അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തലവന്‍ പിടിയില്‍
ആന്ധ്രപ്രദേശ്, മകവാരപാളയം സീതണ്ണ അഗ്രഹാരത്തില്‍, പല്ലശ്രീനിവാസ റാവു (26) ആണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്യത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. മകവാര പാളയത്തില്‍ ടാക്‌സി ഓടിക്കുന്നയാളാണ് പിടിയിലായ പല്ലശ്രീനിവാസ റാവു. വിജയവാഡയില്‍ നിന്നും മൂന്നൂറ് കിലോമീറ്റര്‍ ഉള്‍പ്രദേശത്ത് പോലിസ് മൂന്നു ദിവസങ്ങളിലായി നടത്തിയ ഓപ്പറേഷന് ഒടുവിലാണ് ഇയാളെ പിടിക്കാന്‍ കഴിഞ്ഞത്
കൊച്ചി: അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിന്റെ തലവനായ ആന്ധ്ര സ്വദേശി എറണാകുളം റൂറല്‍ പോലിസിന്റെ പിടിയില്‍. ആന്ധ്രപ്രദേശ്, മകവാരപാളയം സീതണ്ണ അഗ്രഹാരത്തില്‍, പല്ലശ്രീനിവാസ റാവു (26) ആണ് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്യത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. മകവാര പാളയത്തില്‍ ടാക്‌സി ഓടിക്കുന്നയാളാണ് പിടിയിലായ പല്ലശ്രീനിവാസ റാവു. വിജയവാഡയില്‍ നിന്നും മൂന്നൂറ് കിലോമീറ്റര്‍ ഉള്‍പ്രദേശത്ത് പോലിസ് മൂന്നു ദിവസങ്ങളിലായി നടത്തിയ ഓപ്പറേഷന് ഒടുവിലാണ് ഇയാളെ പിടിക്കാന്‍ കഴിഞ്ഞത്.
കഞ്ചാവ് വാങ്ങാനെന്നു പറഞ്ഞ് ശ്രീനിവാസ റാവുവിനെ സംഘം സമീപിക്കുകയായിരുന്നു. വിലപറഞ്ഞ് സാമ്പിളുമായെത്തുമ്പോഴാണ് ഇയാളെ പിടകൂടിയത്. അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.സാമ്പിള്‍ കാണിച്ച് വില പറഞ്ഞ് ഉറപ്പിച്ച ശേഷം ഹൈവേയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ആവശ്യക്കാരുടെ വാഹനവുമായി ഉള്‍വനത്തിലേക്ക് പോവുകയാണ് ഇയാള്‍ ചെയ്യുന്നത്. മണിക്കൂറുകള്‍ക്ക് ശേഷം പായ്ക്ക് ചെയ്ത കഞ്ചാവുമായി വാഹനം ഹൈവേയിലത്തി കൈമാറുകയാണ് പതിവ്. ഇത്തരത്തില്‍ ആയിര കണക്കിന് കിലോ കഞ്ചാവ് കേരളത്തിലെത്തിക്കാന്‍ ഇടനിലക്കാരനായി ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ രണ്ട് ആഡംബരക്കാറുകളില്‍ കടത്തുകയായിരുന്ന 105 കിലോ കഞ്ചാവ് അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വച്ച് പിടികൂടിയ സംഭവത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്യത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. കഞ്ചാവ് കടത്ത് നടത്തുന്ന സംഘത്തിന്റെ വേരറുക്കാന്‍ ലക്ഷ്യമിട്ട് ഇത്തരത്തില്‍ നടത്തിയ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലായി കൂടുതല്‍ കഞ്ചാവ് ശേഖരങ്ങള്‍ കണ്ടെത്തുകയും കടത്ത് സംഘത്തിലെ പ്രധാനികളും മൊത്ത വിതരണക്കാരുമായ ഏഴു പേരെ ഇതിനോടകം അറസ്റ്റ് ചെയ്യുകയും ചെയ്തു. കേരളത്തിലേക്കുള്ള കഞ്ചാവ് വിതരണ ശൃംഖലയെകുറിച്ചുള്ള വ്യക്തമായ വിവരവും അന്വേഷണത്തില്‍ ലഭിച്ചിരുന്നു. ഉത്തര ആന്ധ്രയുടെ അതിര്‍ത്തിയിലെ ആദിവാസി മേഖലകളാണ് കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തിന്റെ ഉറവിടമെന്ന് പോലിസ് പറഞ്ഞു.
തദ്ദേശവാസികളായ ചിലരുടെ ഒത്താശയും കഞ്ചാവ് കടത്ത് സംഘത്തിന് ലഭിക്കുന്നുണ്ട് തന്മൂലം ഇവരെ പിടികൂടുക എന്നത് വളരെ ദുഷ്‌കരമാണ്. അന്വേഷണ സംഘത്തിന് നേരെ പലപ്പോഴും ആക്രമണങ്ങളും നടന്നിട്ടുണ്ട്. ഇയാളെ പിടികൂടാന്‍ സാധിച്ചതിലൂടെ കേരളത്തിലെ കഞ്ചാവ് ശ്രംഖല തകര്‍ക്കാന്‍ കഴിയുമെന്നും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നും അന്വേഷണസംഘത്തലവന്‍ കെ കാര്‍ത്തിക് പറഞ്ഞു. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ അശ്വകുമാര്‍, സി ഐ എം സുരേന്ദ്രന്‍, സബ് ഇന്‍സ്‌പെക്ടര്‍ ടി എം സുഫി, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ റോണി അഗസ്റ്റിന്‍, പി എസ് ജീമോന്‍ , പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.