച്ചീരി ഫാറൂഖ് സ്വാഗതവും എൻ ടി സി മജീദ് നന്ദിയും പറഞ്ഞു.

Similar News