മരടിലെ അനധികൃത ഫ്ളാറ്റ് നിര്‍മാണം: ഉത്തരവാദികളെ കണ്ടെത്താന്‍ ഏകാംഗ കമ്മീഷന്‍ രൂപവത്കരിച്ചു

അന്വേഷണത്തിന് രണ്ട് മാസത്തെ സമയം ആണ് സുപ്രിംകോടതി അനുവദിച്ചിരിക്കുന്നത്. വേനലവധി കഴിഞ്ഞാലുടന്‍ അന്വേഷണ റിപോര്‍ട്ട് പരിഗണിക്കും.

Update: 2022-05-02 15:33 GMT

ന്യൂഡല്‍ഹി: പൊളിച്ച മരടിലെ ഫ്‌ളാറ്റുകളുടെ നിര്‍മാണത്തിന് ഉത്തരവാദികള്‍ ആയവരെ കണ്ടെത്താന്‍ ഏകാംഗ കമ്മീഷന്‍ രൂപവത്കരിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണോ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണോ, ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കാണോ അനധികൃത നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്വം എന്ന് അന്വേഷണത്തിലൂടെ കണ്ടെത്താനാണ് കമ്മീഷന്‍ രൂപവത്കരിച്ചത്. ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനെയാണ് സുപ്രിംകോടതി അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.

അന്വേഷണത്തിന് രണ്ട് മാസത്തെ സമയം ആണ് സുപ്രിംകോടതി അനുവദിച്ചിരിക്കുന്നത്. വേനലവധി കഴിഞ്ഞാലുടന്‍ അന്വേഷണ റിപോര്‍ട്ട് പരിഗണിക്കും. അന്വേഷണത്തിന് വേണ്ട എല്ലാ സഹകരണങ്ങളും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ്മാരായ എല്‍ നാഗേശ്വര്‍ റാവു, ബി ആര്‍ ഗവായ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിര്‍മ്മാണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ കമ്മീഷനെ നിയോ​ഗിച്ചത്.

തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച എച്ച്2ഒ ഹോളിഫെയ്ത്ത്, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്‌സ് എന്നീ ഫ്‌ളാറ്റുകളാണ് പൊളിച്ചത്. നഷ്ടപരിഹാരമായി നല്‍കിയ 62 കോടിയോളം രൂപ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളില്‍നിന്ന് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. അതേസമയം നിര്‍മ്മാണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ അന്വേഷണം ആവശ്യമാണെന്നായിരുന്നു ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടത്.  

Similar News