ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ ചായക്കൂട്ടുകള്‍കൊണ്ട് വര്‍ണവിസ്മയങ്ങള്‍ തീര്‍ത്ത് വ്യത്യസ്തനാവുകയാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍

13 വര്‍ഷം മുമ്പ് വരെ ചെറിയ തോതില്‍ പെന്‍സില്‍ ഡ്രോയിങ് ചെയ്തിരുന്നെങ്കിലും വാള്‍ പെയിന്റിങ്ങില്‍ ആദ്യമായാണ് പരീക്ഷണം നടത്തുന്നത്.

Update: 2020-05-13 08:05 GMT

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: ചായക്കൂട്ടുകൊണ്ട് വീട്ടില്‍ വര്‍ണവിസ്മയമൊരുക്കി മാധ്യമപ്രവര്‍ത്തകന്‍. മണ്ണാര്‍മല സ്വദേശിയായ ഉണ്ണികൃഷ്ണനാണ് വീടിന്റെ ചുമരുകളില്‍ പല വര്‍ണങ്ങള്‍ ചാലിച്ച് പ്രകൃതിയുടെ ചിത്രങ്ങളൊരുക്കുന്നത്. ലോക്ക് ഡൗണ്‍ ദിനങ്ങളിലെ വിരസത മാറ്റി കൂടുതല്‍ ആനന്ദകരമാക്കാമെന്ന ചിന്തയാണ് ഉണ്ണിയെ വര്‍ണക്കൂട്ടുകളിലേയ്‌ക്കെത്തിച്ചത്.

പിന്നെ ഒന്നും ചിന്തിച്ചില്ല. ചിത്രങ്ങള്‍ കോറിയിടാന്‍ തന്റെയും ജ്യേഷ്ഠന്‍ സുരേന്ദ്രന്റെയും വീട്ടുചുമരുകള്‍തന്നെ തിരഞ്ഞെടുത്തു. ദിവസങ്ങള്‍ക്കിപ്പുറം ഉണ്ണിയുടെ കരവിരുതില്‍ വീട്ടുചുമരുകള്‍ മനോഹരമാണ്. 13 വര്‍ഷം മുമ്പ് വരെ ചെറിയ തോതില്‍ പെന്‍സില്‍ ഡ്രോയിങ് ചെയ്തിരുന്നെങ്കിലും വാള്‍ പെയിന്റിങ്ങില്‍ ആദ്യമായാണ് പരീക്ഷണം നടത്തുന്നത്.


 സമയത്തിന്റെ പരിമിതികള്‍ കാരണം അന്ന് ചിത്രംവര ഉപേക്ഷിക്കുകയായിരുന്നു. ഫാബ്രിക് പെയിന്റ് ഉപയോഗിച്ചാണ് വരയ്ക്കുന്നത്. ജോലിസമയം കഴിഞ്ഞുള്ള ഒഴിവുസമയത്താണ് പൂക്കളും മരങ്ങളും പുഴയും മയിലുമൊക്കെയായി പ്രകൃതിയുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങള്‍ കോറിയിടുന്നത്.

ചിത്രംവര പഠിച്ചിട്ടില്ലാത്ത ഉണ്ണി വര്‍ഷങ്ങള്‍ക്ക് മുമ്പ് പെന്‍സില്‍, പേന എന്നിവ കൊണ്ട് ചിത്രങ്ങള്‍ വരച്ചതാണ് ചിത്രകലയോടുള്ള കമ്പം. കാലങ്ങള്‍ക്കപ്പുറത്ത് ജീവിതവഴിയില്‍ ഉപേക്ഷിച്ചുകളഞ്ഞ വര്‍ണക്കൂട്ടുകളാണ് ഈ കൊവിഡ് കാലത്ത് അദ്ദേഹം പുന:സൃഷ്ടിച്ചത്. മാധ്യമപ്രവര്‍ത്തനത്തിനൊപ്പം ചിത്രകലയും കൂടെ കൊണ്ടുപോവാനുള്ള തയ്യാറെടുപ്പിലാണ് ഉണ്ണി. 

Tags:    

Similar News