ഐടി മേഖല തകര്‍ച്ചയില്‍; 4,500 കോടി രൂപയുടെ വരുമാന നഷ്ടമെന്ന് സര്‍ക്കാര്‍

ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതും ആകെ തറവിസ്തൃതി 25,000 ചതുരശ്ര അടി ഉള്ളതുമായ എല്ലാ കെട്ടിടങ്ങളുടെയും 10,000 ചതുരശ്ര അടി വരെയുള്ള ഭാഗത്തിന് മൂന്നുമാസത്തേക്ക് വാടക ഇളവ് നല്‍കും. 2020-21 വര്‍ഷത്തില്‍ ഏതു മൂന്നുമാസം വേണമെങ്കിലും കമ്പനിക്ക് ഈ ആനുകൂല്യത്തിനു വേണ്ടി തിരഞ്ഞെടുക്കാം.

Update: 2020-06-11 16:07 GMT

തിരുവനന്തപുരം: കൊവിഡ് 19 ഐടി മേഖലയെ വല്ലാതെ ഉലച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നുപാദങ്ങളിലായി ഉദ്ദേശം 4,500 കോടി രൂപയുടെ വരുമാന നഷ്ടമാണ് കണക്കാക്കുന്നത്. 26,000ലധികം നേരിട്ടുള്ള തൊഴിലും 80,000 ഓളം പരോക്ഷ തൊഴിലും നഷ്ടപ്പെടാന്‍ ഇടയുണ്ടെന്ന് ആസൂത്രണ വിഭാഗം കണക്കാക്കിയിട്ടുണ്ട്. സോഫ്ട്‌വെയര്‍ കയറ്റുമതിയെ കൂടുതല്‍ ആശ്രയിക്കുന്ന സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ പലതും വലിയ പ്രതിസന്ധിയിലുമാണ്. ഈ സാഹചര്യത്തില്‍ ഐടി വ്യവസായത്തെ രക്ഷിക്കാന്‍ പുതിയ ലോക സാഹചര്യത്തിനൊത്ത് നീങ്ങേണ്ടതുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ ഈ മേഖലയെ സംരക്ഷിക്കാന്‍ ആകാവുന്ന എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചു.

പാവപ്പെട്ടവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഗുണമേന്‍മയുള്ള ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനുള്ള കെ-ഫോണ്‍ പദ്ധതി ഐടി മേഖലയില്‍ തുടങ്ങാനുള്ള കേരളത്തിന്റെ പ്രധാന ഇടപെടല്‍ ഇതിന്റെ ഭാഗമായുള്ളതാണ്. ഈ പദ്ധതി 2020 ഡിസംബറില്‍ പൂര്‍ത്തിയാവുകയാണ്. മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു പദ്ധതിയില്ല. സംരംഭങ്ങളെ തകര്‍ച്ചയില്‍നിന്ന് കരകയറ്റുന്നതോടൊപ്പം ജീവനക്കാരുടെ തൊഴില്‍സുരക്ഷ കൂടി നോക്കേണ്ടതുണ്ട്. തൊഴില്‍ നഷ്ടമാവുന്ന സാഹചര്യമൊഴിവാക്കിയേ പറ്റൂ. എന്നാല്‍, കമ്പനികള്‍ക്ക് അധിക ഭാരമുണ്ടാവാനും പാടില്ല. ഇതനുസരിച്ച് ചില നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുകയാണ്.

ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതും ആകെ തറവിസ്തൃതി 25,000 ചതുരശ്ര അടി ഉള്ളതുമായ എല്ലാ കെട്ടിടങ്ങളുടെയും 10,000 ചതുരശ്ര അടി വരെയുള്ള ഭാഗത്തിന് മൂന്നുമാസത്തേക്ക് വാടക ഇളവ് നല്‍കും. 2020-21 വര്‍ഷത്തില്‍ ഏതു മൂന്നുമാസം വേണമെങ്കിലും കമ്പനിക്ക് ഈ ആനുകൂല്യത്തിനു വേണ്ടി തിരഞ്ഞെടുക്കാം. വാടകയിലെ വാര്‍ഷികവര്‍ധന ഒഴിവാക്കുന്നത് പരിഗണിക്കും. ഇതില്‍ തീരുമാനമെടുത്താല്‍ 2021-22 വര്‍ഷത്തെ വാടക നിരക്കില്‍ വര്‍ധന ഉണ്ടാകില്ല. സര്‍ക്കാരിനുവേണ്ടി ചെയ്ത ഐടി പ്രൊജക്ടുകളില്‍ പണം കിട്ടാനുണ്ടെങ്കില്‍ അവ പരിശോധിച്ച് ഉടനെ അനുവദിക്കുന്നതിന് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. പ്രവര്‍ത്തന മൂലധനമില്ലാതെ വിഷമിക്കുന്ന ധാരാളം കമ്പനികളുണ്ട്. അവര്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കുന്നതിന് ബാങ്കുകളുമായി ചര്‍ച്ച ചെയ്യും.

സംസ്ഥാന ഐടി പാര്‍ക്കുകളിലെ 88 ശതമാനം കമ്പനികളും എംഎസ്എംഇ രജിസ്‌ട്രേഷന്‍ ഉള്ളവയാണ്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതുപോലെ അവര്‍ക്ക് നിലവിലുള്ള വായ്പയുടെ 20 ശതമാനം കൂടി ഈടില്ലാതെ ലഭിക്കും. പലിശനിരക്ക് നിലവിലുള്ളതു തന്നെയായിരിക്കും. ഇതിന്റെ അനൂകൂല്യം പരമാവധി ലഭിക്കുന്നതിന് ബാങ്കുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആവശ്യമായ ഐടി അധിഷ്ഠിത സേവനങ്ങളില്‍ കേരളത്തിലെ ഐടി കമ്പനികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനുള്ള നിര്‍ദേശത്തില്‍ നയരേഖ പരിശോധിച്ച് തീരുമാനമെടുക്കും. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഈ വിധത്തില്‍ പിന്തുണ ലഭ്യമാക്കുമ്പോള്‍ ഐടി കമ്പനികള്‍ സഹകരിക്കേണ്ട ചില പ്രശ്‌നങ്ങളുണ്ട്. അത് പ്രധാനമായും തൊഴിലാളികളുടെ ജോലിസുരക്ഷ സംബന്ധിച്ചാണ്. ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുസരിച്ച് ജീവനക്കാര്‍ മടങ്ങിയെത്തുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ കൊവിഡ് നിബന്ധനകളും പാലിക്കണം.

പരമാവധി പേരെ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തുടരാന്‍ അനുവദിക്കണം. വീട്ടിലിരുന്ന് ജോലിചെയ്യാന്‍ ബുദ്ധിമുട്ടുന്ന ജീവനക്കാരുണ്ട്. നെറ്റ് കണക്ഷന്‍ തകരാറിലായാലും കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കാതായാലും വൈദ്യുതി നിലച്ചാലും സ്വയം പരിഹരിക്കേണ്ട സ്ഥിതിയുണ്ട്. ഇതുണ്ടാക്കുന്ന അനിശ്ചിതത്വം ജീവനക്കാരുടെയും കമ്പനിയുടെയും ഉല്‍പാദനക്ഷമതയെ ബാധിക്കും. ഈ പ്രശ്‌നത്തിന് പരിഹാരമായി ഐടി കമ്പനികളുമായി ചേര്‍ന്ന് 'വര്‍ക്ക് നിയര്‍ ഹോം' യൂനിറ്റുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാണ്. നിലവിലുള്ള ജീവനക്കാരുടെ പ്രവര്‍ത്തന നൈപുണ്യം മതിയാകാതെ വരികയാണെങ്കില്‍, അത്തരം ജീവനക്കാരെ ഒരു വര്‍ക്ക് ഷെയറിങ് ബഞ്ചിലേക്ക് മാറ്റുകയും അവരുടെ വിവരങ്ങള്‍ സംസ്ഥാന ഐടി വകുപ്പ് നിര്‍ദേശിക്കുന്ന നോഡല്‍ ഓഫീസര്‍ക്ക് ലഭ്യമാക്കുകയും വേണം. ഇങ്ങനെ വര്‍ക്ക് ഷെയറിങ് ബഞ്ചിലേക്ക് മാറുന്നവര്‍ക്ക് സര്‍ക്കാര്‍ നടത്തുന്ന നൈപുണ്യവികസന പരിശീലനങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണം.

ഉചിതമായ ശേഷി ആര്‍ജിക്കുന്ന മുറയ്ക്ക് അവരെ പുതിയ പ്രൊജക്ടുകളില്‍ ഉള്‍പ്പെടുത്തണം. വര്‍ക്ക് ഷെയറിങ് ബഞ്ചിലുള്ളവരുടെ സേവനം മറ്റ് കമ്പനികള്‍ക്കോ സര്‍ക്കാര്‍ വകുപ്പുകള്‍ക്കോ ഉപയോഗിക്കാന്‍ അനുമതി നല്‍കണം. അത്തരം പ്രവൃര്‍ത്തികള്‍ക്ക് ലഭിക്കുന്ന പ്രതിഫലം ഈ ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് വിനിയോഗിക്കുന്നതിന് പരിഗണിക്കണം. വര്‍ക്ക് ഷെയറിങ് ബഞ്ചിലേക്ക് മാറ്റപ്പെടുന്ന ജീവനക്കാരെ മുഴുവന്‍ പുതിയ പ്രൊജക്ടുകളില്‍ നിയമിച്ച ശേഷമേ പുറമെ നിന്ന് ആളുകളെ എടുക്കാവൂ എന്ന നിര്‍ദേശം കൂടി സര്‍ക്കാര്‍ മുന്നോട്ടുവെക്കുകയാണ്. കൊവിഡ് 19 പ്രതിരോധത്തിലൂടെ കേരളത്തിന് ലഭിച്ച ലോകശ്രദ്ധ ഐടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് സഹായകമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുകയുണ്ടായി.

ഏതുമേഖലയിലായാലും കൊവിഡിനു ശേഷം കേരളത്തിന് പുതിയ അവസരങ്ങള്‍ കൈവരും. സാങ്കേതികവിദ്യ അടിസ്ഥാനമായുള്ള വ്യവസായങ്ങള്‍ക്കാണ് ഇനി വലിയ സാധ്യതയുള്ളത്. എല്ലാ പുതിയ വ്യവസായങ്ങള്‍ക്കും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ പുറന്തോട് ആവശ്യമായി വരുമെന്നത് ഈ മേഖലയില്‍ ഒരുപാട് അവസരങ്ങള്‍ സൃഷ്ടിക്കും. ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ഐടി, മാനുഫാക്ചറിങ് തുടങ്ങിയ മേഖലകളിലാണ് കേരളത്തിന് വലിയ സാധ്യതകളുള്ളതായി വ്യവസായികളും ഈ രംഗത്തെ വിദഗ്ധരും കാണുന്നത്. ഇത് പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികള്‍ കേരളം ഇപ്പോള്‍ തന്നെ തുടങ്ങികഴിഞ്ഞു.

സിഐഐ, ഫിക്കി മുതലായ വ്യവസായസംഘടനകളുമായി നേരത്തെ തന്നെ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് വിദേശ കമ്പനികളുടെയും വ്യവസായ സംഘടനകളുടെയും പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളത്തിലെ കുട്ടികള്‍ക്ക് ഇവിടെ തന്നെ ഉന്നതനിലവാരമുള്ള വിദ്യാഭ്യാസത്തിന് അവസരമുണ്ടാവണം. അതേപോലെ തന്നെ വിദേശത്തുള്ളവരെ ഇങ്ങോട്ട് ആകര്‍ഷിക്കാനും കഴിയണം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഉന്നതവിദ്യാഭ്യാസരംഗം പുനസ്സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ വ്യവസായ അംബാസഡര്‍മാരായി മാറണമെന്ന് ഐടി മേഖലയിലെ പ്രമുഖരോട് കഴിഞ്ഞദിവസം നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. 

Tags:    

Similar News