കടല്‍ക്കൊലക്കേസ്: ബോട്ടിലുണ്ടായിരുന്ന മകന് നഷ്ടപരിഹാരം വേണമെന്ന് ; മാതാവ് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി
രണ്ടു മല്‍സ്യ തൊഴിലാളികള്‍ മരിച്ച ബോട്ടിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ പ്രജിത്ത് എന്ന യുവാവിന്റെ മാതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവം നേരില്‍ കണ്ട ആഘാതത്തില്‍ മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്ന മകന്‍ 2019ല്‍ ആത്മഹത്യ ചെയ്തു
കൊച്ചി: ഇറ്റാലിയന്‍ കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന മകന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു മാതാവ് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി. രണ്ടു മല്‍സ്യ തൊഴിലാളികള്‍ മരിച്ച ബോട്ടിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ പ്രജിത്ത് എന്ന യുവാവിന്റെ മാതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവം നേരില്‍ കണ്ട ആഘാതത്തില്‍ മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്ന മകന്‍ 2019ല്‍ ആത്മഹത്യ ചെയ്തു. മകന്‍ സംഭവസമയത്ത് ബോട്ടിലുണ്ടായിരുന്നുവെന്ന കാര്യം കോടതിയിലോ മറ്റു അധികാരികള്‍ മുമ്പാകെയോ അറിയിച്ചില്ലെന്നു ഹരജിയില്‍ പറയുന്നു.
തന്റെ മകന് മാനസികമായുണ്ടായ ആഘാത്തത്തിനു ഒരു കൗണ്‍സിലിങ് പോലും നല്‍കുന്നതിനു ബോട്ടുടമ സംവിധാനം ചെയ്തില്ലെന്നും ഹരജിക്കാരി വ്യക്തമാക്കി. ഇറ്റാലിയന്‍ സര്‍ക്കാരിനു നഷ്ടപരിഹാരം നല്‍കുന്നതിനു അയച്ചുകൊടുത്തയാളുകളുടെ പട്ടികയില്‍ തന്റെ മകനെ ഉള്‍പ്പെടുത്തിയില്ലെന്നും ഹരജിക്കാരി കോടതിയില്‍ ബോധിപ്പിച്ചു. സംഭവത്തില്‍ പരിക്കുപറ്റിയ ബോട്ടില്‍ സഞ്ചരിച്ചിരുന്ന മല്‍സ്യ തൊഴിലാളികളില്‍ 10 പേര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.
തന്റെ മകന്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ നഷ്ടപരിഹാരത്തിനു അര്‍ഹതയുണ്ടെന്നും ഇത് നല്‍കുന്നതിനു ഉത്തരവിടണമന്നും ഹരജിക്കാരി കോടതിയില്‍ അറിയിച്ചു.2012 ഫെബ്രുവരി 15 നു സെന്റ് ആന്റണീസ് എന്ന ബോട്ടിലെ ജീവനക്കാരാണ് ഇറ്റാലിയന്‍ കപ്പലായ എന്‍ട്രിക്ക ലെക്‌സിയിലെ നാവികരുടെ വെടിയേറ്റ് മരിച്ചത്. കപ്പലിലെ സുരക്ഷാ ജോലി ചെയ്തിരുന്ന ഇറ്റാലിയന്‍ നാവിക സേനാംഗങ്ങളായ സാല്‍വത്തോറ ജിറോണിന്‍, മസിമിലാനോ ലത്തോറ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. കൊല്ലം സ്വദേശി വാലന്റൈന്‍ ജലസ്റ്റിന്‍, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരാണ് കൊല്ലപ്പെട്ടത്.