ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി വിദഗ്ദ്ധരുടെ സംസ്ഥാന സമ്മേളനത്തിന് തുടക്കം
സമ്മേളനത്തിന്റെ ഉദ്ഘാടനം ഐസിസികെ പ്രസിഡന്റ് ഡോ. കെ യു നടരാജന്‍ നിര്‍വഹിച്ചു. ഹൃദയാഘാതം, ഹൃദയത്തിന്റെ പ്രവര്‍ത്തന വൈകല്യങ്ങള്‍, രക്തക്കുഴലുകളിലെ സങ്കീര്‍ണമായ ബ്ലോക്കുകള്‍ എന്നിവയുടെ ചികില്‍സക്കായി വിപുലമായ കത്തീറ്റര്‍ അടിസ്ഥാനമാക്കിയുള്ള ചികില്‍സാ രീതികള്‍ ഇന്ന് സംസ്ഥാനത്ത് സാര്‍വ്വത്രികമായി കഴിഞ്ഞുവെന്ന് ഡോ. നടരാജന്‍ പറഞ്ഞു
കൊച്ചി: ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കൗണ്‍സില്‍ ഓഫ് കേരള (ഐസിസികെ)യുടെ വാര്‍ഷിക ശാസ്ത്ര സമ്മേളനം കൊച്ചി ഐഎംഎ ഹൗസില്‍ ആരംഭിച്ചു. ഹൈബ്രിഡ് കോണ്‍ഫറന്‍സ് പ്ലാറ്റ്‌ഫോമിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.സംസ്ഥാനത്ത് സുശക്തവും, കൃത്യതയേറിയതുമായ ഹൃദ്രോഗ ചികില്‍സാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം ഐസിസികെ പ്രസിഡന്റ് ഡോ. കെ യു നടരാജന്‍ നിര്‍വഹിച്ചു.
ഹൃദയാഘാതം, ഹൃദയത്തിന്റെ പ്രവര്‍ത്തന വൈകല്യങ്ങള്‍, രക്തക്കുഴലുകളിലെ സങ്കീര്‍ണമായ ബ്ലോക്കുകള്‍ എന്നിവയുടെ ചികില്‍സക്കായി വിപുലമായ കത്തീറ്റര്‍ അടിസ്ഥാനമാക്കിയുള്ള ചികില്‍സാ രീതികള്‍ ഇന്ന് സംസ്ഥാനത്ത് സാര്‍വ്വത്രികമായി കഴിഞ്ഞുവെന്ന് ഡോ. നടരാജന്‍ പറഞ്ഞു. തുറന്നുള്ള ശസ്ത്രക്രിയകള്‍ വഴിയല്ലാതെ ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ നീക്കം ചെയ്യുക ഹൃദയ വാല്‍വുകള്‍ മാറ്റിസ്ഥാപിക്കുക തുടങ്ങിയവയെല്ലാം സാങ്കേതിക വൈദഗ്ധ്യവും, നൂതന ശാസ്ത്ര രീതികളും, വിദഗ്ദ്ധരുടെ പ്രയോഗിക പരിജ്ഞാനവും, അനുഭവസമ്പത്തും സംയോജിപ്പിച്ചാണ് നടത്തുന്നത്. ഏറ്റവും സങ്കീര്‍ണവും അപ്രതീക്ഷിതവുമായ സാഹചര്യങ്ങളെ നേരിടാന്‍ മികച്ച ചികില്‍സാ നടപടിക്രമങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് ഡോ. കെ യു നടരാജന്‍ പറഞ്ഞു.
അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ഏറ്റവും പുതിയ ചികില്‍സാ സാങ്കേതികവിദ്യകള്‍ സംസ്ഥാനത്തുണ്ട്. ഹൃദയാഘാത ചികില്‍സാ ലഭ്യതയിലും ഒന്നാമതാണ് കേരളം. മിക്ക രോഗികള്‍ക്കും 20 മിനുട്ട് ദൂരത്ത് ആധുനിക ഹൃദ്രോഗ ചികില്‍സ സംവിധാനങ്ങള്‍ ലഭ്യമാണെന്ന് ശാസ്ത്ര സമ്മേളനത്തിന്റെ ചെയര്‍മാന്‍ ഡോ. പി ബി ജയഗാപാല്‍ പറഞ്ഞു.നേരത്തെയുള്ള ഹൃദോഗ ചികില്‍സയുടെ നേട്ടങ്ങളെ സംബന്ധിച്ച് പൊതുജനാവബോധം സൃഷ്ടിക്കേണ്ടതും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.ഡോ.എസ് നന്ദകുമാര്‍, ഡോ.ഇ രാജീവ് , ഡോ.പ്ലാസിഡ് സെബാസ്റ്റ്യന്‍ സമ്മേളനത്തില്‍ സംസാരിച്ചു.
സങ്കീര്‍ണ ഹൃദ്രോഗങ്ങളില്‍ വിദഗ്ദ്ധര്‍ അവലംബിക്കുന്ന വ്യത്യസ്തവും നൂതനവുമായ ശസ്തക്രിയ രീതികളും അവയുടെ പ്രായോഗിക വശങ്ങളും സംബന്ധിച്ച അറിവ് പങ്കിടുന്നതാണ് രണ്ടു ദിവസത്തെ സമ്മേളനം. വിവിധ ഇന്റര്‍വെന്‍ഷന്‍ ചികില്‍സാ രീതികള്‍, ഹൃദയധമനി പൂര്‍ണമായി അടഞ്ഞുണ്ടാകുന്ന സങ്കീര്‍ണ ഹൃദ്രോഗങ്ങള്‍ (ക്രോണിക് ടോട്ടല്‍ ഒക്ലൂഷന്‍), കാല്‍സിഫൈഡ് ബ്ലോക്കുകള്‍, കൊറേണയും ഹൃദ്രോഗങ്ങളും, ധമനികളിലെ രക്തയോട്ടത്തിന്റെ തോത് അളന്ന് ബ്ലോക്കുകളുടെ കാഠിന്യം നിര്‍ണ്ണയിക്കുന്ന ഫിസിയോളജി സാങ്കേതിക വിദ്യകള്‍, അടഞ്ഞ രക്തക്കുഴലുകളുടെ ഉള്‍വശം ചിത്രീകരിക്കുന്ന ഇമേജിങ്ങ് സാങ്കേതിക വിദ്യകള്‍ എന്നിവ സംബന്ധിച്ച് പ്രത്യേക സെഷനുകള്‍ നടക്കും. സംസ്ഥാനത്തുടനീളമുള്ള ഇരുനൂറിലധികം ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുകള്‍ ഹൈബ്രിഡ് പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.