വാഹനങ്ങളില്‍ എച്ച്എസ്ആര്‍പി നമ്പര്‍ പ്ലേറ്റുകളും സ്മാര്‍ട്കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സുകളും ആര്‍സികളും നടപ്പാക്കണം: ഡോ. കമല്‍ സോയി

ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവും സുപ്രീം കോടതിയുടെ കര്‍ശന വിധികളുമുണ്ടായിട്ടും കേരളത്തിലെ നിലവിലുള്ള വാഹനങ്ങളില്‍ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റുകള്‍ (എച്ച്എസ്ആര്‍പി) സ്ഥാപിച്ചു തുടങ്ങിയിട്ടില്ലെന്ന് രാഹത് സേഫ് കമ്യൂണിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാനും ദേശീയ റോഡ് സുരക്ഷാ കൗണ്‍സില്‍ അംഗവുമായ ഡോ. കമല്‍ സോയി വ്യക്തമാക്കി

Update: 2021-09-23 16:04 GMT

കൊച്ചി: കേരളത്തിലെ നിലവിലുള്ള വാഹനങ്ങളില്‍ എച്ച്എസ്ആര്‍പി നമ്പര്‍ പ്ലേറ്റുകളും സ്മാര്‍ട്കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സുകളും ആര്‍സികളും നടപ്പാക്കണമെന്ന് രാഹത് സേഫ് കമ്യൂണിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാനും ദേശീയ റോഡ് സുരക്ഷാ കൗണ്‍സില്‍ അംഗവുമായ ഡോ. കമല്‍ സോയി.ഈ ആവശ്യവുമായി കേരളത്തിലെത്തിയ ഡോ. സോയി തിരുവനന്തപുരത്ത് ഗതാഗതമന്ത്രിയേയും ഉന്നത ഉദ്യോഗസ്ഥരെയും കണ്ടു.

ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവും സുപ്രീം കോടതിയുടെ കര്‍ശന വിധികളുമുണ്ടായിട്ടും കേരളത്തിലെ നിലവിലുള്ള വാഹനങ്ങളില്‍ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റുകള്‍ (എച്ച്എസ്ആര്‍പി) സ്ഥാപിച്ചു തുടങ്ങിയിട്ടില്ലെന്ന് ഡോ. കമല്‍ സോയി വ്യക്തമാക്കി. റോഡ് സുരക്ഷാ വിദഗ്ധനെന്ന നിലയിലും ദേശീയ റോഡ് സുരക്ഷാ കൗണ്‍സില്‍ അംഗമെന്ന നിലയിലുമുള്ള കടമ നിറവേറ്റാനാണ് ഈ ആവശ്യമുന്നയിച്ച് താന്‍ കേരളത്തിലെത്തിയിരിക്കുന്നതെന്ന് ഡോ. കമല്‍ സോയി പറഞ്ഞു.

'ഈ ആവശ്യമുന്നയിച്ച് സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു, വിവിധ സീനിയര്‍ ഉദ്യോഗസ്ഥരേയും സന്ദര്‍ശിച്ചുവെന്നും ഡോ. സിംഗ് പറഞ്ഞു. ഇവയ്‌ക്കൊപ്പം സ്മാര്‍ട്കാര്‍ഡ്അധിഷ്ഠിത ഡ്രൈവിംഗ് ലൈസന്‍സുകളും രജിസ്‌ട്രേഷന്‍ കാര്‍ഡുകളും നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ ആകെ 1.52 കോടി വാഹനങ്ങളുണ്ടെന്നും ഇതില്‍ 90%വും നിലവിലുള്ള (പഴയ) വാഹനങ്ങളാണെന്നും ഡോ. കമല്‍ സോയി ചൂണ്ടിക്കാണിച്ചു.സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്ക്ള്‍ റൂള്‍സിന്റെ (സിഎംവിആര്‍) മാര്‍ഗനിര്‍ദേശ പ്രകാരവും കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസ് മന്ത്രാലയത്തിന്റെ വിജ്ഞാപനങ്ങള്‍, സുപ്രീം കോടതിയുടെ കാലാകാലങ്ങളിലുള്ള നിര്‍ദേശങ്ങള്‍ പ്രകാരവും പഴയതും പുതിയതുമായ വാഹനങ്ങളില്‍ എച്ച്എസ്ആര്‍പി നടപ്പാക്കണമെന്ന് ഉത്തരവുകള്‍ ഉള്ളതാണ്.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എച്ച്എസ്ആര്‍പി നടപ്പാക്കുന്നില്ലെന്നത് ഗൗരവത്തോടെ കണ്ട സുപ്രീം കോടതി 13-07-2018ല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും എച്ച്എസ്ആര്‍പി സ്‌കീം ഉടനടി നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കേണ്ടത് അതത് സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാരുടെ കര്‍ശനമായ ഉത്തരാവദിത്തമാണെന്നും ആവശ്യമായ നടപടികള്‍ക്കായി ഉത്തരവിന്റെ കോപ്പി എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും എത്തിയ്ക്കണമെന്നുമാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

ഇതനുസരിച്ച് 2018 ജൂലൈ 18ന് സുപ്രീം കോടതി അസിസ്റ്റന്റ് രജിസ്ട്രാര്‍ കേരളത്തിലെ ചീഫ് സെക്രട്ടറിക്കും ഉത്തരവിന്റെ സര്‍ട്ടിഫൈഡ് കോപ്പി അയക്കുകയുണ്ടായി.എച്ച്എസ്ആര്‍പിയും കളര്‍ കോഡഡ് സ്റ്റിക്കറുകളും ഉപയോഗിച്ചു തുടങ്ങുന്നതിന്റെ പുരോഗതി എന്‍വയോണ്‍മെന്റ് പൊലൂഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ അതോറിറ്റിയും (ഇപിസിഎ) സുപ്രീം കോടതിയും നിരീക്ഷിച്ചു വരികയാണെന്ന് ഡോ. സോയി പറഞ്ഞു.

വാഹനത്തിന്റെ ഇന്ധനമനുസരിച്ചുള്ള കളര്‍ കോഡഡ് സ്റ്റിക്കറുകള്‍ ഉപയോഗിക്കാനും സുപ്രീം കോടതി നിര്‍ദേശമുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അറിയിപ്പു പ്രകാരം 2019 ഏപ്രില്‍ 1നോ അതിനു ശേഷമോ വില്‍ക്കപ്പെടുന്ന വാഹങ്ങള്‍ക്ക് നിശ്ചിത എച്ച്എസ്ആര്‍പികള്‍ ആവശ്യമുണ്ട്. ഇവ വാഹനനിര്‍മാതാക്കള്‍ ഡീലര്‍മാര്‍ക്ക് നല്‍കകയും ഡീലര്‍മാര്‍ അവ വാഹനങ്ങളില്‍ സ്ഥാപിക്കുകയും വേണം.

വാഹനത്തിന്റെ സുരക്ഷയ്ക്കും അപകടമോ തീപ്പിടുത്തമോ ഉണ്ടായാല്‍ വാഹനം തിരിച്ചറിയാനും എച്ച്എസ്ആര്‍പി ഉപകരിയ്ക്കുമെന്ന് ഡോ. സോയി ചൂണ്ടിക്കാണിച്ചു. ഐഎന്‍ഡി എന്ന് ക്രോമിയം പ്ലേറ്റിംഗിലാകും എഴുത്ത്. ഇതു മൂലം രാത്രിയിലും നമ്പറുകള്‍ ട്രാക്ക് ചെയ്യാനാകും. വാഹനം അപടകത്തില്‍ കത്തി നശിച്ചാലും രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭ്യമാവുകയും ചെയ്യുമെന്നും ഡോ. സോയി പറഞ്ഞു.

ഗതാഗത മന്ത്രാലയത്തിനു കീഴില്‍ വാഹന്‍, സാരഥി പോര്‍ട്ടലുകള്‍ അടിസ്ഥാനമാക്കിയുള്ള ഡേറ്റാബേസിനും സ്‌കോസ്റ്റ എന്ന സ്മാര്‍ട്കാര്‍ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനും തുടക്കമിട്ടതിനു ശേഷം ഒട്ടേറെ സംസ്ഥാനങ്ങള്‍ സ്മാര്‍ട്കാര്‍ഡ്അധിഷ്ഠിത ഡ്രൈവിംഗ് ലൈസന്‍സുകളും രജിസ്‌ട്രേഷന്‍ കാര്‍ഡുകളും നടപ്പാക്കി. കേരളവും ഇത് നടപ്പാക്കണമെന്നും ഡോ. സോയി അഭ്യര്‍ഥിച്ചു.

Tags:    

Similar News