കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍നിന്ന് അനര്‍ഹരെ ഒഴിവാക്കും

Update: 2021-09-18 03:50 GMT

തിരുവനന്തപുരം: കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍നിന്ന് അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കാന്‍ തീരുമാനം. തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത നിര്‍മാണമേഖലയിലെ തൊഴിലാളി സംഘടനകളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. തീരുമാനത്തെ തൊഴിലാളി സംഘടനകള്‍ ഒന്നടങ്കം പിന്തുണച്ചു. അനര്‍ഹരെ ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായി തൊഴിലാളികളുടെ ആധാര്‍ അധിഷ്ഠിത ഡാറ്റാബേസ് തയ്യാറാക്കും.

നിര്‍മാണ ക്ഷേമനിധി ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 3.18 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് പ്രതിമാസം 50 കോടി രൂപ ചെലവാകും. ഈ പശ്ചാത്തലത്തില്‍ കേരള കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള സെസ് പിരിവ് ഊര്‍ജിതമാക്കണം. സെസ് പിരിവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടത്താന്‍ ആണ് തീരുമാനം. നിലവിലുള്ള സെസ് കുടിശ്ശിക പിരിച്ചെടുക്കാന്‍ തൊഴില്‍വകുപ്പ് നടപടി സ്വീകരിക്കും. ഇതിനായി സെസ് അദാലത്തുകള്‍ സംഘടിപ്പിക്കാനും റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.

നിര്‍മാണ മേഖലയിലെ അന്തര്‍സംസ്ഥാന തൊഴിലാളികളെ ക്ഷേമ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളും ആരംഭിക്കും. ലേബര്‍ കമ്മീഷണര്‍ ഡോ. എസ് ചിത്ര, കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ വി ശശികുമാര്‍, ആര്‍ ചന്ദ്രശേഖരന്‍, കെ പി സഹദേവന്‍, കോനിക്കര പ്രഭാകരന്‍, വിജയന്‍ കുനുശ്ശേരി തുടങ്ങി വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍ പങ്കെടുത്തു.

Tags:    

Similar News