ഐഎസ്ആര്‍ഒ ചാരക്കേസ്: മാനനഷ്ട കേസില്‍ സര്‍ക്കാര്‍ പുനപരിശോധന ഹരജി നല്‍കി

പോലിസ് ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടം ഈടാക്കരുതെന്ന കോടതി പരാമർശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പുനപരിശോധനാ ഹരജി നല്‍കിയത്.

Update: 2020-03-07 06:30 GMT

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണൻ നൽകിയ മാനനഷ്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധന ഹരജി നല്‍കി. പോലിസ് ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടം ഈടാക്കരുതെന്ന കോടതി പരാമർശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.

സംസ്ഥാന സർക്കാർ തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് നമ്പി നാരായണന്‍ കോടതിയെ സമീപിച്ചിരുന്നു. കേസിൽ കുറ്റവിമുക്തനായ ശേഷമായിരുന്നു ഈ നീക്കം. അന്നത്തെ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഒരു കോടി 30 ലക്ഷം ആവശ്യപ്പെട്ട് മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.

എന്നാൽ സര്‍ക്കാരുമായുണ്ടായ ധാരണയിൽ പിന്നീട് നമ്പിനാരായണന്‍ കേസ് പിന്‍വലിച്ചു. സര്‍ക്കാര്‍ ആദ്യം പണം നൽകിയ ശേഷം കോടതി കുറ്റക്കാരെന്ന് നിരീക്ഷിച്ച ഉദ്യോഗസ്ഥരില്‍ നിന്നും ഈ പണം ഈടാക്കാനുമായിരുന്നു ധാരണ. സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക നല്‍കിയതോടെ നമ്പി നാരായണന്‍ കേസ് പിന്‍വലിച്ചു.

എന്നാല്‍ കോടതി രേഖകളില്‍ പോലിസ് ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടം ഈടാക്കാന്‍ പാടില്ലെന്നൊരു പരാമര്‍ശം സർക്കാരിന്റെ തുടർ നടപടിക്ക് തടസ്സമായി. കോടതിയുടെ മുമ്പാകെ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. കോടതിയുടെ പരിഗണയില്‍പ്പെടാത്ത കാര്യമാണെന്നും ഇത് നീക്കം ചെയ്യണമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.

Tags:    

Similar News